സഹകരണ ഫണ്ടിങ്ങിലൂടെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നു ‘യുവകുടുംബശ്രീ’
ഭക്ഷ്യോല്‍പന്ന-സംസ്‌കരണ മേഖലയില്‍ തുടങ്ങുന്ന പുതിയ സംരംഭങ്ങളെ സര്‍ക്കാര്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ അത് അവസരമാക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. യുവതികള്‍ക്കായി പ്രത്യേക കൂട്ടായ്മ (സഹായക യൂണിറ്റുകള്‍) ഉണ്ടാക്കാനാണ് കുടുംബശ്രീ ആലോചിക്കുന്നത്. പുതിയ ആശയങ്ങളും യുവത്വത്തിന്റെ കരുത്തും സംരംഭങ്ങള്‍ക്ക് വിജയസാധ്യത കൂട്ടുമെന്നാണ് കണക്കാക്കുന്നത്.
ഭക്ഷ്യ സംസ്‌കരണം അടക്കമുള്ള പുതിയ സംരംഭങ്ങള്‍ക്ക് സഹകരണ സംഘങ്ങളിലൂടെ വായ്പ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നബാര്‍ഡില്‍നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ കേരളബാങ്കിന് റീഫിനാന്‍സ് വായ്പ സര്‍ക്കാര്‍ ലഭ്യമാക്കും. കേരളബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകളിലൂടെയാകും ഇത് സംരംഭകര്‍ക്കായി നല്‍കുക. ഈ വായ്പ പരാമവധി ഉപയോഗപ്പെടുത്താനാണ് കുടുംബശ്രീ ആലോചിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ നല്‍കുന്നതിന് സഹകരണ ബാങ്കുകള്‍ക്കും താല്‍പര്യമാണ്. വായ്പകള്‍ കുടിശ്ശികയാകുന്ന കുറവാണ് എന്നതാണ് ഇതിന് കാരണം.
സംസ്ഥാനത്തെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാന്‍ രണ്ട് പതിറ്റാണ്ട് മുന്‍പ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വിപ്ലവകരമായ ചവുടുവയ്പായിരുന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് കുടുംബശ്രീയിലൂടെ സ്വയം തൊഴില്‍ സംരംഭകരായത്. എന്നാല്‍ ആകെയുള്ള അംഗങ്ങളുടെ എണ്ണമെടുത്തല്‍ അതില്‍ കൂടുതലും പ്രായമാവരാണ്. പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ യുവതികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള ആലോചനയുടെ ഭാഗമായാണ് 10,000 സഹായക യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്.
18 മുതല്‍ 45 വയസ്സുവരെ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി 20,000 സഹായക യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. അടിസ്ഥാന യൂണിറ്റായ അയല്‍ക്കൂട്ടത്തില്‍ നിലവില്‍ ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമേ അംഗത്വം നല്‍കുകയുള്ളൂ. അതായത് അമ്മ കുടുംബശ്രീ അംഗമാണെങ്കില്‍ മകള്‍ക്കോ മരുമകള്‍ക്കോ അംഗത്വമെടുക്കാന്‍ സാധിക്കില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും ഇത് തടസ്സമാണ്.
ഒരുകുടുംബത്തില്‍ നിന്നും ഒന്നിലധികം പേരെ അംഗമാക്കണമെങ്കില്‍ കുടുംബശ്രീ നിയമാവലി ഭേദഗതി ചെയ്യേണ്ടി വരും. ലഘു സമ്പാദ്യ പദ്ധതി, സബ്സിഡി നിരക്കിലുള്ള വായ്പ എന്നിവ വിതരണം ചെയ്യുന്നതിലും തുല്യത പാലിക്കാന്‍ സാധിക്കില്ല. സഹായക യൂണിറ്റുകള്‍ രൂപീകരിക്കുമ്പോഴും ഈ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഒരു കുടുംബത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് ആനുകൂല്യം നല്‍കുന്നത് പരാതികള്‍ക്കും ഇടയാക്കാം. ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചന.