സഹകരണ പെന്‍ഷന്‍ പരിഷ്‌കരണം പഠിക്കാന്‍ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
സംസ്ഥാനത്തെ സഹകരണപെന്‍ഷന്‍കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പുനക്രമീകരിച്ച് പരിഷ്‌കരിക്കുന്നതിന് സമിതിയെ നിയോഗിച്ചു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എം.രാജേന്ദ്രന്‍ നായര്‍ അധ്യക്ഷനും സഹകരണ ജീവനക്കരുടെ പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി എസ്. അഞ്ജന കണ്‍വീനറുമായി അഞ്ചംഗ സമിതിയെയാണ് പഠനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍, റിട്ടേയര്‍ഡ് അഡീഷ്ണല്‍ രജിസ്ട്രാര്‍ കെ.വി.പ്രശോഭന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്‍. ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള കമ്മറ്റിയാണ് രൂപീകരിച്ചത്. കമ്മറ്റി മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സഹകരണ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നുള്ള സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
സര്‍ക്കാരിന്റെ സാമ്പത്തിക പങ്കാളിത്തമില്ലാത്ത പൂര്‍ണമായ സ്വാശ്രയ പെന്‍ഷന്‍ പദ്ധതിയാണ് സഹകരണ പെന്‍ഷന്‍. സഹകരണ സംഘം രിജ്‌സ്ട്രാര്‍ക്ക് കീഴിലുള്ള പ്രൈമറി, റീജിയണല്‍, അപ്പക്‌സ് സഹകരണ സ്ഥാപനങ്ങള്‍, സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ എന്നിവയിലെ ജീവനക്കാര്‍ അതില്‍ അംഗങ്ങളാണ്. മറ്റ് വകുപ്പുകള്‍ക്ക് കീഴിലുള്ള കയര്‍ സംഘങ്ങള്‍, മത്സ്യസഹകരണ സംഘങ്ങള്‍, കേരഫെഡ് എന്നിവയിലെ ജീവനക്കാരും ഈ പെന്‍ഷന്‍ സ്‌കീമില്‍ അംഗങ്ങളാണ്. പെന്‍ഷന്‍ ബോര്‍ഡിന് കീഴില്‍ വ്യത്യസ്ത പദ്ധതികളിലാണ് ഈ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്.
നിലവിലെ പെന്‍ഷന്‍ രീതി ഏറെ നാള്‍ തുടരാനാകാത്ത സ്ഥിതിയിലാണ് ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി. 950 കോടിയോളം രൂപ ബോര്‍ഡിന് ഇപ്പോള്‍ അധിക ബാധ്യതയായി കഴിഞ്ഞു. ജീവനക്കാര്‍ അടക്കുന്ന വിഹിതം ഉപയോഗിച്ചാണ് നിലവിലെ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ വ്യത്യസ്ത രീതിയിലായതിനാല്‍ ഇതേക്കുറിച്ചെല്ലാം പഠിച്ച ശേഷം പരിഷ്‌കരണം നിര്‍ദ്ദേശിക്കാനാണ് സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെടുന്നത്. ജീവനക്കാരുടെ പേര്‍ക്ക് മാനേജ്‌മെന്റ് അടക്കുന്ന പെന്‍ഷന്‍ ഫണ്ട് വിഹിതവും അത് നിക്ഷേപിച്ചുകിട്ടുന്ന പലിശയും മാത്രമാണ് പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള ബോര്‍ഡിന്റെ ഏക വരുമാനമാര്‍ഗം.