സഹകരണ നിയമം പഠിക്കാന്‍ ഇനി സഹകരണ വകുപ്പിന്റെ തന്നെ പുസ്തകം

moonamvazhi

സഹകരണ നിയമങ്ങളുടെ ഭേദഗതികളും ഉള്‍പ്പെടുത്തി സഹകരണ വകുപ്പ് നിയമപുസ്തകം പുറത്തിറക്കി. നിരവധി കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിയമത്തിലെ വ്യവസ്ഥകളും മാറ്റങ്ങളും ഉദ്ധരിക്കേണ്ടി വരാറുണ്ട്. ഇതിന് ഔദ്യോഗികമായി തയ്യാറാക്കിയ പുസ്തകമില്ലെന്ന പരാതി വകുപ്പില്‍നിന്നുതന്നെ ഉയര്‍ന്നപ്പോഴാണ് പുതിയ ഉദ്യമത്തിന് വഴിതുറന്നത്. സംസ്ഥാന സഹകരണ നിയമത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ നിയമഭേദഗതികളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം 1882 ല്‍ വടക്കന്‍ കേരളത്തില്‍ സഹകരണ ആശയം ഉള്‍ക്കൊണ്ട് സ്ഥാപനങ്ങള്‍ ആരംഭിച്ചിരുന്നതില്‍ നിന്ന് തുടങ്ങുന്നതാണ് . എന്നാല്‍ ഇതിനായി നിയമങ്ങള്‍ ഉണ്ടാകുന്നത് കാലങ്ങള്‍ കഴിഞ്ഞാണ്. 1913 ല്‍ കൊച്ചിയിലും, 1914 ല്‍ തിരുവിതാംകൂറിലും , മലബാറില്‍ 1932ലുമാണ് സഹകരണ നിയമങ്ങള്‍ നിലവില്‍വരുന്നത്. അതിനുശേഷം തിരുവിതാംകൂര്‍ കൊച്ചി ലയനത്തെ തുടര്‍ന്ന് 1952 ജൂണ്‍ മൂന്നിന് തിരുവിതാംകൂര്‍ കൊച്ചി സഹകരണ നിയമം പ്രാബല്ല്യത്തില്‍ വന്നു.

1956 ല്‍ ഐക്യകേരളം രൂപപ്പെട്ടതോടെ ഏകീകൃത സഹകരണ നിയമത്തിനായുള്ള നടപടികള്‍ തുടങ്ങി. നീണ്ട പതിനൊന്നു വര്‍ഷക്കാലത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ 1967 ല്‍ നിയമസഭ ഏകീകൃത സഹകരണ നിയമം പാസാക്കുകയുണ്ടായി. 1969 മേയ് 15 നാണ് നിയമം പ്രാബല്ല്യത്തില്‍ വരുന്നത്. ഇതുവരെ 23 ഭേഗതികള്‍ നിയമത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് ഒരു പസ്തകമായി സഹകരണ വകുപ്പ് പുറത്തിറക്കിയിരുന്നില്ല. മറ്റ് പ്രസിദ്ധീകരണസ്ഥാപനങ്ങള്‍ പുറത്തിറക്കിയിരുന്ന സഹകരണനിയമ പുസ്തകമാണ് വിപണിയില്‍ ലഭ്യമായിരുന്നത്.

സഹകരണ വകുപ്പിന്റെ തന്നെ ചരിത്രത്തിലെ ഒരു നാഴിക്കല്ലാണ് ഈ ഗ്രന്ഥമെന്നാണ് സഹകരണ മന്ത്രിയുടെ പ്രതികരണം. മറ്റൊരു വകുപ്പും ഇത്തരത്തില്‍ ഒരു ഗ്രന്ഥം പുറത്തിറക്കിയിട്ടില്ലെന്നതാണ് ഈ അഭിപ്രായത്തിന് കാരണം. മന്ത്രിയില്‍നിന്ന് നിയമവകുപ്പ് സെക്രട്ടറി സെക്രട്ടറി ഹരി വി നായര്‍ പുസ്തകം ഏറ്റുവാങ്ങിയാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News