സഹകരണ ഡാറ്റാ ബേസില്‍ 7.91 ലക്ഷം സംഘങ്ങള്‍, 29 കോടി അംഗങ്ങള്‍

moonamvazhi

രാജ്യത്തെ സഹകരണസംഘങ്ങളെക്കുറിച്ചു മൂന്നു ഘട്ടങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിച്ചു കേന്ദ്ര സഹകരണമന്ത്രാലയം തയാറാക്കുന്ന സഹകരണ ഡാറ്റാ ബേസ് അവസാനഘട്ടത്തിലാണെന്നു സഹകരണമന്ത്രി അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. 2023 നവംബര്‍ 24 വരെയുള്ള വിവരങ്ങളനുസരിച്ചു രാജ്യത്തെ സഹകരണസംഘങ്ങളുടെ എണ്ണം 7,91,547 ആണ്. ഇതിലെല്ലാംകൂടി 29,07,60,537 അംഗങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ സംഘങ്ങളുള്ളതു മഹാരാഷ്ട്രയിലാണ്. ഏറ്റവും കുറവ് ലക്ഷദ്വീപിലും.

മഹാരാഷ്ട്രയില്‍ ഇതുവരെയുള്ള കണക്കനുസരിച്ചു 2,22,158 സഹകരണസംഘങ്ങളാണുള്ളത്. ഇതിലെല്ലാംകൂടി 5.8 കോടി അംഗങ്ങളുണ്ട്. രണ്ടാംസ്ഥാനത്തു ഗുജറാത്താണ്. 80,992 സംഘങ്ങളാണിവിടെയുള്ളത്. ഇവയില്‍ 1.68 കോടി അംഗങ്ങളുണ്ട്. മൂന്നാംസ്ഥാനത്തുള്ള തെലങ്കാനയില്‍ 60,122 സംഘങ്ങളും 1.42 കോടി അംഗങ്ങളുമാണുള്ളത്. ഏറ്റവും കുറവുള്ള ലക്ഷദ്വീപില്‍ 35 സംഘങ്ങളേയുള്ളു. അവയില്‍ 84,393 അംഗങ്ങളുണ്ട്.

മൂന്നു ഘട്ടങ്ങളിലായുള്ള വിവരശേഖരണത്തിന്റെ ആദ്യഘട്ടം 2023 ഫെബ്രുവരിയില്‍ പൂര്‍ത്തിയായി. 2.64 ലക്ഷം പ്രാഥമിക സഹകരണസംഘങ്ങളാണിതിലുണ്ടായിരുന്നത്. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍, ക്ഷീരോല്‍പ്പാദന സഹകരണസംഘങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ എന്നിവയാണിതില്‍പ്പെടുന്നത്. രണ്ടാംഘട്ടത്തില്‍ ദേശീയ സഹകരണസംഘങ്ങളുടെയും ഫെഡറേഷനുകളുടെയും വിവരശേഖരണമാണു നടന്നത്. സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍, സഹകരണ പഞ്ചസാരമില്ലുകള്‍, സംസ്ഥാന ഫെഡറേഷനുകള്‍, ജില്ലാ യൂണിയനുകള്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നേരിട്ട് സംഘങ്ങളില്‍നിന്നും ദേശീയ-സംസ്ഥാന ഫെഡറേഷനുകളില്‍നിന്നും ശേഖരിച്ചു. മൂന്നാംഘട്ടം 2023 മേയിലാണു തുടങ്ങിയത്. മറ്റു വിഭാഗങ്ങളിലുള്ള അഞ്ചു ലക്ഷത്തിലധികം സഹകരണസംഘങ്ങളില്‍നിന്നാണു വിവരം ശേഖരിക്കുക. ദേശീയ സഹകരണ ഡാറ്റാ ബേസിനു കീഴിലുള്ള വിവരശേഖരണം കേരളവും മണിപ്പൂരുമൊഴികെയുള്ള സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് – മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.