സഹകരണ ജീവനക്കാര്‍ക്കും മെഡിസെപ് പരിഗണനയില്‍: സഹകരണ മന്ത്രി
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി സഹകരണ മേഖലയിലും നടപ്പാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ അറിയിച്ചു. അന്‍വര്‍ സാദത്തിന്റെ ചോദ്യത്തിനുളള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാറിന്റെ രണ്ടാം നൂറുദിന കര്‍മ്മ പദ്ധതി പ്രകാരം നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് സഹകരണ ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി. സഹകരണ വകുപ്പിനു കീഴിലുള്ള സഹകരണ സ്ഥാപനങ്ങള്‍, അപ്പെക്‌സ് സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ബോര്‍ഡ്, വെല്‍ഫെയര്‍ ബോര്‍ഡ് തുടങ്ങി ആരൊക്കെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമായി ഒരു പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിക്ക് രൂപം നല്‍കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുള്ള സാഹചര്യത്തില്‍, സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി നടപ്പില്‍ വരുത്തിയ മെഡിസെപ് പദ്ധതിയില്‍ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണ്- മന്ത്രി അറിയിച്ചു.
മെഡിസെപ് പദ്ധതി സഹകരണ വകുപ്പിനു കീഴിലുള്ള സഹകരണ സ്ഥാപനങ്ങള്‍, അപ്പെക്‌സ് സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ബോര്‍ഡ്, വെല്‍ഫെയര്‍ ബോര്‍ഡ്, ഫംഗ്ഷണല്‍ രജിസ്ട്രാര്‍ മാരുടെ കീഴിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നടപ്പിലാക്കാമോയെന്നും ഇത് എന്നത്തേക്ക് നടപ്പാക്കാന്‍ സാധിക്കുമെന്നുമായിരുന്നു അന്‍വര്‍ സാദത്തിന്റെ ചോദ്യം.