സഹകരണ ചട്ടത്തില്‍ പറയാത്ത തസ്തികകളിലും യോഗ്യത നിശ്ചയിച്ച് നിയമനം നടത്താന്‍ അനുമതി

moonamvazhi

സഹകരണ ചട്ടത്തില്‍ യോഗ്യത നിശ്ചയിക്കാത്ത തസ്തികകളില്‍ പ്രത്യേകമായി യോഗ്യത നിശ്ചയിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി. തലശ്ശേരി സഹകരണ റൂറല്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഹോസ്റ്റലിലെ തസ്തികകള്‍ക്കാണ് സഹകരണ വകുപ്പ് യോഗ്യത നിശ്ചയിച്ചു നല്‍കിയത്. എന്നാല്‍, ഇതേ തസ്തിക ആവശ്യമായി വരുന്ന മറ്റ് സംഘങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാധകമാകില്ല. തലശ്ശേരി റൂറല്‍ ബാങ്കിന്റെ അപേക്ഷയില്‍ രജിസ്ട്രാറുടെ ശുപാര്‍ശ അനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. അതിനാല്‍, ഈ ഉത്തരവ് തലശ്ശേരി റൂറല്‍ ബാങ്കിന് മാത്രമാണ് ബാധകമാകുക.

വുമണ്‍സ് ഹോസ്റ്റലിലെ മേട്രന്‍, അസിസ്റ്റന്റ് മേട്രന്‍, സ്വീപ്പര്‍ തസ്തികയിലേക്ക് യോഗ്യത നിശ്ചയിച്ച് നല്‍കണമെന്നായിരുന്നു തലശ്ശേരി റൂറല്‍ ബാങ്ക് ഭരണസമിതിയുടെ തീരുമാനം അനുസരിച്ച് രജിസ്ട്രാര്‍ക്ക് നല്‍കിയ അപേക്ഷ. 2022 ജനുവരി ഏഴിന് നല്‍കിയ അപേക്ഷ, അനുകൂല ശുപാര്‍ശയോടെ സഹകരണ സംഘം രജിസ്ട്രാര്‍ ജൂണ്‍ 25ന് സര്‍ക്കാരിലേക്ക് കൈമാറി. മേട്രണ്‍, അസിസ്റ്റന്റ് മേട്രണ്‍ തസ്തികകള്‍ സഹകരണ നിയമം ചട്ടം പ്രകാരമുള്ളതല്ലാത്തതിനാല്‍ ഇതിന്റെയും യോഗ്യതയും ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് രജിസ്ട്രാറുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹോസ്റ്റല്‍ മേട്രണ്‍, അസിസ്റ്റന്റ് മേട്രണ്‍ എന്നീ തസ്തികള്‍ക്ക് എസ്.എസ്.എല്‍.സി.യും സ്വീപ്പര്‍ തസ്തികയ്ക്ക് ഏഴാം ക്ലാസും വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാമെന്നായിരുന്നു രജിസ്ട്രാറുടെ ശുപാര്‍ശ. ഇത് അംഗീകരിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്. സഹകരണ ചട്ടത്തില്‍ തസ്തിയും അതിനുള്ള യോഗ്യതയും നിശ്ചയിക്കാത്തതിനാല്‍ വിവിധ സഹകരണ സംഘങ്ങളിലെ ഒട്ടേറെ നിയമനങ്ങള്‍ക്ക് തടസ്സം നേരിടുന്നുണ്ട്. പ്രത്യേകിച്ച് നീതി ലാബുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും സ്ഥിര നിയമനം അനുവദിക്കുന്നില്ലെന്ന് മൂന്നാംവഴി നേരത്തെ വാര്‍ത്തയായി നല്‍കിയിരുന്നു.

1200 ലധികം സ്ഥാപനങ്ങളിലാണ് ഇത്തരത്തില്‍ സ്ഥിര നിയമനം ഇല്ലാത്തത്. സഹകരണ നിയമത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ സ്ഥിര നിയമനത്തിന് വ്യവസ്ഥയില്ലെന്ന കാരണമാണ് അനുമതി നിഷേധിക്കുന്നതിനായി ചൂണ്ടിക്കാട്ടുന്നത്. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 111 നീതി ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. 1036 മെഡിക്കല്‍ സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 550 നീതി മെഡിക്കല്‍ സ്റ്റോര്‍ നേരിട്ട് സഹകരണ സംഘങ്ങള്‍ നേരിട്ട് നടത്തുന്നതാണ്. നീതി ലാബുകളില്‍ ലാബ് അസിസ്റ്റന്റ്, ടെക്നീഷ്യന്‍ എന്നീ തസ്തിക ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രസ്തുത തസ്തികയിലേക്ക് സ്ഥിരനിയമനം നടത്തുന്നതിന് വ്യവസ്ഥയില്ല. തലശ്ശേരി റൂറല്‍ ബാങ്കിന്റെ അപേക്ഷയിലെടുത്ത തീരുമാനം മറ്റ് സഹകരണ സംഘങ്ങളെ ബാധിക്കുന്ന ഇത്തരം പൊതുതസ്തികകളുടെ കാര്യത്തിലും ബാധകമാക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Latest News