സഹകരണ കാര്‍ഷിക- ഗ്രാമവികസന ബാങ്കുകള്‍ക്ക് ആദായനികുതിയിളവിന് അര്‍ഹതയുണ്ട്- സുപ്രീം കോടതി

moonamvazhi

കേരള സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കിനു ( KSCARDB ) 80 പി അനുസരിച്ചുള്ള ആദായനികുതിയിളവ് കിട്ടാന്‍ അര്‍ഹതയുണ്ടെന്നു സുപ്രീംകോടതി വിധിച്ചു. സഹകരണ കാര്‍ഷിക-ഗ്രാമവികസനബാങ്ക് യഥാര്‍ഥത്തില്‍ ബാങ്കല്ലാത്തതിനാല്‍ ആദായനികുതിയിളവിനു അര്‍ഹതയുണ്ടെന്നാണു ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടത്. കേരളത്തിലെ സഹകരണ കാര്‍ഷിക-ഗ്രാമവികസനബാങ്കുകള്‍ 2008 മുതലുള്ള ആദായനികുതി അടയ്ക്കണമെന്ന ആദായനികുതിവകുപ്പിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിട്ടുമുണ്ട്.

കേരള സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്ക് 1984 ലെ സംസ്ഥാനനിയമത്തിന്‍കീഴില്‍ വരുന്ന അപക്‌സ് സഹകരണ സംഘമാണെങ്കിലും 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 56 ല്‍ വരുന്ന സെക്ഷന്‍ 5 ( ബി ) യുടെ പരിധിയില്‍പ്പെടുന്ന സഹകരണബാങ്കല്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. ഇതേത്തുടര്‍ന്ന്, ആദായനികുതിയിളവു സംബന്ധിച്ചു നേരത്തേ കേരള ഹൈക്കോടതിയും മറ്റു ട്രിബ്യൂണലുകളും പുറപ്പെടുവിച്ച ഉത്തരവുകള്‍ സുപ്രീംകോടതി റദ്ദാക്കി. കേരള സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്ക് ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ പരിധിയില്‍പ്പെടുന്ന ബാങ്കല്ലാത്തതിനാല്‍ സെക്ഷന്‍ 80 പി അനുസരിച്ചുള്ള ആദായനികുതിയിളവിന് അര്‍ഹമാണെന്നു 2016 ല്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു.

സുപ്രീംകോടതിയുടെ വിധിയോടെ, വിവിധ സംസ്ഥാനങ്ങളില്‍ സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകളും ആദായനികുതിവകുപ്പും തമ്മില്‍ നടന്നുവരുന്ന നൂറുകണക്കിനു തര്‍ക്കങ്ങള്‍ക്കു പരിഹാരമാകും. രാജ്യത്താകെ 16 സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകളുണ്ടെങ്കിലും പതിമൂന്നെണ്ണമേ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുള്ളു. ഇവയ്‌ക്കെല്ലാംകൂടി 1744 ശാഖകളുണ്ട്. 1,10,84,964 പേര്‍ക്കാണ് ഈ സഹകരണ കാര്‍ഷികബാങ്കുകളില്‍ അംഗത്വമുള്ളത്.

ബാങ്കിങ് നിയന്ത്രണനിയമത്തിന്‍കീഴില്‍ വരുന്ന സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതിനിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട്് 80 പി അനുസരിച്ചുള്ള നികുതിയിളവ് നിഷേധിച്ചതു 2008 ലാണ്. അന്നുമുതല്‍ എല്ലാ സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകളില്‍നിന്നും അവയുടെ ആദായത്തിന്മേല്‍ നികുതി ഈടാക്കാന്‍ തുടങ്ങി. ട്രിബ്യൂണലുകളിലും ഹൈക്കോടതിയിലും നല്‍കിയ അപ്പീലുകള്‍ തള്ളിയതിനെത്തുടര്‍ന്നാണു കേരള സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്ക് സുപ്രീംകോടതിയെ സമീപിച്ചത്. പേരില്‍ ബാങ്ക് എന്നുള്ളതുകൊണ്ടുമാത്രം സഹകരണ കാര്‍ഷിക-ഗ്രാമവിസന ബാങ്കുകളെ ബാങ്കായി പരിഗണിക്കാനാവില്ലെന്നും കാര്‍ഷികവായ്പകള്‍ നല്‍കുന്ന വായ്പാസംഘങ്ങളാണു തങ്ങളുടേതെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം സുപ്രീംകോടതി അംഗീകരിക്കുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News