സഹകരണ എക്സ്പോ-2023: സ്വാഗത സംഘം ഓഫീസ് പ്രവർത്തനം തുടങ്ങി
സഹകരണ എക്സ്പോ-2023 സ്വാഗത സംഘം ഓഫീസ് സഹകരണ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായി.
എക്സ്പോ-2023 പ്രചരണ വാഹനം മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 22 മുതൽ 30 വരെ കൊച്ചി മറൈൻഡ്രൈവിലാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
സഹകരണ സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവും എക്‌സ്‌പോയിൽ നടക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസം എന്നിവയും വകുപ്പ് ഏറ്റെടുത്തു നടത്തിവരുന്ന വിവിധ ജനകീയ പദ്ധതികളും ഉൾപ്പെട്ട പ്രത്യേക പവിലിയൻ, ഇന്ത്യയിലെയും ഏഷ്യൻ രാജ്യങ്ങളിലെയും സഹകരണ മാതൃകകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ എന്നിവയുണ്ടാകും.
വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സഹകരണ മേഖലയിലെ കാലിക പ്രസക്തിയുള്ള സംഭവവികാസങ്ങളും പൊതുപ്രശ്നങ്ങളും ചർച്ച ചെയ്യുന്ന അക്കാദമിക് വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവർ പങ്കെടുക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ്, പൊതുജനങ്ങൾക്കായി ദിവസവും സാംസ്കാരിക പരിപാടികൾ, ഫുഡ് കോർട്ട്, പ്രോഡക്ട് ലോഞ്ചിംഗിനും പുസ്തക പ്രകാശനത്തിനും പ്രത്യേക വേദികൾ എന്നിവ എക്സ്പോയുടെ പ്രത്യേകതകളാണ്.