സഹകരണ എക്‌സ്‌പോയില്‍ മൂന്നു സഹകരണഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്യും
ഏപ്രില്‍ 22 മുതല്‍ 30 വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോ-2023 ല്‍ സഹകരണമേഖലയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. അഡ്വ. ജോസ് ഫിലിപ്പ് എഴുതിയ സഹകരണവൈവിധ്യം കേരളത്തില്‍, അപെക്‌സ് കോ-ഓപ്പറേറ്റീവ്‌സ് എന്നീ പുസ്തകങ്ങളും കെ. ഹരിയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളും സഹകരണവും എന്ന പുസ്തകവുമാണു പ്രകാശനം ചെയ്യുന്നത്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണു മൂന്നു പുസ്തകങ്ങളുടെയും പ്രസാധകര്‍.
കേരളത്തിലെ 48 തരം സഹകരണസ്ഥാപനങ്ങളുടെ ഘടനയും പ്രവര്‍ത്തനങ്ങളുമാണു സഹകരണവൈവിധ്യം കേരളത്തില്‍ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നത്. കേരളത്തിലെ അപക്‌സ് സഹകരണസംഘങ്ങളെക്കുറിച്ചുള്ള ലഘുപഠനമാണു അപക്‌സ് കോ-ഓപ്പറേറ്റീവ്‌സ് എന്ന പുസ്തകം. 2030-ാമാണ്ടോടെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നേടിയെടുക്കാനുദ്ദേശിക്കുന്ന പതിനേഴ് സുസ്ഥിരവികസനലക്ഷ്യങ്ങളെക്കുറിച്ചും അതിന്റെ സാക്ഷാത്കാരത്തില്‍ സഹകരണനേതൃത്വത്തിന്റെ പങ്കിനെക്കുറിച്ചുമുള്ള പഠനമാണു സുസ്ഥിര വികസനലക്ഷ്യങ്ങളും സഹകരണവും എന്ന പുസ്തകത്തിലുള്ളത്.