സഹകരണ അക്ഷരമ്യൂസിയം പദ്ധതിയുടെ ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരണം സര്‍ക്കാര്‍ റദ്ദാക്കി
സഹകരണ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം നിര്‍മ്മിക്കുന്ന അക്ഷര മ്യൂസിയം പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച ഉത്തരവ് സഹകരണ വകുപ്പ് റദ്ദാക്കി. വിവിധ വകുപ്പുകളില്‍നിന്ന് വിരമിച്ചവരെ സാങ്കേതിക സമിതിയില്‍ കൂടുതലായി ഉള്‍പ്പെടുത്തിയതാണ് റദ്ദാക്കാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍, ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് ഒരു വിശദീകരണവും നല്‍കിയിട്ടില്ല. സാങ്കേതിക സമിതിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കുന്നുവെന്ന് മാത്രമാണ് സഹകരണ ജോയിന്റ് സെക്രട്ടറി പി.കെ.ഗോപകുമാറിന്റെ ഉത്തരവിലുള്ളത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കോട്ടയത്ത് അക്ഷര-ഭാഷ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയം പണിയാന്‍ സഹകരണ വകുപ്പ് പദ്ധതി തയ്യാറാക്കിയത്. കോട്ടയം ജില്ലയിലെ നാട്ടകത്തുള്ള ഇന്ത്യാ പ്രസ് കോമ്പൗണ്ടില്‍ 25,000 ചതുരശ്ര അടിയിലുള്ള കെട്ടിടമാണ് ഇതിനായി നിര്‍മ്മിക്കുന്നത്. ഇതിന് കാലതാമസം വരാതിരിക്കാനും സാങ്കേതിക പരിശോധന ഉറപ്പാക്കാനും സഹകരണ സംഘം രജിസ്ട്രാറുടെ ശുപാര്‍ശ അനുസരിച്ചാണ് സഹകരണ വകുപ്പ് ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിട്ടുള്ളത്.
സപ്തംബര്‍ 17നാണ് ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്. സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ഈ സമിതി. കേരള മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍ പിള്ള, പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്ട് പി.എസ്.രാജീവ്, ടൂറിസം വകുപ്പ് പ്ലാനിങ് ഓഫീസര്‍ രാജീവ് കാരിയല്‍, ആര്‍ക്കിയോളജി വിഭാഗം കണ്‍സര്‍ഫേഷന്‍ എന്‍ജിനീയര്‍ എസ്.ഭൂപേഷ്, പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ കെ.മാധവന്‍ പിള്ള, തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട. സൂപ്രണ്ടിങ് എന്‍ജീനീയര്‍ എസ്.അന്‍വര്‍ ഹുസൈന്‍, പൊതുമരാമത്ത് വകുപ്പ് റിട്ട. ഇലക്ട്രിക്കല്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.മോഹനന്‍, കേരള മ്യൂസിയം പ്രൊജക്ട് എന്‍ജീനിയര്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.
പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുള്ള സൂചനയും രൂപീകരിച്ച കമ്മിറ്റിയെ റദ്ദാക്കിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവിലില്ല. നാലുഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന ബൃഹത് പദ്ധതിയാണിത്. നിര്‍മ്മാണത്തിന്റെ ഗുണനിലവാരും, രൂപകല്‍പന, മണ്ണിന്റെ ഘടന എന്നിവയെല്ലാം ഓരോ ഘട്ടത്തിലും ഉറപ്പാക്കി മ്യൂസിയത്തിന്റെ പണി വേഗം പൂര്‍ത്തിയാക്കണമെന്നാണ് സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇത് ഉറപ്പുവരുത്താന്‍ ഒരു ടെക്നിക്കല്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ആഗസ്റ്റ് 31ന് സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇത് അനുസരിച്ച് രൂപീകരിച്ച കമ്മിറ്റി റദ്ദാക്കിയതോടെ നിര്‍മ്മാണ മേല്‍നോട്ടവും അനിശ്ചിതത്വത്തിലാണ്.
[mbzshare]