സഹകരണസംഘങ്ങൾ സ്വന്തം പേരിൽ ചെക്ക് നൽകുന്നതിൽ ആർബിഐ ഇടപെടുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ ഇടപെടാൻ തുടങ്ങി. ഇതിന്റെ ഭാഗമായി സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളോ മറ്റ് സഹകരണസംഘങ്ങളോ സ്വന്തം പേരിൽ ഇടപാടുകാർക്ക് ചെക്ക് ഇഷ്യൂ ചെയ്യുന്നുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. സഹകരണ സംഘം രജിസ്ട്രാർ ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ആർബിഐയുടെ നിർദ്ദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സഹകരണ സംഘം രജിസ്ട്രാർ സംസ്ഥാനത്തെ മുഴുവൻ ജോയിന്റ് രജിസ്ട്രാർമാർക്കും(ജനറൽ) ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ നൽകി. നാളെ രാവിലെ 11 നു മുൻപ് റിപ്പോർട്ട് നൽകണമെന്നാണ് സഹകരണ സംഘം രജിസ്ട്രാറുടെ നിർദ്ദേശം. സമയപരിധി കൃത്യമായി പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു.