സഹകരണവകുപ്പ് 100 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കും: മന്ത്രി വി എന്‍ വാസവന്‍
സഹകരണ വകുപ്പ് കോട്ടയം ജില്ലയില്‍ 100 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ ഇതിനോടകം 20,250 വീടുകള്‍ നിര്‍മിച്ച് കൈമാറി. മറ്റ് സഹായങ്ങളില്ലാതെ സഹകരണ മേഖലയുടെ പൊതുനന്മ ഫണ്ട് ഉപയോഗിച്ചാണ് ഇവ പൂര്‍ത്തിയാക്കിയത്. നൂറ് വീടുകള്‍ കൂടി നിര്‍മിക്കുന്ന പദ്ധതി വൈകാതെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിജയപുരം പഞ്ചായത്തിലെ പൊന്‍പള്ളി ചെമ്പോല ലൈഫ് ഭവന സമുച്ചയത്തിലെ വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് ലൈഫ് വീടുകള്‍ പൂര്‍ത്തിയാക്കിയത്. മറ്റുള്ളവരുടെ ഔദാര്യത്തിലും വാടകവീടുകളിലും കഴിഞ്ഞിരുന്നവര്‍ സമാധാനത്തോടെയും അഭിമാനത്തോടെയും സ്വന്തം വീട്ടില്‍ കഴിയാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഇതുവഴി ഒരുക്കുന്നത്. ?ഭൂകമ്പത്തെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഇവിടെ മനോഹരമായ 42 ഫ്‌ലാറ്റുകള്‍ നിര്‍മിച്ചിട്ടുള്ളത്. പാവപ്പെട്ടവരെ സംബന്ധിച്ച് പ്രതീക്ഷാനിര്‍ഭരമായ സാഹചര്യമാണിതെന്നും മന്ത്രി പറഞ്ഞു.