സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം – രജിസ്ട്രാര്‍

Deepthi Vipin lal

സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു. 2022 വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഉദ്യോഗസ്ഥര്‍ ഈ മാസം ( ജൂലായ് ) 25 നു മുമ്പായി സ്‌കോര്‍ ( SCORE ) ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ( www.score.kerala.gov.in ) രജിസ്റ്റര്‍ ചെയ്യണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു. സഹകരണ വകുപ്പിന്റെ SCORE മായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവരാണ് :  നോഡല്‍ ഓഫീസര്‍ : എസ്. ജയചന്ദ്രന്‍, പെന്‍ നമ്പര്‍ 159366, ഫോണ്‍ : 9495632216. ഡിപ്പാര്‍ട്ട്‌മെന്റ് യൂസര്‍ : സുമ എസ്, പെന്‍ നമ്പര്‍ 810941, ഫോണ്‍: 9995807626.

ജീവനക്കാരുടെ സേവനകാര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാന സര്‍ക്കാര്‍ജീവനക്കാരും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണു സഹകരണ രജിസ്ട്രാറുടെ ഉത്തരവ്. എല്ലാ സര്‍ക്കാര്‍ജീവനക്കാരും ധനകാര്യ ( ഐ.ടി. സോഫ്റ്റ് വെയര്‍ ) വകുപ്പ് വികസിപ്പിച്ചെടുത്ത SCORE എന്ന വെബ്ബധിഷ്ഠിത സോഫ്റ്റ്‌വെയര്‍ മുഖേന കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം.

2022 വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ബാധ്യസ്ഥരായ സഹകരണ വകുപ്പുദ്യോഗസ്ഥര്‍ SCORE വഴിയാണിതു നല്‍കേണ്ടതെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഇങ്ങനെ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് റിപ്പോര്‍ട്ടിങ് ഓഫീസര്‍ അസസ് ചെയ്ത് റിമാര്‍ക്‌സ് സഹിതം ഓണ്‍ലൈനായി റിവ്യൂവിങ് ഓഫീസര്‍ക്കു സമര്‍പ്പിക്കണം. റിവ്യൂവിങ് ഓഫീസര്‍ അംഗീകരിച്ച കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അതു സമര്‍പ്പിച്ച ഉദ്യോഗസ്ഥന്റെ ഇന്‍ബോക്‌സില്‍ തിരികെയെത്തും. ഈ ഉദ്യോഗസ്ഥന്‍ ആ റിപ്പോര്‍ട്ട് I have read the report  എന്നു ഓണ്‍ലൈനായി സര്‍ട്ടിഫൈ ചെയ്യുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. ഓഫീസറെക്കുറിച്ചുള്ള വിലയിരുത്തലില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അതു സംബന്ധിച്ച അപ്പീലും ഓണ്‍ലൈനായിത്തന്നെ സൈറ്റ് വഴി നല്‍കാം – രജിസ്ട്രാറുടെ നിര്‍ദേശത്തില്‍ പറയുന്നു.

2022 വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരായ എല്ലാ ജീവനക്കാരും റിപ്പോര്‍ട്ട് SCORE ല്‍ രജിസ്റ്റര്‍ ചെയ്ത് റിപ്പോര്‍ട്ടിങ് ഓഫീസര്‍ക്കും റിപ്പോര്‍ട്ടിങ് ഓഫീസര്‍ റിവ്യൂവിങ് ഓഫീസര്‍ക്കും സമര്‍പ്പിക്കണമെന്നും രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News