സഹകരണവകുപ്പിലെ ആധുനികീകരണം: ഏതാനും പദ്ധതികള്‍ നടപ്പാക്കി- മന്ത്രി വാസവന്‍
സഹകരണവകുപ്പിന്റെ ആധുനികീകരണവുമായി ബന്ധപ്പെട്ട് ചില പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അവയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. പി. അബ്ദുല്‍ഹമീദിന്റെ ചോദ്യത്തിനു എഴുതിക്കൊടുത്ത മറുപടിയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആധുനികീകരണത്തിന്റെ ഭാഗമായി ICDMS ( Integrated Co-operative Department Management System ) പദ്ധതിപ്രകാരം സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍-ബൈലോ ഭേദഗതി, ഫണ്ട് മാനേജ്‌മെന്റ് മൊഡ്യൂള്‍, ഓഡിറ്റ് മൊഡ്യൂള്‍ എന്നീ മൂന്നു സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടപ്പാക്കിയിട്ടുണ്ടെന്നു മന്ത്രി വാസവന്‍ അറിയിച്ചു. സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍, ബൈലോ ഭേദഗതി എന്നിവക്കുള്ള അപേക്ഷകള്‍ പൊതുജനങ്ങള്‍ക്കും സംഘങ്ങള്‍ക്കും നേരിട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കാനും ഇതിനുള്ള ഫീസ് ട്രഷറി ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ്‌വേ വഴി അടയ്ക്കാനും സൗകര്യമുണ്ട്. ഇതു രജിസ്റ്റര്‍ ചെയ്തു നല്‍കുന്നതും ICDMS ലൂടെയാണ് – മന്ത്രി അറിയിച്ചു.
സഹകരണസംഘങ്ങളുടെ തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. സഹകരണ ഓഡിറ്റ് സുതാര്യവും കാര്യക്ഷമമവുമാക്കാന്‍ ICDMS പ്രൊജക്ടിന്റെ ഭാഗമായി സഹകരണസംഘങ്ങളുടെ ഓഡിറ്റുമായി ബന്ധപ്പെട്ട് സഹകരണ ഓഡിറ്റ് മോണിറ്ററിംഗ് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ( CAMIS ) തയാറാക്കിയിട്ടുണ്ട്. സഹകരണസംഘം രജിസ്ട്രാര്‍മാരുടെയും മറ്റു ഫങ്ഷണല്‍ രജിസ്ട്രാര്‍മാരുടെയും നിയന്ത്രണത്തിലുള്ള മുഴുവന്‍ സഹകരണസംഘങ്ങളുടെയും അടിസ്ഥാനവിവരങ്ങളും ഓഡിറ്റ് സംബന്ധിച്ച വിവരങ്ങളും CAMIS ലൂടെ ഓണ്‍ലൈനായി www.camis.kerala.gov.in എന്ന പേജില്‍ കിട്ടും- മന്ത്രി വാസവന്‍ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെയും ഉള്‍പ്പെടുത്തി ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനും കേരള സഹകരണസംഘം നിയമം സമഗ്രമായി പരിഷ്‌കരിക്കാനും ടീം ഓഡിറ്റ് നടപ്പാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. തൃശ്ശൂര്‍ ജില്ലയില്‍ ടീം ഓഡിറ്റ് സംവിധാനമാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്്- മന്ത്രി പറഞ്ഞു. കേന്ദ്ര സഹകരണവകുപ്പ് പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കായി പുറത്തിറക്കിയ മാതൃകാ നിയമാവലിയില്‍ സംസ്ഥാനസര്‍ക്കാര്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നില്‍കിയിട്ടുണ്ടെന്നു അബ്ദുല്‍ഹമീദിന്റെ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി അറിയിച്ചു.