സഹകരണമേഖലയെ ആരു വിചാരിച്ചാലും തകര്‍ക്കാനാവില്ല: മന്ത്രി വി.എന്‍. വാസവന്‍

moonamvazhi

സാമൂഹിക പ്രതിബദ്ധതയോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ തളര്‍ത്താനോ തകര്‍ക്കാനോ ആരു വിചാരിച്ചാലും കഴിയില്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ജില്ലാതല സഹകാരിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ കാര്‍ഷിക-വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലടക്കം ജനോപകാരപ്രദമായ ജനപക്ഷ ഇടപെടലാണ് സഹകരണ മേഖല നടത്തുന്നത്. ഇന്ത്യയിലെ സഹകരണനിക്ഷേപങ്ങളില്‍ 71% കേരളത്തിന്റേതാണ്. സഹകരണ സ്ഥാപനങ്ങളിലൂടെ 412 ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു.

സംസ്ഥാനത്തെ ജനസംഖ്യയുടെ 90 ശതമാനവും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തുന്നവരാണ്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ മേഖലയില്‍ മികച്ച സേവനം നല്‍കുന്നു. സ്വകാര്യ മേഖല നല്‍കുന്ന സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ സഹകരണ മേഖല നല്‍കുന്നു. എല്ലാ മേഖലയിലും സഹകരണ സ്ഥാപനങ്ങളുടെ സ്വാധീനമുണ്ട്. ഇതു ഭയപ്പെടുന്ന ഒരു വിഭാഗമുണ്ട്. ജനകീയമായ ഈ ബദലിനെ തകര്‍ക്കാനാണ് ചിലരുടെ ശ്രമം. ഇതിനു പിന്നില്‍ സ്വകാര്യ താല്‍പര്യങ്ങളുണ്ട്. ഇത് സഹകരണ മേഖലയ്ക്ക് എതിരാണെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

ഇന്ത്യയില്‍ 262 ബാങ്കുകള്‍ ആര്‍.ബി.ഐ പിഴ ചുമത്തുകയോ പൂട്ടിക്കുകയോ ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ ശരിയായ പരിശോധന ഏതെങ്കിലും ഏജന്‍സി നടത്തിയതായി കേട്ടിട്ടില്ല. അവിടെ നിക്ഷേപകര്‍ക്ക് എന്തു സംഭവിച്ചെന്ന് ആര്‍ക്കും അറിയില്ല. ഇവിടെ പക്ഷപാതപരമായ രാഷ്ട്രീയ നീക്കമുണ്ട്. ഏതെങ്കിലും ഒരു ബാങ്കില്‍ നടന്ന ക്രമക്കേടിന്റെ പേരില്‍ മറ്റു സഹകരണ സംഘങ്ങളെയും മുഴുവന്‍ മേഖലയെയും അടച്ചാക്ഷേപിക്കുന്നതും എതിര്‍ക്കുന്നതും വലിച്ചിഴയ്ക്കുന്നതും ശരിയല്ല. ഇതിനെതിരേ സഹകാരി സമൂഹം ഒന്നിച്ചു മുന്നോട്ടുപോകും. അതിനുള്ള കരുത്ത് സഹകരണ മേഖലയ്ക്കുണ്ട്. ഈ മുന്നേറ്റത്തിന് സഹായകമാകുന്ന പിന്തുണയാണ് എല്ലായിടത്തും സംഗമങ്ങളില്‍ കാണുന്നത്. സഹകരണ മേഖലയില്‍ കുഴപ്പം കാണിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടിയാണ് സ്വീകരിക്കുന്നത്. സഹകരണ സംഘങ്ങളിലെ ക്രമക്കേടുകളും അനഭലഷണീയമായ പ്രവണതകളും ഉണ്ടാകാതിരിക്കാനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിയമസഭ പാസാക്കിയ കേരള സഹകരണസംഘം ഭേദഗതി ബില്‍. 14 ജില്ലകളിലും നിയമസഭ സെലക്ട് കമ്മിറ്റി സിറ്റിങ് നടത്തി സഹകാരികളില്‍ നിന്നും ജന പ്രതിനിധികളില്‍ നിന്നും വിദഗ്ധരില്‍നിന്നും ജനാധിപത്യപരമായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചാണ് 8 മാസത്തിനുള്ളില്‍ ബില്‍ തയാറാക്കിയത്. കണ്‍കറന്റ് ഓഡിറ്റിനു പകരം ടീം ഓഡിറ്റ്, സംഘം ജീവനക്കാരുടെ ബാധ്യത പൊതുയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യല്‍, 10 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് അഞ്ചംഗ സമിതിയുടെ ശുപാര്‍ശയും ഉത്തരവാദിത്തവും, ക്രിമിനല്‍ സംഭവങ്ങള്‍ പൊലിസിന് റിപ്പോര്‍ട്ട് ചെയ്യല്‍, വിജിലന്‍സ് സംവിധാനം, പൊതുയോഗത്തില്‍ ഡിഫെക്ട് സമ്മറി അവതരിപ്പിക്കലും റിപ്പോര്‍ട്ട് നല്‍കലും, യുവതയ്ക്ക് ഭരണസമിതിയില്‍ പ്രാതിനിധ്യം, ഐ.ടി ഇന്റഗ്രേഷന്‍ തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. തെറ്റായ പ്രവണതകള്‍ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും ബില്ലിലുണ്ട്. ചട്ടം ആക്കപ്പെടുമ്പോള്‍ ഇതു കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിക്ഷേപകന് സംരക്ഷണമൊരുക്കി നിക്ഷേപ ഗ്യാരണ്ടിസ്‌കീം നടപ്പാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പമാണ് സഹകരണസ്ഥാപനങ്ങള്‍ നില്‍ക്കുന്നത്. പ്രളയത്തെത്തുടര്‍ന്നും മറ്റുമായി 2300 വീടുകളാണ് സഹകരണമേഖല നിര്‍മിച്ചു നല്‍കിയത്. ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കി. 282 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. കൊവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണിനായി പലിശരഹിത വായ്പ നല്‍കിയെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ തോമസ് ചാഴികാടന്‍ എംപി അധ്യക്ഷത വഹിച്ചു.

കേരളത്തില്‍ കാര്‍ഷിക മേഖല മുന്നോട്ടുപോകുന്നതിനു പിന്നിലെ മുഖ്യശക്തി സഹകരണ മേഖലയാണെന്നും ചിലയിടങ്ങളിലെ പ്രശ്നങ്ങളെ മൊത്തം മേഖലയുടെ പ്രശ്നമായി ഉയര്‍ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരായ സി.കെ. ആശ, അഡ്വ. ജോബ് മൈക്കിള്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, എ.വി. റസല്‍, അഡ്വ. വി.ബി ബിനു, അഡ്വ. കെ. അനില്‍ കുമാര്‍, അഡ്വ. റെജി സഖറിയ, അഡ്വ. ജോസ് ടോം, കെ.എം രാധാകൃഷ്ണന്‍, ടി.ആര്‍ രഘുനാഥന്‍, കെ. ജയകൃഷ്ണന്‍, ജോസഫ് ഫിലിപ്പ്, റ്റി.വി ഹരിദാസ്, റ്റി.സി വിനോദ്, ആര്‍. ബിജു, ഡോ. പി.കെ പത്മകുമാര്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എന്‍. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സഹകാരികള്‍, ജനപ്രതിനിധികള്‍, സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News