സഹകരണമേഖലയിൽ സാങ്കേതിക രംഗത്ത് വിദഗ്ധരായ ഉദ്യോഗസ്ഥർ വരണമെന്ന് പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ്.
കേരളത്തിലെ സഹകരണ രംഗം ഒരുപാട് മുന്നേറിക്കഴിഞ്ഞു. ഇതിനൊപ്പം സാങ്കേതികമായി മുന്നേറാൻ സഹകരണ രംഗത്തിനു സാധിക്കാതെ പോയത് വകുപ്പിലും സഹകരണ സംഘങ്ങളിലും സാങ്കേതികരംഗത്ത് വിദഗ്ധരായവരുടെ കുറവാണെന്ന് പ്രമുഖ സഹകാരിയും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് പറഞ്ഞു. മൂന്നാംവഴി ഓൺലൈന്റെ ” സഹകരണ മേഖല സാങ്കേതികരംഗത്ത് പുറകിലോ” എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണ മേഖല സാങ്കേതികമായി ഏറെ മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും സ്വകാര്യ-ദേശസാൽകൃത ബാങ്കുകളെ അപേക്ഷിച്ച് പുറകിലാണ്. ഇതിന് പ്രധാന കാരണം സംഘങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ആണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികമായി മുന്നേറാൻ വകുപ്പ് പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും പല സംഘങ്ങൾക്കും അതിന് കഴിയാത്തത് സാമ്പത്തിക പ്രശ്നങ്ങളാണ്.
ഇന്നത്തെ കാലത്തിനൊപ്പം സഹകരണ രംഗം മുന്നേറണമെങ്കിൽ സാങ്കേതികമായുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ സാധിക്കണം. അതിന് വിദഗ്ധരുടെ സേവനം സഹകരണ വകുപ്പിലും സംഘങ്ങളിലും ആവശ്യമാണ്. ഇവിടെ കഴിഞ്ഞ ദിവസം മൂന്നാംവഴിയിൽ പത്മരാജൻ വക്കീൽ പറഞ്ഞതിനോട് ഞാൻ യോജിക്കുകയാണ്. സഹകരണ ഡിപ്പാർട്ട്മെന്റിൽ എച്ച്.ആർ വിഭാഗവും ടെക്നിക്കൽ വിഭാഗവും അനിവാര്യമായി കഴിഞ്ഞു. സഹകരണമേഖലയുടെ യും ന്യൂതന സാങ്കേതിക വിദ്യയുടെയും വേഗത്തിലുള്ള വളർച്ചക്കൊപ്പം സഹകരണമേഖലയ്ക്ക് പിടിച്ചുനിൽക്കണമെങ്കിൽ ഇത്തരം വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തണം എന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
ഇന്ന് സഹകരണ വകുപ്പിലും സഹകരണ സംഘങ്ങളിലും ജോലിയിൽ പ്രവേശിക്കുന്നവരുടെ യോഗ്യതയിൽ കാലാനുസൃതമായി മാറ്റം വരുത്തണം. സംസ്ഥാനത്ത് ഇന്നത്തെ സഹകരണത്തെ കുറിച്ച് പഠിക്കാൻ നല്ല ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പോലുമില്ല. എച്ച്.ഡി.സി, ജെ.ഡി.സി എന്നിവയുടെ കരിക്കുലത്തിലും വേണം മാറ്റം. ഇതെല്ലാം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തക്ക ശേഷിയുള്ള ഭരണാധികാരികളുടെ കുറവല്ല, മറിച്ച് നടപ്പാക്കാൻ ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥരുടെ കുറവാണ് ഇന്ന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.