വേണ്ടത് അതിജാഗ്രത
കേരളത്തിലെ സഹകരണ മേഖല ഒരു മാറ്റത്തിന്റെ പാതയിലാണ്. കേരള ബാങ്കിന്റെ രൂപവൽക്കരണം, ആദായനികുതി വകുപ്പിന്റെ ഇടപെടൽ, റിസർവ് ബാങ്ക് കൊണ്ടു വരാനിരിക്കുന്ന നിയന്ത്രണം എന്നിവയെല്ലാം സഹകരണമേഖലയുടെ പൊതു സ്വഭാവത്തിലും പ്രവർത്തനത്തിലും മറ്റും വരുത്തും. ഘടനാപരമായി തന്നെ മാറ്റം ഉണ്ടാക്കുന്നതാണ് കേരള ബാങ്കിന്റെ രൂപവൽക്കരണം. കേരള ബാങ്ക് വരുന്നതോടെ പതിറ്റാണ്ടുകളായി ഓരോ ജില്ലയിലെയും സഹകരണസംഘങ്ങൾക്ക് നായകത്വം വഹിച്ചിരുന്ന ജില്ലാ ബാങ്കുകൾ ഇല്ലാതാവും. ഉയർന്ന മൂലധന ശേഷിയും സാങ്കേതിക സംവിധാനവും സ്വന്തമാകുന്ന ഒരു വലിയ ബാങ്ക് എന്ന നിലയിൽ കേരള ബാങ്കിന്, കേരളത്തിലെ സഹകരണ, സാമ്പത്തിക മേഖലകളിൽ വലിയ ചലനം ഉണ്ടാക്കാനാകുമെന്നതിൽ തർക്കമില്ല. എന്നാൽ ഒരു വലിയ ബാങ്കിന്റെ വരവ് മാത്രമല്ല കേരളബാങ്ക് രൂപവത്കരണത്തിലൂടെ സംഭവിക്കുന്നത് എന്ന ബോധം സഹകാരികൾക്ക് ഉണ്ടാവണം എന്നതാണ് ഒന്നാമത്തെ കാര്യം.
80-പി വകുപ്പനുസരിച്ച് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് ലഭിക്കേണ്ട ഇളവ് ഹൈക്കോടതി വിധിയോടെ കേരളത്തിൽ ഇല്ലാതായി. അതായത് കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ അതിന്റെ ലക്ഷ്യത്തിൽ നിന്ന് മാറി ക്രെഡിറ്റ് ബിസിനസാണ് ചെയ്യുന്നത് എന്ന ആദായനികുതിവകുപ്പിന്റെ വാദമാണ് ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളത്. സംഘങ്ങൾ നൽകുന്ന കാർഷിക വായ്പയുടെ തോത് നോക്കി മാത്രമാവും ഇനി ആദായനികുതി ഇളവ് ലഭിക്കുക. ഈ തോത് നിർണയിക്കുന്നത് ആദായ നികുതി വകുപ്പാണ്. മൊത്തം വായ്പയുടെ പകുതിയിലേറെയെങ്കിലും കാർഷികവായ്പ ആയിരിക്കണം എന്നാണ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറയുന്നത്. ഇതാണ് തോതെങ്കിൽ, കേരളത്തിൽ സഹകരണ സംഘങ്ങൾ നിലവിലെ വായ്പാ പദ്ധതികൾ പൂർണ്ണമായി പുതുക്കി പണിയേണ്ടിവരും. ഒരു കോടി രൂപ പണമായി പിൻവലിക്കുമ്പോൾ രണ്ടു ശതമാനം നികുതി നൽകണം എന്ന പുതിയ വ്യവസ്ഥയും സഹകരണസംഘങ്ങൾക്ക് മേൽ വന്നു കഴിഞ്ഞു. അതായത്, സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന നിയന്ത്രണം വന്നു തുടങ്ങി എന്നർത്ഥം.
റിസർവ് ബാങ്കിന്റെ നിയന്ത്രണം കേരളത്തിലെ സഹകരണ മേഖലയിൽ ശക്തിപ്പെടാൻ പോകുന്നുവെന്നതാണ് മൂന്നാമത്തെ മാറ്റം. കേരള ബാങ്കിന് ബോർഡ് ഓഫ് മാനേജ്മെന്റ് സ്ഥാപിക്കണമെന്ന നിർദ്ദേശം ഇതിൽ ആദ്യത്തേതാണ്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ അർബൻ ബാങ്കിലും മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിലും വലിയ ക്രമക്കേട് കണ്ടെത്തിയതിനാൽ സഹകരണബാങ്കുകളിൽ നിയന്ത്രണം കടുപ്പിക്കാൻ ആണ് റിസർവ് ബാങ്ക് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യ പരിഷ്കാരമാണ് കേരള ബാങ്കിൽ വരുന്ന ബോർഡ് ഓഫ് മാനേജ്മെന്റ്. കേരള ബാങ്ക് റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആകും. അഡ്മിനിസ്ട്രേറ്ററെ നിയോഗിക്കുന്നതിന് വരെയുള്ള അധികാരം റിസർവ് ബാങ്കിന് ഉണ്ടാകും. കേരള ബാങ്കുമായി നേരിട്ട് ഇടപാട് നടത്തുകയും അതിൽ അംഗങ്ങൾ ആവുകയും ചെയ്യുന്ന പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലും റിസർവ് ബാങ്കിന്റെ മേൽനോട്ടം എത്തുന്നു എന്നതാണ് ഫലത്തിൽ ബോർഡ് ഓഫ് മാനേജ്മെന്റ് കൊണ്ട് ഉണ്ടാകാൻ പോകുന്നത്.
സഹകരണമേഖല മാറുമ്പോൾ അതിനൊപ്പം സഹകാരികളുടെ മനസ്സും സംഘത്തിന്റെ പ്രവർത്തനവും മാറേണ്ടതുണ്ട് എന്ന് ഈ മൂന്ന് കാര്യങ്ങളും ബോധ്യപ്പെടുത്തുന്നു. ഉദ്ദേശ്യലക്ഷ്യങ്ങൾ പരിഗണിക്കാതെ ക്രെഡിറ്റ് ബിസിനസിലേക്ക് മത്സരിച്ച് എത്തുന്ന സംഘങ്ങളുടെ രീതി മാറേണ്ടതുണ്ട്. ക്രെഡിറ്റ് ബിസിനസിനു അപ്പുറമുള്ള വൈവിധ്യവൽക്കരണം സംഘങ്ങളുടെ പ്രവർത്തനത്തിൽ ഉണ്ടാകേണ്ടതുണ്ട്. സംഘത്തിന്റെ സാമ്പത്തിക ഇടപാടും നിക്ഷേപങ്ങളും കരുതലോടെ ആവണം എന്ന മുന്നറിയിപ്പും ഈ കാലഘട്ടം നമുക്ക് നൽകുന്നുണ്ട്. സ്വതന്ത്ര അസ്തിത്വം നിലനിർത്താൻ പാകത്തിൽ സംഘങ്ങൾ മാറേണ്ടതുണ്ട്. ആദായ നികുതി ഇളവ് ലഭിക്കാൻ പാകത്തിൽ കാർഷിക വായ്പ സഹകരണ സംഘങ്ങൾ കാർഷിക മേഖലയിൽ പുതിയ വായ്പാ പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ട്. കേരളബാങ്ക് ഒരു ചെറിയ മാറ്റം അല്ല. അത് വലിയ പരിഷ്കാരത്തിന്റെ തുടക്കമാണ്. ഇക്കാര്യം ശ്രദ്ധയോടെ വിലയിരുത്തി മാറ്റങ്ങൾക്കനുസരിച്ച് മാറാൻ സഹകാരികൾക്ക് കഴിയേണ്ടതുണ്ട്.
– എഡിറ്റർ