സഹകരണപ്രസ്ഥാനം ഫ്രാന്‍സിന്റെ വന്‍ശക്തി

[mbzauthor]
വി.എന്‍. പ്രസന്നന്‍

 

2020 ഫെബ്രുവരി ലക്കം

6.7 കോടിയാണ് ഫ്രാന്‍സിലെ ജനസംഖ്യ. ഇതില്‍ 40 ശതമാനം പേരും സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങളുള്ള രാജ്യമാണ് ഫ്രാന്‍സ്.

ന്നും സഹകരണപ്രസ്ഥാനം വളരെ ശക്തമാണ് ഫ്രാന്‍സില്‍. 6.7 കോടിയാണ് ഫ്രാന്‍സിലെ ജനസംഖ്യ. നിലവില്‍ സഹകരണസംഘം അംഗങ്ങളുടെ സംഖ്യ 2.6 കോടി കഴിഞ്ഞ ഫ്രാന്‍സ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സഹകരണസംഘങ്ങളുള്ള രാജ്യമാണ്. ജനങ്ങളില്‍ 40 ശതമാനവും സഹകരണസംഘങ്ങളില്‍ അംഗങ്ങളാണ്.

ഫ്രാന്‍സിലെ ഏറ്റവും പ്രമുഖമായ 100 സഹകരണ സ്ഥാപനങ്ങളെപ്പറ്റി 2010 ല്‍ സര്‍ക്കാര്‍ ഒരു പഠനം നടത്തി. ആ നൂറെണ്ണത്തിലും കൂടി 2.2 കോടി അംഗങ്ങളും 6,74,000 ജീവനക്കാരും 18,100 കോടി യൂറോയുടെ വില്‍പനയുമാണുള്ളത്. മൂന്നു പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പുകള്‍ സഹകരണാടിസ്ഥാനത്തിലുള്ളവയാണ്. ഏഴു കോടി അക്കൗണ്ടുകള്‍ ഇവയിലുണ്ട.് ഫ്രാന്‍സിലെ ബാങ്കുനിക്ഷേപത്തിന്റെ 60 ശതമാനവും ഇവയിലാണ്. രണ്ടരക്കോടി അംഗങ്ങളും 3,20,000 ല്‍പ്പരം ജീവനക്കാരും 21,000 ല്‍പ്പരം ഏജന്‍സികളും ഇവയ്ക്കുണ്ട്.

65 കാര്‍ഷിക സഹകരണ സ്ഥാപനങ്ങളാണു പ്രധാനമായുള്ളത്. ഇവയിലാകെ മൂന്നു ലക്ഷത്തില്‍പ്പരം സഹകരണ അസോസിയേറ്റുകളുണ്ട്. 75 ശതമാനം കര്‍ഷകരും കാര്‍ഷിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണ്. ഫ്രഞ്ച് സഹകരണ സംഘങ്ങളില്‍ 40 ശതമാനവും കാര്‍ഷികമാണ്. 1,60,000 ല്‍പ്പരം ജീവനക്കാരും 8280 കോടി യൂറോയുടെ വില്‍പനയും ഈ മേഖലയിലുണ്ട്. മൊത്തം കാര്‍ഷിക സഹകരണ സ്ഥാപനങ്ങളുടെ എണ്ണം 2900 ആണ്. ഇവ തമ്മില്‍ യന്ത്രസാമഗ്രികള്‍ പങ്കുവയ്ക്കുന്നതിനായിത്തന്നെ 13,400 കരാറുകളുണ്ട്.

24 പ്രമുഖ വ്യാപാര സഹകരണ സ്ഥാപനങ്ങളിലായി 2,20,000 പേര്‍ പണിയെടുക്കുന്നു. ആഗോളതലത്തിലെ 300 പ്രമുഖ സഹകരണ സ്ഥാപനങ്ങളില്‍ 47 എണ്ണവും ഫ്രഞ്ച് സ്ഥാപനങ്ങളാണ്. ബാങ്കിംഗ് രംഗത്തെ ഏറ്റവും പ്രമുഖ ഫ്രഞ്ച് സഹകരണ സ്ഥാപനങ്ങള്‍ ക്രെഡിറ്റ് അഗ്രിക്കോളെ (Credit Agricole), കോണ്‍ഫെഡറേഷന്‍ നാഷണേല്‍ ഡു ക്രെഡിറ്റ് മ്യൂച്ചുവേല്‍ ( Confederation nationale du Credit Mutuel ), ക്രെഡിറ്റ് കോഓപ്പറേറ്റിഫ് ( Credit Cooperatif ) എന്നിവയാണ്.

കാര്‍ഷിക-വനവത്കരണ മേഖലയിലെ ആഗോള പ്രമുഖമായൊരു സഹകരണ സ്ഥാപനമാണ് ഇന്‍വിവോ ഗ്രൂപ്പ് ( Invivo Group ). ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരാണ് മാസിഫും ( MACIF ) ഗ്രുപ്പെ മെയിഫും ( Guoupe MAIF ).

ഫ്രാന്‍സില്‍ സേവന മേഖലയിലെ തൊഴിലുകളില്‍ 40 ശതമാനവും സൃഷ്ടിക്കുന്നത് ആ മേഖലയിലെ സഹകരണ സംഘങ്ങളാണ്. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ സഹകരണ പ്രസ്ഥാനത്തിന്റെ മൊത്തം വിറ്റുവരവിന്റെ 82 ശതമാനവും വ്യവസായ, നിര്‍മാണ, സര്‍വീസ് മേഖലകളിലെ സഹകരണ സംഘങ്ങളില്‍ നിന്നാണ്. 2017 ലെ കണക്കു പ്രകാരം ഊര്‍ജ-പരിസ്ഥിതി മേഖലകളിലെ സഹകരണ സംഘങ്ങളുടെ വിറ്റുവരവില്‍ 16.4 ശതമാനത്തിന്റെയും റീട്ടെയില്‍ സംഘങ്ങളുടെ വിറ്റുവരവില്‍ 11.6 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി.

 

23,000 സംരംഭങ്ങള്‍ ഫ്രാന്‍സില്‍ സഹകരണ മേഖലയുടെതായിട്ടുണ്ട്. പത്തു ലക്ഷം ജീവനക്കാര്‍ ഇവയില്‍ ജോലിചെയ്യുന്നു. മൊത്തം വിറ്റുവരവ് 32,000 കോടി യൂറോയായി ഉയര്‍ന്നിട്ടുണ്ട്.

വിപ്ലവ സ്വഭാവം കൂടുതല്‍

വിപ്ലവ സ്വഭാവം കൂടുതലുള്ളതായിരുന്നു ഫ്രാന്‍സിലെ സഹകരണ പ്രസ്ഥാനം. അതുകൊണ്ടുതന്നെ അതു ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനിരയായി. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയതീവ്രത കുറഞ്ഞതോടെ ഭരണകൂടവും മയപ്പെട്ടു. അതോടെ അതു വലിയ സാമൂഹിക സാമ്പത്തിക ശക്തിയായി. എങ്കിലും, 19-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായാണ് പല സഹകരണ സ്ഥാപനങ്ങള്‍ക്കും നിയമപരമായ അംഗീകാരം കിട്ടിയത്.

ഫ്രാന്‍സില്‍ സഹകരണത്തിനു പ്രത്യേക സ്റ്റാറ്റിയൂട്ട് ഉണ്ടായിരുന്നില്ല. വിവിധ മന്ത്രാലയങ്ങളുടെ നിയമമനുസരിച്ചാണ് അവയുടെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന സഹകരണ സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏറ്റവും കൂടുതലുണ്ടായിരുന്നത് കാര്‍ഷിക സഹകരണ സംഘങ്ങളായിരുന്നു. കൃഷിക്കു വായ്പ നല്‍കാന്‍ വായ്പാ സഹകരണ സംഘങ്ങളുണ്ടായി. പിന്നെ ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കാന്‍ പരസ്പര ഇന്‍ഷുറന്‍സ് സംഘങ്ങളുണ്ടായി. ഉപഭോക്തൃ സഹകരണ പ്രസ്ഥാനവും സജീവമായിരുന്നു. 1954 ലെ കണക്കുപ്രകാരം ഉപഭോക്തൃ സഹകരണ പ്രസ്ഥാനത്തില്‍ 27 ലക്ഷം അംഗങ്ങളുണ്ടായിരുന്നു. തൊഴിലാളി ഉല്‍പാദക പ്രസ്ഥാനത്തിന്റെ ( Workers Productive Movement ) ജന്‍മനാട് ഫ്രാന്‍സാണ്. ചെലവുകുറഞ്ഞ വീടുകള്‍ക്കായുള്ള സംഘങ്ങളും ഫ്രാന്‍സില്‍ പണ്ടുമുതലേ ഉണ്ടായിരുന്നു. എന്നാല്‍, അവ കൂടുതലും സര്‍ക്കാര്‍ സഹായത്തോടെയുള്ളവയായിരുന്നു. ഓരോ വിഭാഗം സഹകരണ മേഖലയ്ക്കും അതിന്റെതായ ദേശീയ ഫെഡറേഷനുണ്ട്.

കാര്‍ഷിക സിണ്ടിക്കേറ്റ്

കാര്‍ഷിക സഹകരണ രംഗത്ത് പ്രായോജകര്‍ ( sponsoring agencies ) എന്ന നിലയില്‍ സിണ്ടിക്കേറ്റുകള്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ പ്രത്യേകതയാണു കാര്‍ഷിക സിണ്ടിക്കേറ്റുകള്‍. സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് അതിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഒരു ഇടനില സ്ഥാപനം ആവശ്യമായിരുന്നു. 1884 മാര്‍ച്ച് രണ്ടിനു പ്രാബല്യത്തില്‍ വന്ന ഒരു നിയമ പ്രകാരം കാര്‍ഷിക സിണ്ടിക്കേറ്റിന് അംഗീകാരമുണ്ടായിരുന്നു. കര്‍ഷകരുടെ താല്‍്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കര്‍ഷകര്‍തന്നെ സ്ഥാപിച്ചവയായിരുന്നു അവ. കര്‍ഷകര്‍, പാട്ടക്കാര്‍, തൊഴിലാളികള്‍, വന്‍കിട ഭൂവുടമകള്‍, പുരോഹിതര്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവരൊക്കെ അതില്‍ അംഗങ്ങളായിരുന്നു. വിത്തും വളവും കാര്‍ഷികോപകരണങ്ങളും ലഭ്യമാക്കലും കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കലും സിണ്ടിക്കേറ്റുകളുടെ ചുമതലയായിരുന്നു. രണ്ടുതരം കാര്‍ഷിക സിണ്ടിക്കേറ്റുകള്‍ ഉണ്ടായിരുന്നു. പൊതുവായ ലക്ഷ്യങ്ങളോടു കൂടിയവയും പ്രത്യേക ലക്ഷ്യങ്ങളോടു കൂടിയവയും. ആപ്പിള്‍ കൃഷിക്കാര്‍, കന്നുകാലി വളര്‍ത്തുകാര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ളവയായിരുന്നു പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങളോടുകൂടിയ സിണ്ടിക്കേറ്റുകള്‍.

1945 ഒക്ടോബര്‍ 12 നു നിലവില്‍ വന്ന ഒരു ഓര്‍ഡിനന്‍സിലാണു കാര്‍ഷിക സഹകരണ സംഘങ്ങളുടെ നിയമപരമായ പദവി നിര്‍വചിച്ചത്. കൃഷിമന്ത്രാലയത്തിനു കീഴിലാണ് കാര്‍ഷിക സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

കാര്‍ഷിക സഹകരണ വായ്പ

1893 ല്‍ ഡ്യൂറന്റ് ( Durand ) എന്ന നിയമജ്ഞന്‍ അനിയത ബാധ്യതയിലധിഷ്ഠിതമായ റെയ്ഫീസെന്‍ മാതൃകയില്‍ വായ്പാ സംഘങ്ങള്‍ ( credit societies ) രൂപവത്കരിച്ചു. പടിഞ്ഞാറന്‍ ഫ്രാന്‍സിലും പൈറനീസിലും അവ വ്യാപിച്ചു. ചില കത്തോലിക്കാ വിശ്വാസങ്ങള്‍ മുറുകെപ്പിടിക്കണമെന്ന നിബന്ധന ഇവയ്ക്കു തിരിച്ചടിയായി. തെക്കന്‍ ഫ്രാന്‍സില്‍ ഡുഫോര്‍മാന്റെല്ലെയും റെയ്‌നെറിയും ഗ്രാമീണ സഹകരണ സംഘങ്ങള്‍ ( rural credit societies ) സ്ഥാപിച്ചിരുന്നു. റെയ്ഫീസെന്‍ മാതൃകയിലായിരുന്നു ഇവയും. ഇവ ഹ്രസ്വകാല വായ്പകള്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. 1914 ജനുവരി ഒന്നിലെ കണക്കു പ്രകാരം സര്‍ക്കാര്‍ അംഗീകരിച്ച 4533 ഗ്രാമീണ വായ്പാ സംഘങ്ങളുണ്ടായിരുന്നു. 2,36,860 പേര്‍ ഇവയില്‍ അംഗങ്ങളായുണ്ടായിരുന്നു. അന്ന് മറ്റുതരം കാര്‍ഷിക സഹകരണ സംഘങ്ങളുടെ എണ്ണം 8500 ആയിരുന്നു. ഇവയില്‍ 6300 എണ്ണം ആവശ്യമുള്ള സാധനങ്ങള്‍ ലഭ്യമാക്കുന്ന സംഘങ്ങളും 2200 എണ്ണം കാര്‍ഷിക വിപണന സംഘങ്ങളുമായിരുന്നു. കാല്‍ നൂറ്റാണ്ടിനുശേഷം, 1939 ഒടുവിലായപ്പോഴേക്കും, ഗ്രാമീണ വായ്പാ സഹകരണ സംഘങ്ങളുടെ എണ്ണം 5566 ആയി. അംഗസംഖ്യ 6,01,164 ആയി. 1954 ആയപ്പോള്‍ 10,05,387 അംഗങ്ങളുമായി 3799 പ്രാദേശിക കാര്‍ഷിക വായ്പാബാങ്കുകള്‍ ഉണ്ടായിരുന്നു. നിയത ബാധ്യതാടിസ്ഥാനത്തിലാണിവ പ്രവര്‍ത്തിച്ചിരുന്നത്. ഓരോ അംഗത്തിന്റെയും ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു ബാധ്യത. വിളകളുമായി ബന്ധപ്പെട്ട വായ്പകള്‍ക്കു നാലര ശതമാനവും അല്ലാത്തവയ്ക്ക് അഞ്ചര ശതമാനവുമായിരുന്നു പലിശ.

പ്രാദേശിക കാര്‍ഷിക വായ്പാ ബാങ്കുകള്‍ക്കു മുകളില്‍ മേഖലാ ബാങ്കുകള്‍ അഥവാ ജില്ലാ സെന്‍ട്രല്‍ ബാങ്കുകളുണ്ടായിരുന്നു. ഗ്രാമീണബാങ്കുകള്‍ക്കു പുറമെ മറ്റു കാര്‍ഷിക സഹകരണ സംഘങ്ങളായ വിപണന സംഘങ്ങളും വിതരണ സംഘങ്ങളും കാര്‍ഷിക സിണ്ടിക്കേറ്റുകളും ഇന്‍ഷുറന്‍സ് സംഘങ്ങളും ഇവയില്‍ അംഗങ്ങളായിരുന്നു. കൂടാതെ വ്യക്തികളും.

ദേശീയ തലത്തില്‍ ദേശീയ കാര്‍ഷിക സഹകരണബാങ്ക് ( NACB-National Agricultural Cooperative Bank/ Caisse Nationale de Credit Agricole ) ഉണ്ടായിരുന്നു. ഇത് സര്‍ക്കാര്‍ സ്ഥാപിച്ചതാണ്. ഒരു കൗണ്‍സില്‍ ആണ് ഇതിന്റെ ഭരണം നിര്‍വഹിച്ചിരുന്നത്. കൗണ്‍സിലില്‍ മൂന്നില്‍ രണ്ടു ഭാഗവും മേഖലാ ബാങ്കുകളുടെ പ്രതിനിധികളായിരുന്നു. കര്‍ഷകരുടെ കോണ്‍ഫെഡറേഷന്റെ പ്രതിനിധി, മേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ പ്രതിനിധി, കാര്‍ഷിക സഹകരണ സംഘങ്ങളുടെ ദേശീയ ഫെഡറേഷന്റെ പ്രതിനിധി എന്നിവരും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവരുമായിരുന്നു മറ്റംഗങ്ങള്‍. മേഖലാബാങ്കുകള്‍ നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെയും ദീര്‍ഘകാല വായ്പകളുടെയും ഡിസ്‌കൗണ്ടിംഗ്, മേഖലാബാങ്കുകള്‍ക്കും ഫ്രഞ്ച് അധീനപ്രദേശങ്ങളിലെ പരസ്പര വായ്പാ ബാങ്കുകള്‍ക്കും വായ്പ നല്‍കല്‍, ഗ്രാമീണ കമ്യൂണുകളും കാര്‍ഷികസിണ്ടിക്കേറ്റുകളും കാര്‍ഷിക സഹകരണ സ്ഥാപനങ്ങളും പോലുള്ളവയ്ക്കു നേരിട്ടു ദീര്‍ഘകാല വായ്പകള്‍ നല്‍കല്‍ എന്നിവയായിരുന്നു എന്‍.എ.സി.ബി. യുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍.

മറ്റൊരു ദേശീയതല സ്ഥാപനം കാര്‍ഷിക വായ്പയ്ക്കുള്ള ദേശീയ ഫെഡറേഷന്‍ (The National Federation of Agricultural Credit ) ആയിരുന്നു. 1946 ലാണ് ഇതു സ്ഥാപിച്ചത്. എന്‍.എ.സി.ബി.യില്‍ നിന്നു വായ്പയെടുക്കുകയും അതിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന മേഖലാ ബാങ്കുകള്‍ അഥവാ ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കുകളായിരുന്നു ഇതിലെ അംഗങ്ങള്‍. മേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, അവയുടെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുക, കാര്‍ഷിക വായ്പയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണ പഠനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയായിരുന്നു ഇതിന്റെ ചുമതലകള്‍. മേഖലാ ബാങ്കുകളുടെ രണ്ടു പ്രതിനിധികള്‍ വീതമടങ്ങുന്ന പൊതുസഭ തിരഞ്ഞെടുക്കുന്ന 33 അംഗ കേന്ദ്രകമ്മറ്റിയാണ് ഇതിന്റെ ഭരണം നിര്‍വഹിച്ചിരുന്നത്. ഇതിന് ഒരു ചെയര്‍മാനും ഒരു മാനേജരും ഉണ്ടായിരുന്നു.

സ്വതന്ത്രമായ കാര്‍ഷികവായ്പാ മേഖലയും ഫ്രാന്‍സിലുണ്ടായിരുന്നു. 1953 ല്‍ അത്തരം ഏഴു മേഖലാ ബാങ്കുകളിലായി 735 പ്രാദേശിക ബാങ്കുകള്‍ അഫിലിയേറ്റ് ചെയ്തിരുന്നു. മേഖലാ ബാങ്കുകളാവട്ടെ പരസ്പര കാര്‍ഷിക വായ്പയ്ക്കായുള്ള കേന്ദ്രഫെഡറേഷനിലും അഫിലിയേറ്റ് ചെയ്തിരുന്നു. ഒന്നിലും അഫിലിയേറ്റ് ചെയ്യാത്ത പ്രാദേശിക ബാങ്കുകളും പ്രവര്‍ത്തിച്ചിരുന്നു. അല്‍സെയ്‌സ് ലൊറെയ്‌നിലെ കാര്‍ഷിക ഫെഡറേഷനില്‍ 676 പ്രാദേശിക ബാങ്കുകള്‍ക്ക് അഫിലിയേഷനുണ്ടായിരുന്നു.

കാര്‍ഷിക പരസ്പര ഇന്‍ഷുറന്‍സ്

1840 ലാണു ഫ്രാന്‍സില്‍ ആദ്യത്തെ കാര്‍ഷിക പരസ്പര ഇന്‍ഷുറന്‍സ് ( Agricultural Mutual Insurance ) സംഘം സ്ഥാപിച്ചത്. അത് ഒരു തീപ്പിടിത്ത ഇന്‍ഷുറന്‍സ് സംഘമായിരുന്നു. 1900 ആയപ്പോള്‍ 2000 തീപിടിത്ത ഇന്‍ഷുറന്‍സ് സംഘങ്ങളും 500 വീട്ടുമൃഗ ഇന്‍ഷുറന്‍സ് സംഘങ്ങളും മഴക്കെടുതി ഇന്‍ഷുറന്‍സ് സംഘങ്ങളും ഉണ്ടായിരുന്നു. 1922 ല്‍ വ്യവസായത്തിലെപ്പോലെ കൃഷിയിലും ജോലിക്കിടയില്‍ തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചാല്‍ കര്‍ഷകര്‍ ഉത്തരവാദികളായിരിക്കുമെന്നു നിയമം വന്നു. ഇതോടെ കര്‍ഷകര്‍ അപകട ഇന്‍ഷുറന്‍സ് എടുക്കാന്‍ നിര്‍ബന്ധിതരായി. ഇതുമൂലം കാര്‍ഷിക അപകട ഇന്‍ഷുറന്‍സ് സംഘങ്ങളുടെ എണ്ണം വര്‍ധിച്ചു. 1930 കളില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കാനുള്ള മാധ്യമമായി പരസ്പര ഇന്‍ഷുറന്‍സ് സംഘങ്ങള്‍ മാറി. 1955 ല്‍ അരലക്ഷത്തോളം പ്രാദേശിക പരസ്പര ഇന്‍ഷുറന്‍സ് സംഘങ്ങള്‍ ഫ്രാന്‍സിലുണ്ടായിരുന്നു. 75 ലക്ഷം പേര്‍ക്ക് ഇവയിലൂടെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിച്ചു. വീട്ടുമൃഗ ഇന്‍ഷുറന്‍സ് പ്രധാനമായും കന്നുകാലികളുടെയും കുതിരകളുടെയും കാര്യത്തില്‍ മാത്രമായി ഒതുങ്ങിയിരുന്നു.

രണ്ടാം ലോകയുദ്ധത്തിനുശേഷം കാര്‍ഷിക പരസ്പര ഇന്‍ഷുറന്‍സ് സംഘങ്ങള്‍ക്കു ദേശീയ ഫെഡറേഷനുണ്ടായി. ദേശീയ ബാങ്കുകള്‍ക്കും മേഖലാ ബാങ്കുകള്‍ക്കുമായിരുന്നു അംഗത്വം. വായ്‌പേതര കാര്‍ഷിക സഹകരണ സംഘങ്ങളില്‍ വിപണനം, സാധനങ്ങള്‍ ലഭ്യമാക്കലും വിതരണവും, ഡെയറി എന്നീ മേഖലകളിലെ സംഘങ്ങള്‍ ഉള്‍പ്പെടുന്നു. ഗോതമ്പു വിലയില്‍ വന്‍ ഇടിവുണ്ടായ 1930 കളിലാണ് വിപണന സഹകരണ സംഘങ്ങളുടെ തുടക്കം. അന്ന് എന്‍.എ.സി.ബി.യില്‍ നിന്നു വായ്പയെടുത്ത് പല വിപണന സംഘങ്ങളും കാര്‍ഷിക സഹകരണ സംഘങ്ങളും സംഭരണശാലകള്‍ സ്ഥാപിച്ചു. ഗോതമ്പു സംസ്‌കരണവും വിത്തുത്പാദനവും ഈ സംഘങ്ങള്‍ നടത്തി. കൃഷിയുടെയും കാര്‍ഷികോപകരണങ്ങളുടെയും ആധുനികീകരണത്തിനുവേണ്ടി സ്ഥാപിച്ച ദേശീയനിധി വിപണന സഹകരണ സംഘങ്ങള്‍ക്ക് വലിയ സഹായമായി. ഗ്രേഡ് ചെയ്യല്‍, പാക്ക് ചെയ്യല്‍, പഴവര്‍ഗങ്ങളുടെ ശീതസംഭരണവും ഗതാഗതവും തുടങ്ങിയവ വിപണന സംഘങ്ങള്‍ ഏറ്റെടുത്തു നടത്തി. ഇവ ഉപഭോക്തൃ സഹകരണ സംരംഭങ്ങളുമായി ചേര്‍ന്ന് പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും വകതിരിക്കല്‍ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.

ഡെയറി സഹകരണ സംഘങ്ങള്‍

ഫ്രാന്‍സിലെ കാര്‍ഷിക സഹകരണ സംഘങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ഡെയറി സഹകരണ സംഘങ്ങളാണ്. പാല്‍, വെണ്ണ, പാല്‍ക്കട്ടി മേഖലകളിലാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. 2600 ഡെയറി സംഘങ്ങള്‍ പണ്ടുകാലത്തുണ്ടായിരുന്നു. 40 ഡിപ്പാര്‍ട്ട്‌മെന്റ് തല/ മേഖലാ ഫെഡറേഷനുകളും അവയ്ക്കു മുകളില്‍ ദേശീയ ഫെഡറേഷനും ഉണ്ടായിരുന്നു. ഡെയറി സഹകരണ സംഘങ്ങള്‍ക്ക് ദേശീയ യൂണിയനും
ഉണ്ടായിരുന്നു. ഫെഡറേഷനും യൂണിയനും തമ്മില്‍ വ്യത്യാസമുണ്ട്. അംഗസംഘങ്ങളുടെ തൊഴില്‍പരവും സാമൂഹികവും ധാര്‍മികവുമായ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി രൂപവത്കരിക്കുന്ന അസോസിയേഷനാണു ഫെഡറേഷന്‍. 1901 ലെ അസോസിയേഷന്‍ ഉടമ്പടി നിയമപ്രകാരമാണ് ഫെഡറേഷന്‍ രൂപവത്കരിച്ചിരുന്നത്. അംഗസംഘങ്ങളുടെതുപോലെത്തന്നെയുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രേഡിംഗ് സ്ഥാപനമായാണു യൂണിയന്‍ കണക്കാക്കപ്പെടുന്നത്. 1945ലെ നിയമപ്രകാരമാണ് ഇതു രൂപവത്കരിച്ചത്. ധാന്യങ്ങള്‍ പാറ്റുന്ന സംഘങ്ങള്‍ പിന്നീട് യന്ത്രസാമഗ്രി സഹകരണ സംഘങ്ങളായി വളര്‍ന്നു.

ദേശീയതലത്തില്‍ രണ്ടു കേന്ദ്ര സംഘടനകള്‍ ഉണ്ടായിരുന്നു. കാര്‍ഷിക സഹകരണത്തിനുള്ള ദേശീയ ഫെഡറേഷനും ( എഫ്.എന്‍.സി.എ ) കാര്‍ഷിക സഹകരണ സംഘങ്ങളുടെ ജനറല്‍ കോണ്‍ഫെഡറേഷനും ( ജി.സി.എ.സി ). കാര്‍ഷിക സഹകരണത്തെ ഏകോപിപ്പിക്കാനും പ്രതിനിധാനം ചെയ്യാനുമാണ് എഫ്.എന്‍.സി.എ. രൂപവത്കരിച്ചത്. പൊതുവിദ്യാഭ്യാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി 1953 ല്‍ ദേശീയ കാര്‍ഷിക സഹകരണ കേന്ദ്രം സ്ഥാപിച്ചു. 1950 ലാണു കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കുള്ള ജനറല്‍ കോണ്‍ഫെഡറേഷന്‍ സ്ഥാപിച്ചത്. കാര്‍ഷിക സഹകരണത്തിന്റെ പൊതുതാത്പര്യങ്ങളെ ന്യായീകരിക്കലും മെട്രോപൊളിറ്റന്‍ ഫ്രാന്‍സിലും ഫ്രഞ്ചധീനപ്രദേശങ്ങളിലും ഈ താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യലുമായിരുന്നു ഉദ്ദേശ്യം. കാര്‍ഷിക സിണ്ടിക്കേറ്റുകളുടെ ദേശീയ യൂണിയനുമായി സൗഹൃദബന്ധങ്ങളുള്ള സ്ഥാപനമായിരുന്നു കോണ്‍ഫെഡറേഷന്‍.

കാര്‍ഷിക സഹകരണ രംഗവും സര്‍ക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ രണ്ടു സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. കാര്‍ഷിക സഹകരണത്തിനുള്ള ഉന്നത സമിതിയും കേന്ദ്ര രജിസ്‌ട്രേഷന്‍ സമിതിയും. 1935ലാണ് കാര്‍ഷിക സഹകരണത്തിനുള്ള ഉന്നത സമിതി സ്ഥാപിച്ചത്. എങ്കിലും, യുദ്ധകാലത്ത് യോഗമൊന്നും ചേരാനായില്ല. 1946 ല്‍ ഇതു വീണ്ടും സ്ഥാപിച്ചു. കാര്‍ഷിക സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃഷിമന്ത്രാലയത്തിന് ഉപദേശങ്ങള്‍ നല്‍കാനുള്ള ഒരു സംവിധാനമായിരുന്നു ഇത്.

കാര്‍ഷിക സഹകരണ സംഘങ്ങള്‍

ഫ്രാന്‍സിലെ കര്‍ഷകരില്‍ 75 ശതമാനവും കാര്‍ഷിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണ്. സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് കഴിഞ്ഞ 30 വര്‍ഷത്തിനിടയ്ക്ക് അവയ്ക്കു ഘടനാപരമായ പല മാറ്റങ്ങളുമുണ്ടായി. കാര്‍ഷികോല്‍പന്ന സംഭരണത്തില്‍നിന്ന് അവ അഗ്രോ ട്രാന്‍സ്ഫര്‍മേഷന്‍ ബിസിനസിലേക്കു വളര്‍ന്നു. ആസ്ഥാന ഗ്രൂപ്പും ഉപവിഭാഗങ്ങളുമുള്ള കോര്‍പറേറ്റ് ഗ്രൂപ്പുകളായി. ഫ്രാന്‍സിന്റെ കാര്‍ഷികോല്‍പാദനത്തിന്റെ 40 ശതമാനവും കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെയാണു നടക്കുന്നത്. ഫ്രാന്‍സില്‍ വീഞ്ഞുല്‍പാദനത്തിനുവേണ്ട മുന്തിരിയുടെ 20 ശതമാനവും കാര്‍ഷിക സഹകരണ സംഘങ്ങളാണു കൃഷിചെയ്യുന്നത്. ജൈവക്കൃഷിക്കു പിന്തുണ നല്‍കുന്ന ഒരു പ്രഖ്യാപനം ഫ്രാന്‍സിലെ കാര്‍ഷികസഹകരണസംഘങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. 2018 ല്‍ ബ്രട്ട് നോണ്‍വിന്റേജ് ( Brut Non-Vintage ) വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ അഥവാ ഹയര്‍ നേടിയ ഏഴിനം ഷാംപെയ്‌നുകളില്‍ രണ്ടെണ്ണം സഹകരണ ഉടമസ്ഥതയിലുള്ളവയാണ്. പാല്‍മെര്‍ ( Palmer ), പന്നിയെര്‍ ( Pannier ) എന്നിവയാണവ.

ബഹുരാഷ്ട്ര സ്ഥാപനമായ സഹകരണ സംരംഭമാണ് ഇന്നു ക്രെഡിറ്റ് അഗ്രികോളെ ( ഇൃലറശ േഅഴൃശരീഹല ). ഫ്രഞ്ച് കുടുംബ നിക്ഷേപങ്ങളുടെ 23.3 ശതമാനം വിപണീപങ്കാളിത്തം ഇതിനുണ്ട്. 1.72 ലക്ഷം യൂറോ ആണ് ഇതിന്റെ ആകെ ആസ്തി. ഫ്രാന്‍സിലെ രണ്ടാമത്തെ വലിയ ബാങ്കാണിത്. കാര്‍ഷിക മേഖലയിലെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉറവിടമെന്ന നിലയിലാണ് ഇതിന്റെ തുടക്കം. 1894 നവംബര്‍ അഞ്ചിനാണു കാര്‍ഷിക യൂണിയനുകള്‍ക്കു ക്രെഡിറ്റ് അഗ്രികോളെയുടെ പ്രാദേശിക ബാങ്കുകള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചത്. വികേന്ദ്രീകൃതവും സഹകരണാടിസ്ഥാനത്തിലുള്ളതുമായ 39 ബാങ്കുകളുടെ ഗ്രൂപ്പാണ് ഇപ്പോള്‍ ക്രെഡിറ്റ് അഗ്രികോളെ.

എല്‍ അറ്റെലിയെര്‍ പയ്‌സാന്‍ ( L Atelier Paysan ) ആധുനികമായ ഇത്തരമൊരു കാര്‍ഷിക സഹകരണ പ്രസ്ഥാനമാണ്. ചെറുകിട കൃഷിസ്ഥലങ്ങളുടെ കാര്‍ഷിക പരിസ്ഥിതിക്ക് ഉതകുന്ന കൃഷിരീതികള്‍ക്കു പറ്റിയ യന്ത്രസാമഗ്രികളും കെട്ടിടങ്ങളും രൂപകല്‍പന ചെയ്യുന്നതിലാണ് ഇതു പ്രത്യേകം ശ്രദ്ധിക്കുന്നത്. കര്‍ഷകരുടെ സാങ്കേതികവിദ്യാ പരമാധികാരം വികസിപ്പിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. 2009 ലാണ് ഈ പദ്ധതി രൂപംകൊണ്ടത്. ആല്‍പ്‌സിലെ ഒരു കൂട്ടം കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന കാര്‍ഷികോപകരണങ്ങള്‍ രൂപകല്‍പന ചെയ്തു നിര്‍മിച്ചതാണ് ഇതിന്റെ പ്രചോദനം. 2009 ല്‍ എ.ഡി.എ. ബയോ (ADA Bio) ജൈവഉല്‍പാദകരുടെ അസോസിയേഷനാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. വളരെവേഗം ഇതു വന്‍തോതിലുള്ള സംരംഭമായി വികസിച്ചു. 2011 ല്‍ ഇതിന്റെ പരിവര്‍ത്തനഘട്ട സമിതി രൂപവത്കരിച്ചു. 2014 ല്‍ ഇതു സഹകരണ സ്ഥാപനമായി പരിവര്‍ത്തിപ്പിച്ചു. അതാണ് എല്‍ അറ്റെലിയെര്‍ പയ്‌സാന്‍. 65 ശതമാനം സ്വന്തമായുണ്ടാക്കുന്ന വരുമാനത്തിന്റെയും 35 ശതമാനം പൊതുഫണ്ടിന്റെയും അടിസ്ഥാനത്തിലാണു പ്രവര്‍ത്തനം. ബദല്‍ ഭക്ഷ്യപദ്ധതിയില്‍ ഒരു പ്രധാന പങ്കാളിയാണ് എല്‍ അറ്റെലിയര്‍ പയ്‌സാന്‍.

(തുടരും)

[mbzshare]

Leave a Reply

Your email address will not be published.