സപ്ലൈകോ ഓണം ഗിഫ്റ്റ് വൗച്ചറും ഓണകിറ്റും ബുക്കിങ് തുടങ്ങി
ഇഷ്ടമുളളവര്‍ക്കുളള ഓണ സാധനങ്ങള്‍ ഇനി സപ്ലൈകോയിലൂടെ സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കോ ഓണ സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് വൗച്ചറും ഓണസമ്മാന കിറ്റും റെഡി. ഓണസദ്യക്ക് ഉപകരിക്കുന്ന ഗുണമേന്മയുളള അവശ്യ സാധനങ്ങള്‍ ഉള്‍കൊളളിച്ചു കൊണ്ടുളള ഓണക്കിറ്റ് വിലക്കുറവില്‍ 950 രൂപയ്ക്കാണ് സപ്ലൈകോ ലഭ്യമാക്കിയിട്ടുളളത്. 1000, 2000 രൂപ നിരക്കിലുളള രണ്ടുതരം ഗിഫ്റ്റ് വൗച്ചറുകളും സപ്ലൈകോ ഇത്തവണ പുറത്തിറക്കിയിട്ടുണ്ട്. ഗിഫ്റ്റ് വൗച്ചറുകളുമായി സപ്ലൈകോയുടെ ഏതു വില്‍പ്പന ശാലകളില്‍ നിന്നും നിശ്ചിത തുകയ്ക്കുളള സാധനങ്ങള്‍ വാങ്ങാം സെപ്തംബര്‍ 30 വരെയാണ് ഗിഫ്റ്റ് വൗച്ചറുകളുടെ കാലാവധി.
സബ്‌സിഡി സാധനങ്ങള്‍ക്ക് സപ്ലൈകോ വില്‍പ്പന ശാലകളില്‍ 60 ശതമാനം വരെയാണ് വിലക്കിഴിവ്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് 5 മുതല്‍ 30 ശതമാനം വരേയും ശബരി ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം വരേയും വിലക്കിഴിവ് ലഭിക്കും. പൊതു സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ നിന്നുളള ഓര്‍ഡറുകള്‍ക്കനുസരിച്ച് ഓണ കിറ്റും, ഗിഫ്റ്റ് വൗച്ചറുകളും അതാത് സ്ഥാപനങ്ങളില്‍ എത്തിച്ചു നല്‍കുന്നതിനും നടപടി സ്വീകരിക്കുമെന്ന് സി. എം .ഡി. എം.എസ്. ജയ അറിയിച്ചു. സപ്ലൈകോയുടെ വിവിധ ഓഫീസുകള്‍ മുഖേനയും www.supplycokerala.com എന്ന വെബ്‌സൈറ്റ് മുഖേനയും ഗിഫ്റ്റ് വൗച്ചറുകളും ഓണകിറ്റുകളും ബുക്ക് ചെയ്യാം.