സംസ്ഥാന സഹകരണബാങ്കിന് ലാഭം 281.91 കോടി; നിഷ്‌ക്രിയ ആസ്തി 3.16ശതമാനം
104 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ നേടാത്ത പ്രവര്‍ത്തനമികവുമായി സംസ്ഥാന സഹകരണ ബാങ്ക്. മൊത്തം ബിസിനസ് ടേണ്‍ ഓവര്‍ 15,432 കോടിരൂപയായി ഉയര്‍ന്നു. 281.91 കോടി രൂപയാണ് 2018-19 വര്‍ഷത്തെ പ്രവര്‍ത്തനലാഭം. അറ്റലാഭം 72.39 കോടിരൂപ. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 3.16 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.43 ശതമാനമാണ്. ഇന്ത്യയിലെ മൊത്തം സംസ്ഥാന സഹകരണ ബാങ്കുകളില്‍ ഒന്നാംസ്ഥാനത്ത് കേരളത്തിലെ ബാങ്കാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
2016മുതല്‍ 2019വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ബാങ്കിന്റെ എല്ലാതലത്തിലും വളര്‍ച്ചയുണ്ടായി. 6112 കോടിരൂപയായിരുന്നു 2016ല്‍ ബാങ്കിന്റെ നിക്ഷേപം. 2019 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് ഇത് 8945 കോടിയായി ഉയര്‍ന്നു. വായ്പ 2016-ല്‍ 3412 കോടി രൂപയും 2019-ല്‍ 6487 കോടിയുമായി. 2016-ല്‍ 12.83 കോടിരൂപയായിരുന്നു സംസ്ഥാനസഹകരണ ബാങ്കിന്റെ പ്രവര്‍ത്തലാഭം. 2019ലെ കണക്ക് അനുസരിച്ച് 281.91 കോടിരൂപയായി. മൂലധന പര്യാപ്തത കൂടുകയും നിഷ്‌ക്രിയ ആസ്തി കുറയുകയും ചെയ്തു. 2016-ല്‍ നിഷ്‌ക്രിയ ആസ്തി 16.04 ശതമാനമായിരുന്നത് 2019 മാര്‍ച്ചില്‍ 3.16 ശതമാനമായി കുറഞ്ഞു. 2016-ല്‍ 13.71 ശതമാനമായിരുന്ന മൂലധനപര്യാപ്തത 2019-ല്‍ 22.54 ശതമാനമായി ഉയര്‍ന്നു.
കേരളബാങ്ക് രൂപവത്കരണം യാഥാര്‍ത്ഥ്യമാകാനൊരുങ്ങുമ്പോള്‍ സംസ്ഥാനസഹകരണ ബാങ്കിന്റെ നേട്ടം ആത്മവിശ്വാസമുണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. നഷ്ടത്തിലായ സംസ്ഥാന സഹകരണ ബാങ്കില്‍ ലാഭത്തിലായ ജില്ലാസഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നുവെന്നായിരുന്നു കേരളബാങ്കിനെതിരെ പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആക്ഷേപം. അതിനുള്ള മറുപടിയാണ് സംസ്ഥാന സഹകരണ ബാങ്ക് ഇപ്പോള്‍ കൈവരിച്ച നേട്ടമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂലധനപര്യാപ്തതയും ലാഭക്ഷമതയുമുള്ളബാങ്കായി കേരള സംസ്ഥാനസഹകരണ ബാങ്ക് മാറി. രാജ്യത്തെ സംസ്ഥാനസഹകരണ ബാങ്കുകളുടെ ശരാശരി നഷ്ടം 31 കോടിരൂപയാണ്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമനുസരിച്ച് വേണ്ടത് 9 ശതമാനം മൂലധനപര്യാപ്തതയാണ്. സംസ്ഥാനസഹകരണ ബാങ്കിനിത് 22.54 ശതമാനമാണെന്നും കടകംപള്ളി പറഞ്ഞു.
ആധുനിക ബാങ്കിങ് സംവിധാനങ്ങളെല്ലാം സംസ്ഥാന സഹകരണ ബാങ്കില്‍ ലഭ്യമാണ്. മൊബൈല്‍ ബാങ്കിങ്, ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി., ഐ.എം.പി.എസ്., ഇ-കൊമേഴ്സ് തുടങ്ങിയ സേവനങ്ങളെല്ലാം ബാങ്കിന് ലഭ്യമാക്കാനായിട്ടുണ്ട്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടര്‍ റാണി ജോര്‍ജ്, സഹകരണ സംഘം രജിസ്ട്രാര്‍ എസ്.ഷാനവാസ് എന്നിവരുടെ സാനിധ്യത്തിലാണ് ബാങ്കിന്റെ നേട്ടം മന്ത്രി വിശദീകരിച്ചത്.