സംസ്ഥാനത്തെ 3600 ക്ഷീരസംഘങ്ങളിലും മില്‍ക് ഇന്‍സെന്റീവ് പദ്ധതി  

[mbzauthor]

ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി സംസ്ഥാനത്തെ 3600 ക്ഷീരസംഘങ്ങളിലും നടപ്പായി. ക്ഷീര ശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ക്ക് ആനുകൂല്യം നഷ്ടമാക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഓണത്തിന് മുമ്പുതന്നെ 1.97 ലക്ഷം ക്ഷീരകര്‍ഷകര്‍ക്ക് അവര്‍ അളക്കുന്ന പാലിന് ആനുപാതികമായി ഇന്‍സെന്റീവ് അക്കൗണ്ടില്‍ ലഭ്യമായി.

ഒരുലിറ്റര്‍ പാലിന് നാലുരൂപയാണ് ഇന്‍സെന്റീവായി കര്‍ഷകന് ലഭിക്കുന്നത്. മൂന്നുരൂപ തദ്ദേശ സ്ഥാപനങ്ങളും ഒരുരൂപ ക്ഷീരവകുപ്പും നല്‍കുന്നതാണ് പദ്ധതി. എന്നാല്‍, രണ്ടുവകുപ്പുകളില്‍നിന്ന് രണ്ടുരീതിയില്‍ ഇന്‍സെന്റീവ് തുക കൈമാറുന്നതിലെ കാലതാമസവും സാങ്കേതിക നടപടിക്രമങ്ങളും ഒഴിവാക്കാന്‍ നാലുരൂപയും ക്ഷീരവകുപ്പുതന്നെ നേരിട്ട് നല്‍കി. 1.97ലക്ഷം കര്‍ഷകര്‍ക്കായി 7.88ലക്ഷം രൂപയാണ് ഇത്തരത്തില്‍ ഓണത്തിന് മുമ്പായി ക്ഷീരവകുപ്പ് കര്‍ഷകന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.

പുതിയ പദ്ധതി കര്‍ഷകരിലും പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. ഇന്‍സെന്റീവ് കൂടുതലായി ലഭിച്ച മേഖലകളിലെ ക്ഷീരസംഘങ്ങളില്‍ സംഭരിക്കുന്ന പാലിന്റെ അളവ് ഇപ്പോള്‍ കൂടുന്നുണ്ട്. കൂടുതല്‍ കര്‍ഷകര്‍ പാല്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇതിനൊപ്പം, തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്ത പദ്ധതി എന്ന നിലയില്‍ പ്രാദേശിക പിന്തുണയും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. പദ്ധതി പൂര്‍ണരീതിയില്‍ നടപ്പാകുന്നതോടെ മില്‍മയിലൂടെ കൂടുതല്‍ പാല്‍ സംഭരണം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2022 ജൂലൈ മാസം ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കിയ ക്ഷീര കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരമുള്ള ഈ ആനുകൂല്യം ലഭിച്ചത്. ഓഗസ്റ്റ് 15ന് ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേന ക്ഷീര കര്‍ഷക രജിസ്‌ട്രേഷന്‍ തുടങ്ങുകയും ഒരാഴ്ചയ്ക്കകം തന്നെ രണ്ടു ലക്ഷത്തില്‍ പരം ക്ഷീരകര്‍ഷകരെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുവാനും വകുപ്പിന് സാധിച്ചു. ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേനയാണ് പദ്ധതിക്ക് ആവശ്യമായ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ പരിശോധന നടത്തിയതും ബില്ല് മാറിയതും പോര്‍ട്ടല്‍ വഴിതന്നെയാണ്. ക്ഷീര സഹകരണ സംഘങ്ങളും അക്ഷയ കേന്ദ്രങ്ങളും ക്ഷീരവികസന യൂണിറ്റ് ഓഫീസുകളും വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇതിലേക്കായി സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഓണത്തിന് മുമ്പ് രണ്ടുലക്ഷത്തോളം കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് എത്തിക്കാന്‍ കഴിഞ്ഞത്.

ക്ഷീര സംഘങ്ങളാണ് അവര്‍ക്ക് നല്‍കിയ ലോഗിന്‍ ഐ.ഡി. ഉപയോഗിച്ച് കര്‍ഷകര്‍ സംഘത്തില്‍ അളന്ന പാലിന്റെ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കുന്നത്. അത് ക്ഷീരവികസന യൂണിറ്റില്‍ പരിശോധിക്കുകയും ട്രഷറി മുഖേന ബില്ല് മാറി കര്‍ഷകര്‍ക്ക് തങ്ങളുടെ അക്കൗണ്ടിലേക്ക് സബ്‌സിഡി നല്‍കുകയുമാണ് ചെയ്യുന്നത്.

കര്‍ഷകര്‍ക്ക് സമയബന്ധിതമായി സബ്‌സിഡി നല്‍കുന്നതിലേക്കായി ക്ഷീര വികസന വകുപ്പിന്റെ അപേക്ഷ പരിഗണിച്ച് ധനകാര്യ വകുപ്പും ട്രഷറിയും തങ്ങളുടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തിരുന്നു.

[mbzshare]

Leave a Reply

Your email address will not be published.