സംഘങ്ങളുടെ വായ്പയ്ക്ക് പലിശനിരക്ക് കൂട്ടാന്‍ കേരളബാങ്ക്; പഠിക്കാന്‍ സമിതി

Deepthi Vipin lal

കേരളബാങ്കിന്റെ നടപടികള്‍ പ്രാഥമിക സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെ, സംഘങ്ങളുടെ വായ്പയ്ക്ക് പലിശ നിരക്ക് ഉയര്‍ത്താനും ആലോചന. കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബാങ്ക് ഉദ്യോഗസ്ഥര്‍ അജണ്ടയായി നിശ്ചയിച്ചിരുന്നെങ്കിലും ബോര്‍ഡിലെ പ്രാഥമിക സഹകരണ ബാങ്ക് പ്രതിനിധികള്‍ എതിര്‍ത്തു. അപ്പക്സ് ബാങ്ക് എന്ന രീതിയില്‍ പ്രാഥമിക സംഘങ്ങളെ സഹായിക്കേണ്ട നിലപാടിന് പകരം പ്രതിസന്ധിയിലാക്കുന്ന നടപടിയുണ്ടാകുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്ത് പ്രാഥമിക ബാങ്കുകള്‍ക്ക് നല്‍കിയ സഹായവായ്പകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു, കേരളബാങ്കിന്റെ അപ്പക്സ് കൈത്താങ്ങ് ഉദ്യോഗസ്ഥര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. അത് ഭരണസമിതി അംഗങ്ങള്‍ അംഗീകരിച്ചില്ല. ഇതോടെ, പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുള്ള സേവനങ്ങളും സഹായങ്ങളും പഠിക്കുന്നതിനും അതിന് ഈടാക്കുന്ന നിരക്ക് പരിശോധിക്കുന്നതിനും ഭരണസമിതി ഉപസമിതിയെ നിയോഗിച്ചു. ഈ ഉപസമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം പലിശ നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് ചൂണ്ടിക്കാട്ടി ബാങ്കിന്റെ നിര്‍ദ്ദേശം പരിഗണിക്കാതെ മാറ്റിവെച്ചു.

ക്യാഷ് ക്രഡിറ്റ് വായ്പയ്ക്ക് അരശതമാനം പലിശ കൂട്ടണമെന്നായിരുന്നു നിര്‍ദ്ദേശം. സംഘങ്ങളില്‍നിന്നുള്ള നിക്ഷേപത്തിന് പലിശ കുറയ്ക്കണമെന്ന് നേരത്തെ ഭരണസമിതി യോഗത്തില്‍ അജണ്ടവെച്ചിരുന്നു. ഇത് ഭരണസമിതി തള്ളിയതിന് പിന്നാലെ സഹകരണ സംഘം രജിസ്ട്രാര്‍ സഹകരണസംഘങ്ങള്‍ സ്വീകരിക്കുന്ന നിക്ഷേപത്തിന് പലിശ കുറച്ച് സര്‍ക്കുലര്‍ ഇറക്കി. ആറരശതമാനം പലിശയ്ക്ക് നിക്ഷേപം സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. ഇതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് സര്‍ക്കാര്‍ ട്രഷറികളില്‍ നല്‍കുന്നത്. ഇതോടെ സഹകരണ സംഘങ്ങളിലെത്തുന്ന നിക്ഷേപത്തിന്റെ തോത് കുറഞ്ഞു. കേരളബാങ്കിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രജിസ്ട്രാര്‍ നിക്ഷേപത്തിന്റെ പലിശ കുറച്ചതെന്ന ആക്ഷേപമുണ്ട്.

വ്യക്തിഗത വായ്പകള്‍ക്ക് നല്‍കുന്ന പരിഗണന പോലും പ്രാഥമിക സംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് കേരളബാങ്കില്‍നിന്ന് ലഭിക്കുന്നില്ലെന്നാണ് പരാതി. 8.5 ശതമാനത്തിനാണ് കേരളബാങ്ക് വ്യക്തികള്‍ക്ക് സ്വര്‍ണ പണയ വായ്പ നല്‍കുന്നത്. ചില സ്ഥാപനങ്ങള്‍ക്ക് 9.2ശതമാനത്തിനും വായ്പ നല്‍കിയിട്ടുണ്ട്. അതേസമയം, പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്ന ക്യാഷ് ക്രഡിറ്റ് വായ്പയ്ക്ക് കുറഞ്ഞത് 9.5 ശതമാനം പലിശ ലഭിക്കണമെന്നാണ് കേരളബാങ്കിന്റെ ആവശ്യം. സംഘങ്ങളുടെ നിക്ഷേപത്തിന് പലിശ കുറയ്ക്കുകയും സംഘങ്ങളെടുക്കുന്ന വായ്പയ്ക്ക് പലിശ കൂട്ടുകയും ചെയ്യുന്നതിനെയാണ് പ്രാഥമിക ബാങ്ക് പ്രതിനിധികള്‍ എതിര്‍ക്കുന്നത്.

കേരളബാങ്ക് വന്നാല്‍ കാര്‍ഷിക വായ്പയ്ക്ക് ഒരുശതമാനം പലിശ കുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പായിട്ടില്ല. നേരത്തെ ജില്ലാബാങ്കുകള്‍ വാങ്ങിയ പലിശ കൂടി കേരളബാങ്ക് ഈടാക്കിയതാണ് ഇതിന് കാരണം. കേരളബാങ്കില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ശക്തമാക്കുന്നതും പ്രാഥമിക സഹകരണ സംഘങ്ങളെയാണ് പ്രതിസന്ധിയിലാക്കുന്നത്. ഓഹരിയും ദീര്‍ഘകാല നിക്ഷേപവും പിന്‍വലിക്കുന്നതിന് വിലക്കുണ്ട്. മൂലധന പര്യാപ്തത ഒമ്പത് ശതമാനം ഉണ്ടെങ്കില്‍ മാത്രമേ ഓഹരിയും ദീര്‍ഘകാല നിക്ഷേപവും പിന്‍വലിക്കാന്‍ അനുവദിക്കാവൂവെന്നാണ് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദ്ദേശം.

ഇത് കേരളബാങ്കിനും ബാധകമാകുമെന്ന് ഉറപ്പാണ്. കേരളബാങ്കിന് മൂലധന പര്യാപ്തത ഒമ്പത് ശതമാനം കൈവരിക്കാനായിട്ടില്ല. അതിനാല്‍, പ്രാഥമിക സംഘങ്ങളുടെ ദീര്‍ഘകാല നിക്ഷേപവും ഓഹരിയും പിന്‍വലിക്കാന്‍ പ്രയാസമാകും. കേരളബാങ്ക് രൂപീകരണ ഘട്ടത്തിലുണ്ടാക്കിയ ധാരണപത്രം അനുസരിച്ച് ഒരുവര്‍ഷം ഓഹരിക്ക് 10ശതമാനം ഇന്‍സെന്റീവ് നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇതും പാലിക്കപ്പെട്ടിട്ടില്ല. കോവിഡിന് ശേഷം പ്രാഥമിക സഹകരണ ബാങ്കുകളിലും വായ്പ തിരിച്ചടവിന് പ്രയാസം നേരിടുന്നുണ്ട്. ഈ ഘട്ടത്തില്‍ അപ്പക്സ് ബാങ്കായ കേരളബാങ്ക് പ്രാഥമിക സംഘങ്ങളുടെ നിലനില്‍പ് പരിഗണിക്കാത്ത തീരുമാനമെടുക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News