സംഘങ്ങളുടെ നിക്ഷേപത്തിന്മേലുള്ള പലിശ വരുമാനത്തിനു ടി.ഡി.എസ്.അടയ്ക്കണമെന്ന നിര്‍ദേശംഹൈക്കോടതി സ്റ്റേ ചെയ്തു
സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കിലും അര്‍ബന്‍ ബാങ്കുകളിലും നടത്തിയ നിക്ഷേപത്തിന്മേലുള്ള പലിശവരുമാനത്തിനു ആദായനികുതി വകുപ്പ് 194 എ അനുസരിച്ച് ഉറവിട നികുതി ( ടി.ഡി.എസ് ) അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ നിര്‍ദേശം കേരള ഹൈക്കോടതി ആറു മാസത്തേക്കു സ്റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണു മലപ്പുറം ജില്ലയിലെ 21 സഹകരണ ബാങ്കുകള്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സ്റ്റേ അനുവദിച്ചത്. 2021 ഡിസംബര്‍ 23 നാണു ഹൈക്കോടതി ഈ ഉത്തരവിട്ടത്.
വര്‍ഷത്തില്‍ അമ്പതു കോടിയിലധികം രൂപ വിറ്റുവരവുള്ള ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള നിക്ഷേപകരില്‍ നിന്നു ടി.ഡി.എസ്. ഈടാക്കണമെന്ന ഫിനാന്‍സ് ആക്ടിലെ പുതിയ ഭേദഗതിനിര്‍ദേശമനുസരിച്ച് ബാങ്കുകള്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്തുകൊണ്ടാണു 21 സഹകരണ ബാങ്കുകള്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. 2020 ഏപ്രില്‍ ഒന്നു മുതല്‍ ടി.ഡി.എസ്. പിടിക്കുമെന്നു കാണിച്ചാണു നോട്ടീസ് അയച്ചിരുന്നത്.
മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ്, മങ്കട, കുറുപ്പത്തല്‍, പാങ്ങ്, തിരുവാലി, പോരൂര്‍, പുന്നപ്പാല, ഈസ്റ്റ് ഏറനാട്, ചുങ്കത്തറ, മമ്പാട്, വഴിക്കടവ്, മൂത്തേടം, വണ്ടൂര്‍, കാളികാവ്, ചാലിയാര്‍, തുവ്വൂര്‍, നിലമ്പൂര്‍, അമരമ്പലം, കരുളായി, ചോക്കാട്, പോത്തുകല്‍ സര്‍വീസ് സഹകരണ ബാങ്കുകളാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍, ആദായനികുതി വകുപ്പ് ടി.ഡി.എസ്. വിഭാഗം കമ്മീഷണര്‍, ഇന്‍കം ടാക്‌സ് ഓഫീസര്‍, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, കേരള സ്റ്റേറ്റ് സഹകരണ ബാങ്ക്, കോട്ടക്കല്‍ അര്‍ബന്‍ ബാങ്ക്, പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക്, നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക്, മഞ്ചേരി അര്‍ബന്‍ ബാങ്ക്, തിരൂര്‍ അര്‍ബന്‍ ബാങ്ക്, പൊന്നാനി അര്‍ബന്‍ ബാങ്ക് എന്നിവരാണ് എതിര്‍കക്ഷികള്‍.
സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന സ്റ്റേ ഉത്തരവിനെ സഹകരണ സംരക്ഷണ സമിതി ചെയര്‍മാന്‍ അബ്ദുള്‍ അസീസ് കൊളക്കാടന്‍, കണ്‍വീനര്‍ ഹനീഫ പെരിഞ്ചീരി എന്നിവര്‍ സ്വാഗതം ചെയ്തു. ഇതിനകം 153 സംഘങ്ങള്‍ക്കു സ്റ്റേ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നു ഇരുവരും പറഞ്ഞു.
[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/01/215700302632021_1.pdf”]