സംഘങ്ങളും കോര്‍പ്പറേറ്റ് സംസ്‌കാരവും

[mbzauthor]

ഡോ. ഇന്ദുലേഖ ആര്‍, സിജിന്‍ ബി.ടി.

( ഡോ. ഇന്ദുലേഖ ആലപ്പുഴയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ്
ടെക്‌നോളജിയില്‍ അസി. പ്രൊഫസറും സിജിന്‍ എറണാകുളത്തെ
സ്‌പോര്‍ട്‌സ് ആന്റ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയരക്ടറുമാണ് )

(2021 ഫെബ്രുവരി ലക്കം)

സഹകരണ മേഖലയില്‍ ജോലി ചെയ്യാന്‍ ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ മടി കാട്ടുന്നു. അവിടെ കോര്‍പ്പറേറ്റ് സംസ്‌കാരമില്ല എന്നാണിവരുടെ അഭിപ്രായം. സ്വകാര്യ മേഖലയില്‍ മാത്രമാണ് സ്ഥാപന സംസ്‌കാരമുള്ളതെന്ന തെറ്റിദ്ധാരണ മാറ്റിയേ തീരൂ. സഹകരണ സംഘങ്ങളില്‍ അധികാരാധിഷ്ഠിത സംസ്‌കാരമാണ് നിലനില്‍ക്കുന്നതെന്ന സമൂഹധാരണ തിരുത്തിയെഴുതി പുതുതലമുറയുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള സ്ഥാപന സംസ്‌കാരം കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യണം ? ഒരാലോചന.

സമീപകാലത്താണ് സഹകരണം പ്രധാന വിഷയമായി പഠിക്കുന്ന ഒരു കൂട്ടം പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ പ്ലേസ്മെന്റ് ട്രെയിനിങ്ങില്‍ ക്ലാസെടുക്കാനിടയായത്. അവരില്‍ പലര്‍ക്കും സഹകരണ മേഖലയില്‍ ജോലി നോക്കാന്‍ താല്‍പ്പര്യമില്ല എന്ന വസ്തുത അത്ഭുതപ്പെടുത്തി. അവര്‍ക്കെല്ലാം താല്‍പ്പര്യം കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി നോക്കാനാണ്. ഏറ്റവും രസകരമായ കാര്യം അതിനുള്ള കാരണമാണ്. സഹകരണ മേഖലയില്‍ കോര്‍പ്പറേറ്റ് കള്‍ച്ചറില്ല എന്നാണ് അവരുടെ അഭിപ്രായം. മറ്റ് പലരോടും പിന്നീട് സംസാരിച്ചപ്പോഴാണ് ഇത് ആ വിദ്യാര്‍ഥികളുടെ മാത്രം തെറ്റിദ്ധാരണയല്ല, നമ്മുടെ സമൂഹത്തിന്റെ പൊതുവിലുള്ള തെറ്റിദ്ധാരണയാണെന്ന് മനസ്സിലായത്. സ്വകാര്യ മേഖലയില്‍ മാത്രമാണ് കോര്‍പ്പറേറ്റ് സംസ്‌കാരമുള്ളതെന്നു നമ്മള്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അതു മാത്രമല്ല, സ്വകാര്യ കുത്തകക്കമ്പനികളെ സൂചിപ്പിക്കാനാണ് നമ്മള്‍ പൊതുവെ കോര്‍പ്പറേറ്റ് എന്ന പദം ഉപയോഗിക്കുന്നത്.

വിസ്തൃതമായ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന, ഭീമമായ മൂലധനമുള്ള വലിയ സ്ഥാപനങ്ങളെയാണ് യഥാര്‍ഥത്തില്‍ കോര്‍പ്പറേറ്റ് എന്ന പദം സൂചിപ്പിക്കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള വലിയ സ്ഥാപനങ്ങള്‍ മാത്രമല്ല സര്‍ക്കാര്‍ ഉടമസ്ഥതയിലും സഹകരണ മേഖലയിലും പ്രവര്‍ത്തിക്കുന്ന വലിയ സ്ഥാപനങ്ങളും എന്തിനു ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന വലിയ സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകളാണ്. പൊതുമേഖലയിലുള്ള ബാങ്കുകള്‍, എണ്ണക്കമ്പനികള്‍ എന്നിവ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റുകള്‍ക്കും അമൂല്‍, ഇഫ്കോ എന്നിവ സഹകരണ മേഖലയിലുള്ള കോര്‍പ്പറേറ്റുകള്‍ക്കും റെഡ്ക്രോസ്, യൂണിസെഫ് എന്നിവ ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കും മികച്ച ഉദാഹരണങ്ങളാണ്. ഇങ്ങനെയുള്ള വിവിധ കോര്‍പ്പറേറ്റുകളില്‍ വ്യത്യസ്തങ്ങളായ തൊഴില്‍ സംസ്‌കാരവും ബിസിനസ് സംസ്‌കാരവുമാണ് നിലവിലുള്ളത്. ആ സംസ്‌കാരത്തെയാണ് ഏറ്റവും ലളിതമായി നമുക്ക് കോര്‍പ്പറേറ്റ് കള്‍ച്ചര്‍ എന്നു വിശേഷിപ്പിക്കാവുന്നത്.

എന്താണ് കോര്‍പ്പറേറ്റ് കള്‍ച്ചര്‍ ?

ഒരു സ്ഥാപനത്തിന്റെ മാനേജ്മെന്റിനു അതിലെ ജീവനക്കാരോടും സ്ഥാപനത്തിന് ( മാനേജ്മെന്റും ജീവനക്കാരും കൂട്ടായി ) അതിന്റെ ഉപഭോക്താക്കളോടും പങ്കാളികളോടും സമൂഹത്തോടുമുള്ള പെരുമാറ്റത്തിനു അടിസ്ഥാനമായ വിശ്വാസങ്ങളേയും മൂല്യങ്ങളേയുമാണ് പൊതുവില്‍ കോര്‍പ്പറേറ്റ് കള്‍ച്ചര്‍ അഥവാ സ്ഥാപന സംസ്‌കാരം എന്നു നിര്‍വചിക്കുന്നത്. സ്ഥാപനത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും നയവും ദര്‍ശനങ്ങളും ലക്ഷ്യങ്ങളും നേതൃത്വശൈലിയും ആ സ്ഥാപനത്തിന്റെ സംസ്‌കാരത്തില്‍ പ്രതിഫലിക്കും. വലിയ സ്ഥാപനങ്ങളെയാണ് കോര്‍പ്പ റേറ്റ് എന്നു വിശേഷിപ്പിക്കുന്നതെങ്കിലും കോര്‍പ്പറേറ്റ് കള്‍ച്ചര്‍ എന്നത് വലിയ സ്ഥാപനങ്ങളില്‍ മാത്രമല്ല, ഒരാളും രണ്ടാളും മാത്രം ജോലി നോക്കുന്ന വളരെ ചെറിയ സ്ഥാപനങ്ങളില്‍ പോലും കാണാവുന്നതാണ്.


ആദ്യകാലങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ മാത്രമാണ് നല്ല രീതിയില്‍ നിര്‍വചിക്കപ്പെട്ട സ്ഥാപന സംസ്‌കാരമുണ്ടായിരുന്നതെങ്കില്‍ ഇന്നത് ജീവിതത്തിന്റെ വിവിധ തുറകളിലുള്ള വിവിധ സ്ഥാപനങ്ങളിലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. മത്സരാധിഷ്ഠിത വിപണികളില്‍ സ്വന്തം സ്ഥാപനത്തിന്റെ മത്സരമൂല്യം ഉയര്‍ത്തിിപ്പിടിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഉപഭോക്താക്കളേയും ജീവനക്കാരേയും ആ സ്ഥാപനവുമായി കൂടുതല്‍ ബന്ധിപ്പിച്ചു നിറുത്തുന്നതിനാണ് സ്വകാര്യ സ്ഥാപനങ്ങള്‍ മികച്ച സ്ഥാപന സംസ്‌കാരം വളര്‍ത്തിയെടുത്തത്. പ്രൊഫഷണലിസം, കസ്റ്റമര്‍ മാനേജ്മെന്റ്, സാമൂഹിക പ്രതിബദ്ധത എന്നിങ്ങനെയുള്ള വിവിധ ആശയങ്ങള്‍ സ്ഥാപന സംസ്‌കാരവുമായി ബന്ധപ്പെട്ട് വളര്‍ന്നു വന്നവയാണ്.

ഉപഭോക്തൃ സംഘങ്ങള്‍ എന്ന വെല്ലുവിളി

സ്വകാര്യ കച്ചവടക്കാരുടെ ചൂഷണത്തില്‍ നിന്നു ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ രൂപംകൊണ്ടവയാണ് ആദ്യകാല ഉപഭോക്തൃ സഹകരണ സംഘങ്ങള്‍. ഇത്തരം സഹകരണ സംഘങ്ങളുയര്‍ത്തിയ ഭീഷണിയെ അതിജീവിക്കാനാണ് സ്വകാര്യ കച്ചവടക്കാര്‍ ഉപഭോക്തൃ സേവനം എന്ന ആശയം മുന്നോട്ടുവച്ചത്. സഹകരണ സംഘങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കി ഉപഭോക്താക്കളുടെ മനസ്സു കീഴടക്കിയപ്പോള്‍ സ്വകാര്യ മേഖല ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ്് അനുഭവങ്ങള്‍ വാഗ്ദാനം ചെയ്തു. മികച്ച കസ്റ്റമര്‍ സര്‍വീസും വൈവിധ്യമാര്‍ന്ന സാധനങ്ങളും ബ്രാന്‍ഡുകളും സ്വയം തിരഞ്ഞെടുക്കാനുള്ള അവസരവും വേഗമേറിയ ചെക്കൗട്ടും മികച്ച ഷോപ്പിങ് അന്തരീക്ഷവും അതിന്റെ ഭാഗമായിരുന്നു. കാലക്രമത്തില്‍ സമൂഹത്തിന്റെ ക്രയശേഷി വര്‍ധിച്ചതോടെ ഉപഭോക്താക്കള്‍ വിലക്കിഴിവിനെക്കാള്‍ മികച്ച ഷോപ്പിങ് അനുഭവങ്ങള്‍ക്കു പ്രാധാന്യം നല്‍കിത്തുടങ്ങി. കാലക്രമേണ സ്വകാര്യ മേഖലയോടൊപ്പമുള്ള ആരോഗ്യകരമായ മത്സരത്തിനു സഹകരണ മേഖലയും ഉപഭോക്താക്കള്‍ക്കു മികച്ച ഷോപ്പിങ് അനുഭവങ്ങള്‍ നല്‍കിത്തുടങ്ങി. അതും കുറഞ്ഞ വിലയ്ക്ക്. സ്വകാര്യമേഖല ഓഫറുകള്‍, ലോയല്‍റ്റി പോയന്റുകള്‍ എന്നിങ്ങനെ പല പേരുകളില്‍ വിലക്കുറവ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നതായുള്ള പ്രതീതി സൃഷ്ടിച്ചു.

മുകളില്‍ സൂചിപ്പിച്ചത് ഉപഭോക്താക്കളുമായുള്ള ഇടപെടലില്‍ മികച്ച സ്ഥാപന സംസ്‌കാരം ആവിര്‍ഭവിക്കാനിടയായ സാഹചര്യമാണ്. എന്നാല്‍, തൊഴില്‍ ബന്ധങ്ങളില്‍ മികച്ച സ്ഥാപന സംസ്‌കാരം ഉരുത്തിരിഞ്ഞുവന്നത് വിവിധ തൊഴിലാളി മുന്നേറ്റങ്ങളും നിയമ നിര്‍മാണങ്ങളും സൃഷ്ടിച്ച അടിത്തറയിലാണ്. അതിനൊപ്പം തന്നെ എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന ദര്‍ശനം മുന്നോട്ടു വച്ച റോബര്‍ട്ട് ഓവനും തങ്ങളുടെ തൊഴിലാളികളുടെ വിനോദത്തിനായി ഫാക്ടറികളില്‍ത്തന്നെ സൗകര്യങ്ങള്‍ ഒരുക്കിയ തൊഴിലുടമകളും ( ജീവനക്കാര്‍ക്കായി ഫുട്ബോള്‍ ക്ലബ്ബുകള്‍ രൂപവത്കരിക്കുകവരെ ചെയ്തവരുണ്ട് ) ഒരു പുതിയ തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടില്‍ മാനേജ്മെന്റ് തത്വങ്ങള്‍ക്കു ലഭിച്ച വ്യാപകമായ അംഗീകാരവും ആരോഗ്യകരമായ സ്ഥാപന സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി.

സാമൂഹിക പ്രതിബദ്ധത എന്നത് സഹകരണ പ്രസ്ഥാനങ്ങളുടെ ഉല്‍പ്പത്തി മുതല്‍തന്നെ അവയുടെ സ്ഥാപന സംസ്‌കാരത്തിന്റെ അടിസ്ഥാന ശിലയായിരുന്നു. ഈ ആധുനിക കാലഘട്ടത്തില്‍ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും സ്വയേച്ഛയാലോ നിയമങ്ങളുടെ നിര്‍ബന്ധത്താലോ സാമൂഹിക പ്രതിബദ്ധതയെ അവരുടെ സ്ഥാപന സംസ്‌കാരത്തിന്റെ ഭാഗമാക്കി. ഉദാരവത്കരണത്തിന്റേയും സ്വകാര്യവത്കരണത്തിന്റേയും ആഗോളവത്കരണത്തിന്റേയും കാലഘട്ടത്തില്‍ സ്വകാര്യ മേഖലയും സഹകരണ മേഖലയും മാത്രമല്ല വിപണിയില്‍ മത്സരിക്കുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ആരോഗ്യകരമായ സ്ഥാപന സംസ്‌കാരത്തെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നത് നമുക്കു കാണാന്‍ സാധിക്കും.

സ്ഥാപന സംസ്‌കാര തലങ്ങള്‍

സ്ഥാപന സംസ്‌കാരത്തെ പ്രധാനമായും മൂന്നു തലങ്ങളായി നമുക്ക് വേര്‍തിരിക്കാം:

1. പ്രതിബിംബങ്ങള്‍ : ഏതൊരു സ്ഥാപനത്തിന്റെയും സംസ്‌കാരത്തിന്റെ ഏറ്റവും പുറമെ കാണുന്ന തലമാണ് പ്രതിബിംബങ്ങള്‍. പൊതുസമൂഹം ഒരു സ്ഥാപനത്തെ എങ്ങനെ വിലയിരുത്തുന്നു എന്നത് ഇത്തരം പ്രതിബിംബങ്ങളെ ആശ്രയിച്ചിരിക്കും. സ്ഥാപനങ്ങളുടെ ബ്രാന്‍ഡിങ്, ഓഫീസ് അന്തരീക്ഷം, സൗകര്യങ്ങള്‍, സ്ഥാപനത്തിന്റെ ആശയവിനിമയ – പെരുമാറ്റ രീതികള്‍ എന്നിങ്ങനെ പുറമെ നിന്നു നമുക്ക് എളുപ്പത്തില്‍ വിശകലനം നടത്താവുന്ന എല്ലാ കാര്യങ്ങളേയും നമുക്ക് പ്രതിബിംബങ്ങളായി കണക്കാക്കാം.

2. സ്ഥാപനമൂല്യങ്ങള്‍ : ഒരു സ്ഥാപനത്തിന്റെ പൊതുവായ പ്രവര്‍ത്തനക്രമം രൂപപ്പെടുത്തുന്നതിലേ്ക്ക് നയിക്കുന്ന ആശയങ്ങളുടെയും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിനു സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളുടേയും ആകത്തുകയാണ് മൂല്യങ്ങള്‍ എന്നറിയപ്പെടുന്നത്. ഒരു സ്ഥാപനത്തിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ അവയുടെ സ്ഥാപകരുടേയും മാനേജ്മെന്റിന്റേയും മൂല്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, മാനേജ്മെന്റ് നയങ്ങള്‍ എന്നിവയിലെല്ലാംതന്നെ ഈ സ്ഥാപന മൂല്യങ്ങള്‍ പ്രതിഫലിക്കുന്നു.

3. അനുമാനങ്ങള്‍ : സ്ഥാപന സംസ്‌കാരത്തിന്റെ യഥാര്‍ഥ അടിസ്ഥാന സത്ത ആ സ്ഥാപനത്തെക്കുറിച്ച് പൊതു സുമൂഹം രൂപപ്പെടുത്തിയെടുത്തിരിക്കുന്ന അനുമാനങ്ങളാണ്. സ്ഥാപനത്തെക്കുറിച്ചും അതിലെ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുമെല്ലാം പൊതുസമൂഹത്തില്‍ വ്യാപരിക്കുന്ന ശരിയും തെറ്റുമായ വിവരങ്ങളിലൂടേയും മുന്‍വിധികളിലൂടേയുമാണ് സമൂഹത്തിന്റെ പൊതുമനസ്സില്‍ ഈ അനുമാനങ്ങള്‍ രൂപപ്പെട്ടുവരുന്നത്.

സ്ഥാപന സംസ്‌കാര മാതൃകകള്‍

പ്രധാനമായും സ്ഥാപന സംസ്‌കാരത്തെ നമുക്ക് നാലായി തിരിക്കാം.

1. ഗോത്ര സംസ്‌കാരം അഥവാ സഹകരണ സംസ്‌കാരം : സ്ഥാപനം ഒരു കുടുംബം പോലെ പ്രവര്‍ത്തിക്കുന്ന വളരെ സൗഹാര്‍ദപരമായ തൊഴില്‍ സംസ്‌കാരമാണിത്. ജീവനക്കാര്‍ അവരുടെ ജോലി ആസ്വദിക്കുന്നുവെന്നതും ജീവനക്കാര്‍ക്കിടയിലും ജീവനക്കാരും മാനേജ്മെന്റും തമ്മിലും മികച്ച ആശയവിനിമയവും ഇത്തരം സംസ്‌കാരത്തിന്റെ നല്ല വശങ്ങളാണ്. എന്നാല്‍, അമിതമായ ടീംവര്‍ക്കും നിരന്തര ചര്‍ച്ചകളും ഉല്‍പ്പാദനക്ഷമതയുടെ കുറവിനു കാരണമാവാം. ടീം അംഗങ്ങളുടെ വികാരം വ്രണപ്പെടുമെന്ന ഭയം കഠിനമായ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്നു മാനേജ്മെന്റിനെ പിന്തിരിപ്പിക്കുമെന്നതും ഇത്തരം സംസ്‌കാരത്തിന്റെ ന്യൂനതകളാണ്. തുടക്കക്കാരായ ചെറിയ സ്ഥാപനങ്ങളും കുടുംബ ബിസിനസ്സുകളുമെല്ലാംതന്നെ ഇത്തരം സംസ്‌കാരം പിന്തുടരുന്നവയാണ്.

2. സംരംഭകത്വ സംസ്‌കാരം : ജീവനക്കാരെ ബിസിനസ് വളര്‍ച്ചക്കായി പുതിയ ആശയങ്ങളും റിസ്‌ക്കും എടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപന സംസ്‌കാരമാണിത്. വളരെ ഉയര്‍ന്ന വളര്‍ച്ചയും പുതിയതും ദുഷ്‌കരവുമായ പ്രവൃത്തികള്‍ ചെയ്യുന്നതിനു ജീവനക്കാര്‍ക്ക് ആത്മവിശ്വാസവും ഇത്തരം സ്ഥാപന സംസ്‌കാരം നല്‍കുന്നു. നിരന്തരം പുത്തന്‍ ആശയങ്ങളെ പിന്തുടരുന്നതിനാല്‍ ബിസിനസ്സിനു സ്ഥിരതയില്ലാതിരിക്കുന്നതും ദ്രുതഗതിയില്‍ തീരുമാനങ്ങളെടുക്കാന്‍ പരിചയമില്ലാത്തതിനാല്‍ പുതിയ ജീവനക്കാര്‍ക്കുണ്ടാകുന്ന ഭയവും അരക്ഷിതാവസ്ഥയും ഈ സ്ഥാപന സംസ്‌കാരത്തിന്റെ ന്യൂനതകളാണ്. സ്റ്റാര്‍ട്ടപ്പുകള്‍, ക്രിയാത്മകമായ ബിസിനസ്സുകള്‍ എന്നിവ ഈ സംസ്‌കാരത്തെ പിന്തുടരുന്നു.

3. വിപണി സംസ്‌കാരം : മത്സരാധിഷ്ഠിത സംസ്‌കാരമെന്നും അറിയപ്പെടുന്നു. സ്ഥാപനം നിശ്ചയിക്കുന്ന പ്രവര്‍ത്തനലക്ഷ്യങ്ങള്‍ നേടുന്നതിനു എന്തു അപായകരമായ നടപടികളും സ്വീകരിക്കുന്ന സംസ്‌കാരമാണിത്. ജീവനക്കാര്‍ക്കുമേല്‍ ഉയര്‍ന്ന തൊഴില്‍സമ്മര്‍ദമുണ്ടെങ്കിലും ലക്ഷ്യങ്ങള്‍ നേടുന്നതിലൂടെ ജീവനക്കാര്‍ക്കു ലഭിക്കുന്ന വലിയ നേട്ടങ്ങള്‍ ഈ സംസ്‌കാരത്തിന്റെ മേ•യാണ്. ഉയര്‍ന്ന തൊഴില്‍ സമ്മര്‍ദം നിമിത്തമുണ്ടാകുന്ന അരക്ഷിതാവസ്ഥയും മറ്റ് പ്രശ്നങ്ങളും ഈ സംസ്‌കാരത്തിന്റെ കുറവുകളാണ്. ഇടത്തരം വലിപ്പമുള്ളതും വലിയതുമായ സ്വകാര്യ കമ്പനികളില്‍ ഈ സംസ്‌കാരം നിലനില്‍ക്കുന്നു.

4. അധികാരാധിഷ്ഠിത സംസ്‌കാരം : കൂടുതല്‍ ചട്ടക്കൂടുകളുള്ളതും നടപടിക്രമങ്ങളില്‍ അധിഷ്ഠിതവുമായ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നത് അധികാരാധിഷ്ഠിത സംസ്‌കാരമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും നിലവിലുള്ള നടപടിക്രമങ്ങളനുസരിച്ചായിരിക്കും നയിക്കപ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ നൂതനാശയങ്ങളും സ്വതന്ത്ര ചിന്താഗതിയും പൊതുവില്‍ വളരെ കുറവായിരിക്കും. ഏതാണ്ട് എല്ലാ നടപടിക്രമങ്ങളും എഴുതിവയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ ഭൂരിഭാഗം ആശയവിനിമയങ്ങളിലും നടപടികളിലും വ്യക്തതയുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്കു കൂടുതല്‍ സുരക്ഷിതത്വം ഇത്തരം സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്നു. നടപടിക്രമങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതിനാലും കര്‍ക്കശ രീതികള്‍ പിന്തുടരുന്നതിനാലും ജീവനക്കാരുടെ പുത്തന്‍ ആശയങ്ങളേയും സ്വതന്ത്ര ചിന്താഗതിയേയും ഇത്തരം സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നില്ല. ജീവനക്കാരോടും ഉപഭോക്താക്കളോടുമുള്ള ഇടപെടലുകളിലും ഈ കര്‍ക്കശ നിലപാട് അനുഭവപ്പെടും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവ പൊതുവില്‍ ഈ സംസ്‌കാരം പിന്തുടരുന്നു.

സ്ഥാപന സംസ്‌കാരം ഹിതകരമാവണം

മുകളില്‍ സൂചിപ്പിച്ച സംസ്‌കാര മാതൃകകളില്‍ നിന്നുതന്നെ നമ്മള്‍ നിത്യജീവിതത്തില്‍ ഇടപഴകുന്ന ഓരോ സ്ഥാപനത്തിലും ഏതു തരത്തിലുള്ള സ്ഥാപന സംസ്‌കാരമാണ് നിലനില്‍ക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, ഏതെങ്കിലും ഒരു സംസ്‌കാരത്തെ അന്ധമായി പിന്തുടരുക എന്നതല്ല, മറിച്ച് ജീവനക്കാരും ഉപഭോക്താക്കളും പൊതുസമൂഹവും പ്രതീക്ഷിക്കുന്ന ഹിതകരമായ സ്ഥാപന സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു ഏറ്റവും പ്രധാനം. സമൂഹത്തിന് ഇഷ്ടപ്പെടുന്ന ഹിതകരമായ സ്ഥാപന സംസ്‌കാരം വലിയ സ്വകാര്യ സ്ഥാപനങ്ങളില്‍ മാത്രമാണ് നിലനില്‍ക്കുന്നത് എന്ന മുന്‍വിധിയാണ് സഹകരണ മേഖലയില്‍ കോര്‍പ്പറേറ്റ് കള്‍ച്ചറില്ല എന്ന തെറ്റിദ്ധാരണ പരക്കാന്‍ നിമിത്തമാകുന്നത്.

ഏതൊരു സ്ഥാപനത്തിന്റെയും സംസ്‌കാര രൂപവത്കരണം ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് സാധിക്കുന്നതല്ല. കാലക്രമത്തില്‍ വന്നുചേരേണ്ടതും മറ്റു പല ഘടകങ്ങളുടേയും സ്വാധീനം നിമിത്തം കാലകാലങ്ങളില്‍ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകേണ്ടതുമായ ഒന്നാണ് സ്ഥാപന സംസ്‌കാരം. ഈ സംസ്‌കാരങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കപ്പെടേണ്ടതാണെങ്കില്‍ അവയെ പരിപോഷിപ്പിക്കുകയും ഒഴിവാക്കപ്പെടേണ്ടവയെ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് സംസ്‌കാര രൂപവത്കരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ നടത്തേണ്ടത്. സഹകരണ മേഖലയിലെ വിവിധ സഹകരണ സ്ഥാപനങ്ങള്‍ തങ്ങളുടെ വിപണിയുടെ പ്രതീക്ഷകളും പ്രതിസന്ധികളും തിരിച്ചറിഞ്ഞ് അതിനെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഏതൊക്കെ മേഖലകളിലാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടത് എന്നു മനസ്സിലാക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി ഒരു പദ്ധതി രൂപവത്കരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. തങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളുടേയും വിപണിയുടെ പ്രതീക്ഷയുടേയും പ്രതിസന്ധികളുടേയും അടിസ്ഥാനത്തില്‍ വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഇനി പറയുന്ന സ്വാധീന മേഖലകളില്‍ ഊന്നല്‍ നല്‍കിയുള്ള സംസ്‌കാര രൂപവത്കരണത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.

1. സ്ഥാപന ചരിത്രം :

സ്ഥാപന രൂപവത്കരണ ചരിത്രവും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും ഉയര്‍ത്തിക്കാട്ടത്തക്ക രീതിയില്‍ സ്ഥാപന സംസ്‌കാരം വളര്‍ത്തി യെടുക്കുന്നത് സഹകരണ ബാങ്കുകള്‍, തൊഴിലാളി സംഘങ്ങള്‍ പോലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായിരിക്കും. ഇത്തരം സംസ്‌കാര രൂപവത്കരണം സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് അറിവ് നല്‍കാനും അതിലൂടെ അവരുടെ വിശ്വസ്തത നേടിയെടുക്കാനും സഹായകമാവുന്നു. ഉദാഹരണത്തിന് ലോകത്തിലെത്തന്നെ പ്രമുഖ ഡെയറി കമ്പനിയായ അമൂല്‍ എന്ന സഹകരണ പ്രസ്ഥാനത്തിന്റേയും ഇന്ത്യയിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ ഇന്ത്യന്‍ കോഫീ ഹൗസിന്റേയും ചരിത്രം അവയുടെ അംഗങ്ങളേയും ജീവനക്കാരേയും മാത്രമല്ല അവയുടെ ഉപഭോക്താക്കളേയും എന്തിനു പൊതുസമൂഹത്തെപ്പോലും ആവേശം കൊള്ളിക്കുന്നതാണ്. സ്ഥാപനത്തിന്റെ ആരംഭത്തില്‍ അതിനു വേണ്ടി പ്രയത്‌നിച്ച സഹകാരികളുടെ പങ്ക്, ആദ്യകാല ജീവനക്കാരുടെ ത്യാഗവും വിശ്വസ്തതയും, സ്ഥാപനത്തിന്റെ മൂല്യം വളര്‍ത്താന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ എന്നിങ്ങനെയുള്ള പല പ്രതിബിംബങ്ങളിലൂടെ നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും വിശ്വാസം നേടിയെടുക്കാന്‍ സാധിക്കും. മാത്രമല്ല, ഇത്തരം ചരിത്രകഥകള്‍ പുതുതലമുറ ജീവനക്കാരുടെ ഇടയില്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിക്കുകയും അവര്‍ തങ്ങളുടെ സ്ഥാപനത്തോട് കൂടുതല്‍ കൂറു പുലര്‍ത്തുന്നവരും മികച്ച സേവനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയാറാവുന്നവരുമാകും. വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്ക്് തങ്ങളുടെ എതിരാളികളായ സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമേല്‍ മികച്ച മുന്‍ഗുണന ലഭിക്കാന്‍ ഇതു സഹായിക്കും. പുതിയ ജീവനക്കാര്‍ക്ക് ഇന്‍ഡക്ഷന്‍ ട്രെയിനിങ് പോലുള്ള പരിശീലനം നല്‍കുമ്പോഴും സ്ഥാപനം പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുമ്പോഴുമെല്ലാം സ്ഥാപന ചരിത്രം അടിസ്ഥാനമാക്കിയുള്ള സ്ഥാപന സംസ്‌കാരം വളരെയധികം ഗുണം ചെയ്യും.

2. അടിസ്ഥാന സേവനം
/ ഉല്‍പ്പന്നം :

ഒരു സ്ഥാപനം അവര്‍ ഏതു തരം ബിസിനസ് ചെയ്യുന്നു എന്നത് സ്ഥാപന സംസ്‌കാര രൂപവത്കരണത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. കണ്‍സ്യൂമര്‍ സൊസൈറ്റികള്‍ക്ക് അവര്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങളുടേയും സേവനത്തിന്റേയും ഗുണങ്ങള്‍ എടുത്തുകാട്ടുന്ന രീതിയിലുള്ള ഒരു സംസ്‌കാര രൂപവത്കരണമാണ് എല്ലായ്പ്പോഴും യോജിക്കുന്നത്. സംസ്‌കാര രൂപവത്കരണത്തിന്റെ ഓരോ ഘട്ടത്തിലും തങ്ങളുടെ സ്ഥാപനം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിനും പുതിയ സാങ്കേതികവിദ്യകള്‍ക്കുമാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന ധാരണ ജീവനക്കാരിലും ഉപഭോക്താക്കളിലും സൃഷ്ടിക്കാനാകണം. ഉദാഹരണത്തിന് മില്‍മ അവരുടെ പരസ്യത്തിലൂടെയും മറ്റും ഗുണമേ•യ്ക്കു നല്‍കുന്ന പ്രാധാന്യം. പുതുമയുള്ള ഓഫീസ് സംവിധാനങ്ങള്‍, നിരന്തരമായ ഗുണനിലവാര പരിശോധന, നിരന്തരമായി കുറച്ചുകൊണ്ടുവരുന്ന ഉപഭോക്തൃ പരാതികള്‍, സാങ്കേതികവിദ്യ കഴിയുന്നത്ര ഉപയോഗിക്കുന്ന വിപണനരീതികള്‍ തുടങ്ങിയ ഒട്ടനവധി പ്രതിബിംബങ്ങള്‍ ഇത്തരം സഹകരണ സ്ഥാപനങ്ങള്‍ ക്ക് സംസ്‌കാര രൂപവത്കരണത്തിനായി ഉപയോഗിക്കാം.

3. സാമൂഹിക
പ്രതിബദ്ധത :

സഹകരണ സംഘം എന്നത് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്ന മനോഭാവത്തിനു മാറ്റം വരേണ്ട കാലം കഴിഞ്ഞു. പക്ഷേ, ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനരീതികളും ഭൂഷണമല്ല. ദിനേശ് ബീഡി പോലുള്ള സഹകരണ സംഘങ്ങളുടെ സ്ഥാപന സംസ്‌കാര രൂപവത്കരണത്തില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനലാഭത്തിനു മുന്‍തൂക്കം നല്‍കാതെ അവയുടെ അംഗങ്ങളുടേയും സമൂഹത്തിന്റേയും ക്ഷേമം ഉയര്‍ത്തിക്കാട്ടുന്നതാവും ഉചിതം. ദീര്‍ഘകാല ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിയെടുക്കത്തക്ക രീതിയില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള തൊഴിലാളികള്‍ക്കുവേണ്ടി ഇത്തരം സ്ഥാപനങ്ങള്‍ എന്തു ചെയ്യുന്നു എന്നതാവണം സ്ഥാപന സംസ്‌കാരത്തിന്റെ ആണിക്കല്ല്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍്ക്ക് സഹകരണ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍, അവരുടെ ജീവിത നിലവാരത്തിലുള്ള ഉയര്‍ച്ച, നിയമസംഹിതകളെയും സര്‍ക്കാര്‍ വ്യവസ്ഥകളേയും സ്ഥാപനം എത്രത്തോളം വിലമതിക്കുന്നു എന്നിവയൊക്കെയാവാം സാമൂഹിക പ്രതിബദ്ധത അടിസ്ഥാനമാക്കിയുള്ള പ്രതിബിംബങ്ങള്‍.

4. സ്ഥാപന വിസ്ത്യതി :

സഹകരണ സ്ഥാപനങ്ങള്‍ മറ്റ് സമാന സ്ഥാപനങ്ങളെ ഏറ്റെടുക്കുക, പുതിയ പ്രവര്‍ത്തന മേഖലകളിലേക്ക് കടക്കുക, ബ്രാഞ്ചുകളുടെ എണ്ണം കൂട്ടുക എന്നീ മാര്‍ഗങ്ങളിലൂടെ തങ്ങളുടെ പ്രവര്‍ത്തന മേഖല വര്‍ധിപ്പിക്കുമ്പോള്‍ അവയ്ക്ക് പുതിയ കാഴ്ചപ്പാടുകള്‍ തേടേണ്ടി വരും. ഇത്തരം സഹകരണ സ്ഥാപനങ്ങളില്‍ അവയുടെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടുന്ന സംസ്‌കാരരീതികള്‍ അവലംബിക്കുന്നത് നന്നായിരിക്കും. സ്ഥാപനത്തിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് വ്യത്യസ്ത തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്ത ജീവനക്കാര്‍ ഒരേ സ്ഥാപനത്തിന്റെ ഭാഗമാകാനിടയുണ്ട്. അത്തരം ജീവനക്കാരെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതിനും പുതിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തന രീതികളുമായി ഇണക്കിച്ചേര്‍ത്തുകൊണ്ടു പോകുന്നതിനും വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒരു സ്ഥാപന സംസ്‌കാരം അനിവാര്യമാണ്. ഉദാഹരണത്തിന് കേരളത്തിന്റെ സഹകരണമേഖലയില്‍ പുതുചരിത്രം രചിക്കുന്ന കേരള ബാങ്ക്. പൊതു മേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളുടെ നിലവാരത്തിലുള്ള ഒരു ബാങ്കെന്ന നിലയില്‍ ഒരു സഹകരണ ബാങ്കില്‍ നിന്നു ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന സേവനങ്ങള്‍ കൂടാതെ പൊതു മേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളില്‍ നിന്നു പ്രതീക്ഷിക്കുന്ന വിവിധ സേവനങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു സ്ഥാപന സംസ്‌കാര രൂപവത്കരണം കേരള ബാങ്ക് നടത്തേണ്ടതുണ്ട്.

5. പ്രാദേശികമായ കാഴ്ചപ്പാടുകള്‍ :

സഹകരണ സ്ഥാപനങ്ങള്‍ ഏതു പ്രദേശത്ത് സ്ഥിതിചെയ്യുന്നു, ഏതു വിഭാഗത്തിലുള്ള ജനങ്ങളുടെ ഉന്നമനമാണ് ഇത്തരം സഹകരണ സ്ഥാപനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം എന്നിവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സ്ഥാപന സംസ്‌കാരമാണ് ആദിവാസിക്ഷേമ സഹകരണ സംഘങ്ങള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം. ഇത്തരം സ്ഥാപനങ്ങളുടെ സ്വയാര്‍ജിതമായ പ്രത്യേകതകള്‍ ഒട്ടും തന്നെ ചോരാതെ അവര്‍ക്കുതകുന്ന ഒരു സ്ഥാപന സംസ്‌കാരം വികസിപ്പിച്ചെടുത്താലേ അത്തരം സ്ഥാപനങ്ങള്‍ക്ക് ദീര്‍ഘകാല നിലനില്‍പ്പു ണ്ടാവുകയുള്ളു. തനത് മൂല്യങ്ങളും പ്രവര്‍ത്തന രീതികളും പ്രതിബിംബങ്ങളായി സ്വീകരിച്ച് അവയിലധിഷ്ഠിതമായ ഒരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുകയും അത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ ഇടയില്‍ ഈ മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്താലേ സ്ഥാപന സംസ്‌കാര രൂപവത്കരണത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവൂ.


6. സ്ഥാപന കേന്ദ്രീകൃതം :

ലോകത്തിലെ വലിയ വാണിജ്യ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ , സംസ്‌കാരം പലപ്പോഴും ആ സംരംഭങ്ങള്‍ സ്ഥാപിച്ച വ്യക്തികളുടെ വീക്ഷണകോണുകളിലൂടെ പടുത്തുയര്‍ത്തപ്പെട്ടവയാണ്. ഇതേ മാതൃക സഹകരണ മേഖലയിലെ സ്ഥാപനങ്ങള്‍്ക്കും അവയുടെ വേഗമേറിയ വളര്‍ച്ചഘട്ടത്തില്‍ അനുവര്‍ത്തിക്കാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ അവയുടെ വളര്‍ച്ചഘട്ടത്തില്‍ മികച്ച ജീവനക്കാരെ തിരഞ്ഞെടുക്കാനും ശാക്തീകരിക്കാനും നിലനിര്‍ത്താനും സ്വീകരിക്കുന്ന മാര്‍ഗങ്ങളും വിവിധതരം പ്രതിബിംബങ്ങളിലൂടെ സ്ഥാപന സംസ്‌കാരം രൂപപ്പെടുത്തിയെടുത്ത രീതികളും സഹകരണ സംഘങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്. സഹകരണ സ്ഥാപനങ്ങളില്‍ ഈ രീതിയില്‍ സ്ഥാപന സംസ്‌കാരം വളര്‍ത്തിയെടുക്കുമ്പോള്‍ ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നാഴികക്കല്ലായി പ്രവര്‍ത്തിച്ച വ്യക്തികളുടെ സംസ്‌കാരവും രീതികളും നൂതനാശയങ്ങളോടുള്ള മനോഭാവവും റിസ്‌ക്ക് ഏറ്റെടുക്കാനുള്ള ധൈര്യവും ഉയര്‍ത്തിക്കാട്ടിയാണ് സ്ഥാപന സംസ്‌കാരത്തിന്റെ ഓരോ മൂലക്കല്ലും സൃഷ്ടിച്ചെടുക്കേണ്ടത്.

പൊതുവില്‍ സമൂഹം കരുതുന്നത് സഹകരണ സംഘങ്ങളില്‍ നിലനില്‍ക്കുന്നത് അധികാരാധിഷ്ഠിത സംസ്‌കാരമാണെന്നാണ്. ഒരു പരിധി വരെ അത് യാഥാര്‍ഥ്യവുമാണ്. എഴുതിവയ്ക്കപ്പെട്ടിരിക്കുന്ന നിയമാവലികളുടേയും ശക്തമായ നിയന്ത്രണ സംവിധാനങ്ങളുടേയും നിരന്തരമായ പരിശോധനകളുടേയും വിലയിരുത്തലുകളുടേയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ സ്ഥാപനത്തിനു ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ചലനാത്മകത എല്ലാ പ്രവര്‍ത്തനങ്ങളിലും ലഭ്യമാകണമെന്നില്ല. എന്നാല്‍, ഈ ആധുനിക കാലത്ത്, പുതിയ തലമുറയുടെ പ്രതീക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ചുള്ള സ്ഥാപന സംസ്‌കാരം രൂപപ്പെട്ടാല്‍ മാത്രമേ കടുത്ത മത്സരം നടക്കുന്ന ആഗോള, പ്രാദേശിക വിപണികളില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ത്തന്നെ മറ്റ് സ്ഥാപന സംസ്‌കാരങ്ങളുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാതെ തന്നെ മികച്ച സ്ഥാപന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഓരോ സഹകരണ സംഘവും പ്രത്യേകം ശ്രദ്ധിക്കണം.

[mbzshare]

Leave a Reply

Your email address will not be published.