വ്യവസ്ഥയും സര്‍ക്കുലറും മൊത്തം തെറ്റി; ബൈലോ ഭേദഗതി തള്ളിയ ജോയിന്റ് രജിസ്ട്രാര്‍ കുരിശ്ശിലേറി
ഒരു സംഘം ബൈലോ ഭേദഗതി ചെയ്യാന്‍ നല്‍കിയ അപേക്ഷ തള്ളിയത് ജോയിന്റ് രജിസ്ട്രാറെ കുരുക്കിലാക്കി. ആറ് ഭേദഗതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചെണ്ണം തള്ളാനുള്ള കാരണമായി കാണിച്ചിരിക്കുന്നത് രണ്ട് സര്‍ക്കുലര്‍ നമ്പറാണ്. ഇതിലൊന്ന് രജിസ്ട്രാര്‍ റദ്ദാക്കിയ വ്യവസ്ഥകളും, മറ്റൊന്ന് സഹകരണ സംഘങ്ങളെ കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാത്തതുമാണ്. ഫയല്‍ പരിശോധിക്കാതെ തള്ളുന്ന ‘ഗുരുതരമായ വീഴ്ച’ എന്ന് ജോയിന്റ് രജിസ്ട്രാറുടെ നടപടിയെ സര്‍ക്കാര്‍ വിധിച്ചു.
കൊല്ലം ഗാന്ധിജി മെമ്മോറിയല്‍ റസിഡന്‍സ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ ബൈലോ ഭേദഗതി അപേക്ഷയാണ് സര്‍ക്കാരിന്റെ പരിശോധനയിലെത്തിയത്. കൊല്ലം ജോയിന്റ് രജിസ്ട്രാര്‍ ഇത് കണ്ണടച്ച് തള്ളിയത് അദ്ദേഹത്തിന് കുരിശ്ശായി മാറുകയും ചെയ്തു. 2016-ലെ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ മുമ്പില്‍ അപ്പീലായി പരിഗണനയ്‌ക്കെത്തിയത്.
ബൈലോ ഭേദഗതി തള്ളിയ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിനെതിരെ സംഘം സെക്രട്ടറിയാണ് സര്‍ക്കാരിന് അപ്പീല്‍ നല്‍കിയത്. ഇതില്‍ പരാതിക്കാരെയും ജോയിന്റ് രജിസ്ട്രാറെയും നേരിട്ട് കേള്‍ക്കുന്നതിന് വിളിപ്പിച്ചു. സംഘം ഉന്നയിച്ച വാദങ്ങള്‍ക്ക് മറുവാദം ഒന്നും ഹിയിറിങ്ങില്‍ ജോയിന്റ് രജിസ്ട്രാര്‍ ഉന്നയിച്ചില്ല. മാത്രവുമല്ല, സംഘം പറയുന്നതെല്ലാം ശരിയാണെന്ന് സമ്മതിക്കുകയും ചെയ്തു. ഇതോടെ നേര്‍ക്കാഴ്ചയ്ക്ക് തന്നെ പ്രസക്തിയില്ലാതായെന്ന് പരാതിയില്‍ തീര്‍പ്പാക്കി സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പി.കെ.ഗോപകുമാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
എങ്കിലും, ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിന്റെ നിയമപരമായ പരിശോധന സഹകരണ വകുപ്പ് നടത്തി. ഇതിലാണ് ഫയല്‍ പരിശോധിക്കുന്നതിലും ജോയിന്റ് രജിസ്ട്രാര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായത്. സംഘം സമര്‍പ്പിച്ച മൂന്ന് ഭേദഗതികള്‍ നിരസിക്കുന്നതിന് ജോയിന്റ് രജിസ്ട്രാര്‍ പറഞ്ഞിരിക്കുന്ന കാരണം 24/2011 സര്‍ക്കുലറാണ്. ഈ സര്‍ക്കുലര്‍ നമ്പര്‍ നിരസിക്കുന്നതിനുള്ള കാരണമായി എഴുതി ചേര്‍ക്കുക മാത്രമാണ് ചെയ്തത്. മറ്റൊരു വിശദീകരണവും നല്‍കിയിട്ടില്ല. ഈ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ 2015-ല്‍ റദ്ദ് ചെയ്തതാണെന്ന് സഹകരണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. റദ്ദ് ചെയ്ത് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
അംഗങ്ങളുടെ വായ്പ പരിധി ഓഹരിത്തുകയുടെ 5000 ഇരട്ടിയാക്കാനുള്ളതായിരുന്നു മറ്റൊരു ഭേദഗതി. ഇത് തള്ളുന്നതിന് 37/2015 എന്ന സര്‍ക്കുലര്‍ നമ്പര്‍ ആണ് ജോയിന്റ് രജിസ്ട്രാര്‍ കാരണമായി എഴുതിവെച്ചത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ചുള്ള സര്‍ക്കുലറാണിത്. ഇതും വായ്പ പരിധി സംബന്ധിച്ച് ഒരു ബന്ധവുമില്ല. ഇതോടെയാണ് ജോയിന്റ് രജിസ്ട്രാറുടെ നടപടി ഗുരുതരമായ വീഴ്ചയാണ് വകുപ്പ് ഉത്തരവില്‍തന്നെ ചേര്‍ത്തത്. പുതിയ ശാഖതുടങ്ങുന്നത് അടക്കമുള്ള ഭേദഗതിയാണ് സംഘത്തിനുണ്ടായിരുന്നത്. ബൈലോ ഭേദഗതികള്‍ തള്ളുന്നതിന് ജോയിന്റ് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ തെറ്റാണെങ്കിലും, സംഘത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ആ ഭേദഗതിയൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സഹകരണ വകുപ്പ് വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ സംഘം സെക്രട്ടറിയുടെ അപ്പീല്‍ തള്ളിയാണ് സഹകരണ വകുപ്പ് തീര്‍പ്പാക്കല്‍ ഉത്തരവ് ഇറക്കിയത്.
[mbzshare]