വെബ് സീരീസ് നിര്‍മാണ രംഗത്ത്സജീവമായി ഗുജറാത്തി സഹകരണ സംഘം
നമ്മുടെ രാജ്യത്തെ സഹകരണ സ്ഥാപനങ്ങള്‍ മിക്കവാറും എല്ലാ മേഖലകളിലും സജീവമാണ്. എന്നാല്‍, വ്യത്യസ്തപാതയിലൂടെ നീങ്ങുന്ന ഒരു സഹകരണ സംഘം ഗുജറാത്തിലുണ്ട്. വെബ് സീരീസ് അല്ലെങ്കില്‍ പരമ്പരകള്‍ നിര്‍മിക്കുന്നതിലാണ് ഈ സംഘത്തിന്റെ ശ്രദ്ധ.
പ്രമുഖ സഹകാരികളായ മഹേഷ്ഭായ് പട്ടേലും മൂത്ത സഹോദരന്‍ മനുഭായ് പട്ടേലുമാണ് 2015 ല്‍ ‘ശ്രീ പ്രണാനാഥ് മള്‍ട്ടി മീഡിയ പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ രൂപവത്കരിച്ചുകൊണ്ട് വഴിമാറി നടക്കുന്നവര്‍. സബര്‍ക്കന്ദ ജില്ലാ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാനാണ് മഹേഷ്ഭായ് പട്ടേല്‍. സഹോദരന്‍ മനു ഇപ്പോള്‍ വിദേശത്താണ്. സാധാരണ മനുഷ്യരില്‍ ചരിത്രാവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ചരിത്ര പാരമ്പര്യത്തെക്കുറിച്ചുള്ള പരമ്പരകള്‍ നിര്‍മിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇവര്‍ ശ്രീ പ്രണാനാഥ് മള്‍ട്ടി മീഡിയ സംഘം രൂപവത്കരിച്ചിരിക്കുന്നത്. ഈ സംഘം ‘ശ്രീ പ്രണാനാഥ്’ എന്ന പേരില്‍ മുമ്പേ ഒരു ടി.വി. സീരിയല്‍ പുറത്തിറക്കിയിരുന്നു, ഇപ്പോള്‍ ഛത്രസാലിന്റെ ജീവിതത്തെ ആധാരമാക്കി പുതിയൊരു ചരിത്ര പരമ്പര തുടങ്ങിയിരിക്കുകയാണ്. 20 എപ്പിസോഡുകളുള്ള വെബ് സീരീസിന്റെ പേര് ലൈഫ് ഓഫ് ഛത്രസാല്‍ എന്നാണ്. അത് എംഎക്സ് പ്ലെയര്‍ എപിപി എന്നിവയില്‍ ലഭ്യമാണ്. മുഗള്‍ സാമ്രാജ്യത്വത്തിനെതിരെ പട പൊരുതിയ ബുന്ദേല്‍ഖണ്ഡിലെ രജപുത്ര രാജാവാണ് ഛത്രസാല്‍.
പാഠപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത നിരവധി ചരിത്ര പൈതൃകങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കുമറിയില്ല. ഞങ്ങളുടെ സഹകരണ സംഘം ഈ അറിവില്ലായ്മ പരിഹരിക്കാനാണ് ശ്രമിക്കുന്നത് – 11 വര്‍ഷമായി സഹകരണ പ്രസ്ഥാനവുമായി ബന്ധമുള്ള മഹേഷ്ഭായ് പട്ടേല്‍ പറയുന്നു. ഛത്രസാല്‍ എന്ന വെബ് സീരീസിനു ആളുകളില്‍ നിന്ന് നല്ല പ്രതികരണമാണ് കിട്ടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇനി സഹകരണ മേഖലയെക്കുറിച്ച് ഒരു വെബ് സീരീസ് നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്. അതില്‍, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സഹകരണ മേഖലയുടെ പങ്ക് ഞങ്ങള്‍ എടുത്തുകാണിക്കും. ഉടന്‍ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും – സബര്‍ ഡെയറിയുടെ മുന്‍ ചെയര്‍മാന്‍കൂടിയായ മഹേഷ്ഭായ് പട്ടേല്‍ പറഞ്ഞു. ശ്രീ പ്രണാനാഥ് മള്‍ട്ടി മീഡിയ സംഘത്തെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ ഈ സഹകാരികള്‍ക്ക് പരിപാടിയുണ്ട്.