വിഷരഹിതമത്സ്യ വിപണന ശൃംഖല ചേരാനല്ലൂരില്‍ തുടങ്ങി
മത്സ്യ കര്‍ഷക വികസനസംഘത്തിന്റെ ഓള്‍ കേരള വിപണന ശൃംഖല ചേരാനല്ലൂരില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. വിഷ രഹിതമത്സ്യ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വേണ്ടി തുടങ്ങിയ സംരംഭത്തിന്റെ ആശയത്തെ മന്ത്രി പ്രശംസിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് വിഷ രഹിത ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുക എന്നതാണ്. അത് എവിടെ ലഭിച്ചാലും ജനങ്ങള്‍ തേടിപ്പിടിച്ച് ചെല്ലും. സംഘത്തിന്റെ പ്രവര്‍ത്തനം ഏറ്റവും ഉദാത്തമാണ്. മത്സ്യ കര്‍ഷകര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം മത്സ്യ തീറ്റയുടെ വില വര്‍ധനയാണ്. ഇതിന് പരിഹാരം കാണുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ഗുണമേന്മയുള്ള മത്സ്യ കുഞ്ഞുങ്ങളെ ലഭ്യമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മുന്നിലെത്തി കഴിഞ്ഞു. അടുത്ത ഘട്ടം പ്രവര്‍ത്തനം മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉല്‍പാദിപ്പിക്കുക എന്നതാണ്. ഇതില്‍ സര്‍ക്കാര്‍ ഇടപെട്ടു പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പു നല്‍കി.
പടുതാ കുളങ്ങളിലും, സാധാരണകുളങ്ങളിലും കൂടു കൃഷിയിടങ്ങളിലും സമീകൃത ആഹാരം നല്‍കി വളര്‍ത്തുന്ന മത്സ്യങ്ങളാണ് സംഘം വഴി വിപണനം നടത്തുന്നത്. മീന്‍ വളര്‍ത്തുന്ന വെള്ളം വളമായി ഉപയോഗിച്ച് വിളയിക്കുന്ന പൂര്‍ണമായും ജൈവമായ പച്ചക്കറികളും സംഘം വഴി വില്‍പന നടത്തുന്നുണ്ട്. ജൈവ പച്ചക്കറി സ്റ്റാളിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ആദ്യ മെമ്പര്‍ഷിപ്പ് കാര്‍ഡ് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എസ്.മഹേഷ് വിതരണം ചെയ്തു. എഫ്.എഫ്.ഡി.എസ്. പ്രസിഡന്റ് വര്‍ഗീസ് ഇട്ടന്‍ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.ആന്റണി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണി ചിക്കു, പഞ്ചായത്തംഗം ഷിമ്മി ഫ്രാന്‍സിസ്, സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ എ.ഗോപാലകൃഷ്ണന്‍, എഫ്.എഫ്.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.എസ്.ബാബു സുന്ദര്‍ എന്നിവര്‍ പങ്കെടുത്തു