വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ നാഫെഡ് സവാളസംഭരണം തുടങ്ങി

moonamvazhi

ഇടിഞ്ഞുകൊണ്ടിരിക്കുന്ന സവാളവില പിടിച്ചുനിര്‍ത്താന്‍ ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ ( നാഫെഡ് ) വിപണിയിലിറങ്ങി. കര്‍ഷകരില്‍നിന്നു നാഫെഡ് ചുവന്ന സവാള ശേഖരിച്ചുതുടങ്ങി. ഫെബ്രുവരി 27 വരെ മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ എട്ടു വിപണനകേന്ദ്രങ്ങളില്‍ നിന്നായി 424.31 മെട്രിക് ടണ്‍ ചുവന്ന സവാള നാഫെഡ് ശേഖരിച്ചു. 116 കര്‍ഷകര്‍ക്കു  ഇതിന്റെ ഗുണം കിട്ടി.

രാജ്യത്തു സവാളയുടെ വന്‍കിട മൊത്തവ്യാപാര വിപണിയായ നാസിക്ക് ജില്ലയിലെ ലസല്‍ഗാവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനു ക്വിന്റലിനു 1000-1100 രൂപവരെ കര്‍ഷകനു വില കിട്ടിയിരുന്നു. എന്നാല്‍, ഫെബ്രുവരി 27 ആയപ്പോഴേക്കും വില കുത്തനെ ഇടിഞ്ഞു 500-550 രൂപയിലെത്തി. ഇതേത്തുടര്‍ന്നു കര്‍ഷകര്‍ സവാളയുടെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായി. മഹാരാഷ്ട്ര നിയമസഭയില്‍ ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടു. നാഫെഡ് കര്‍ഷകരില്‍ നിന്നു നേരിട്ടു സവാള സംഭരിച്ചുതുടങ്ങിയതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. നാഫെഡ് ഇതുവരെ 2.38 ലക്ഷം ടണ്‍ സവാളയാണു സംഭരിച്ചത്. അതിനാല്‍ കര്‍ഷകര്‍ക്കു നല്ല വില കിട്ടുന്നുണ്ട്. ചുവന്ന സവാളയടക്കം എല്ലാതരം സവാളയും നാഫെഡ് സംഭരിക്കുന്നുണ്ട്.

ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സവാള മാര്‍ക്കറ്റായ ലസല്‍ഗാവില്‍ സവാളയുടെ വില കിലോവിനു രണ്ടു രൂപയായി ഇടിഞ്ഞിരുന്നു. ഫെബ്രുവരിയിലുണ്ടായ അസാധാരണമായ ചൂടാണു സവാളയുടെ ഖാരിഫ് വിളയെ ബാധിച്ചത്. ചൂടില്‍ സവാള കേടാകുമെന്നു ഭയന്നു കര്‍ഷകര്‍ കൂട്ടത്തോടെ മാര്‍ക്കറ്റില്‍ ഉല്‍പ്പന്നവുമായി എത്തിയതോടെയാണു വില കുറഞ്ഞുതുടങ്ങിയത്. ഫെബ്രുവരി ആദ്യത്തെയാഴ്ച കിലോവിനു 10-11 രൂപ കിട്ടിയിരുന്ന സ്ഥാനത്തു പിന്നീടതു രണ്ടു രൂപയായി കുറഞ്ഞു. നാസിക്കിലെ കര്‍ഷകര്‍ മൂന്നുനാലു ദിവസമായി പ്രക്ഷോഭപാതയിലാണ്. മാര്‍ക്കറ്റുകളിലെ സവാളലേലം അവര്‍ സംഘടിതമായി തടയുകയും ചെയ്തിരുന്നു. ക്വിന്റലിനു 1500 രൂപയെങ്കിലും കിട്ടണമെന്നാണു കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. രാജ്യത്തെ സവാളയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 40 ശതമാനവും മഹാരാഷ്ട്രയില്‍നിന്നാണ്. ഖാരിഫ് സീസണില്‍ 2.69 ലക്ഷം ഹെക്ടറിലാണു സവാള കൃഷി ചെയ്തത്.

512 കിലോ സവാള വിറ്റ സോളാപ്പൂരിലെ ഒരു കര്‍ഷകനു രണ്ടര രൂപ ( കൃത്യമായി പറഞ്ഞാല്‍ 2.49 രൂപ ) മാത്രം ലാഭം കിട്ടിയതും മറ്റൊരു കര്‍ഷകന്‍ 200 ക്വിന്റല്‍ സവാള വിളവെടുക്കാതെ ട്രാക്ടറുപയോഗിച്ച് ഉഴുതുമറിച്ചതും ഈയിടെ പത്രങ്ങളില്‍ വന്‍വാര്‍ത്തയായിരുന്നു. അറുപത്തിമൂന്നുകാരനായ രാജേന്ദ്ര ചവാന്‍ എന്ന കര്‍ഷകനാണു രണ്ടു രൂപയുടെ ചെക്ക് വാങ്ങേണ്ട ദുരനുഭവമുണ്ടായത്. കിലോവിന് ഒരു രൂപവെച്ചാണു കച്ചവടക്കാരന്‍ സവാളയ്ക്കു വിലയിട്ടത്. ആകെയുള്ള 512 രൂപയില്‍നിന്നു ചുമട്ടുകൂലിയുടെയും വാഹനക്കൂലിയുടെയും മറ്റും പേരുപറഞ്ഞു കച്ചവടക്കാരന്‍ 509.51 രൂപ കുറച്ചു. ബാക്കിവന്നതു രണ്ടു രൂപയും 49 പൈസയും. കര്‍ഷകനു രണ്ടു രൂപയുടെ ചെക്ക് നല്‍കിയതിന്റെ പേരില്‍ കച്ചവടക്കാരനായ നാസിര്‍ ഖലീഫയെ സോളാപ്പൂര്‍ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി 15 ദിവസത്തേക്കു സസ്‌പെന്റ് ചെയ്യുകയുണ്ടായി. ഈ കാലയളവില്‍ മൊത്തവിപണിയിലെ കര്‍ഷികോല്‍പ്പന്നങ്ങളുടെ ലേലത്തില്‍ ഇദ്ദേഹത്തിനു പങ്കെടുക്കാനാവില്ല. സവാളയ്ക്കു വില കുറച്ചു എന്നതല്ല കച്ചവടക്കാരന്റെ പേരിലുള്ള കുറ്റം. ആഴ്ചകള്‍ക്കു ശേഷമുള്ള തീയതിയിട്ടാണു രണ്ടു രൂപയുടെ ചെക്ക് കൊടുത്തത് എന്നതാണ്. മഹാരാഷ്ട്ര അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് നിയമമനുസരിച്ച് കര്‍ഷകനില്‍നിന്നു ഉല്‍പ്പന്നം വാങ്ങിയാല്‍ അന്നുതന്നെ പണം കിട്ടുന്ന രീതിയിലാവണം ചെക്ക് കൊടുക്കേണ്ടത്.

ഉല്‍പ്പന്നത്തിനു ന്യായവില കിട്ടാത്തതില്‍ മനംനൊന്താണു നിഫാദ് താലൂക്കിലെ നൈതാലെ ഗ്രാമത്തിലെ കര്‍ഷകനായ സുനില്‍ ബോര്‍ഗുഡെ രണ്ട് ഏക്കറില്‍ കൃഷി ചെയ്തിരുന്ന 200 ക്വിന്റല്‍ സവാള നശിപ്പിച്ചത്. വിളവെടുക്കാനും മാര്‍ക്കറ്റിലെത്തിക്കാനും വരുന്ന ചെലവു കണക്കാക്കുമ്പോള്‍ വിളവു നശിപ്പിക്കുന്നതാണു നല്ലത് എന്നു തോന്നിയതിനാലാണു സുനില്‍ സവാളപ്പാടം ഉഴുതുമറിച്ചത്.

വിളവെടുത്തുകഴിഞ്ഞാല്‍ അധികനാള്‍ സവാള സൂക്ഷിച്ചുവെക്കാനാവില്ലെന്നു കര്‍ഷകനേതാവും മുന്‍ എം.പി.യുമായ രാജു ഷെട്ടി പറഞ്ഞു. കേടു വരാതിരിക്കാനായി കര്‍ഷകന്‍ പെട്ടെന്നുതന്നെ സവാള മാര്‍ക്കറ്റിലെത്തിക്കും. അങ്ങനെ ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ കുന്നുകൂടുമ്പോഴാണു വിലയിടിയുന്നത്- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News