വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാമിത്രം പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വൈപ്പിന്‍ എം.എല്‍.എ കെ എന്‍. ഉണ്ണികൃഷ്ണന്‍ സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫഷണല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് 50000 രൂപ അഞ്ച് പ്രതിവര്‍ഷ തവണകളായും ബിഡിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 40000 രൂപ നാല് പ്രതിവര്‍ഷ തവണകളായും, ബി എ എം എസ് / ബി എച്ച് എം എസ് വിദ്യാര്‍ത്ഥികള്‍ക്ക് 30000 രൂപ നാല് പ്രതിവര്‍ഷ തവണകളായും, ബി.എസ്.സി വെറ്റിനറി സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് 18000 രൂപ മൂന്ന് പ്രതിവര്‍ഷ തവണകളായും, ബി.ടെക്/ബി.ആര്‍ക്ക്/ബി.എസ്.സി. അഗ്രി/ബി.എസ്.സി നേഴ്‌സിംഗ്/ബി.ഫാം വിദ്യാര്‍ത്ഥികള്‍ക്ക് 20000 രൂപ 4 പ്രതിവര്‍ഷ തവണകളായും എല്‍ എല്‍ ബി വിദ്യാര്‍ത്ഥികള്‍ക്ക് 15000 രൂപ മൂന്ന് പ്രതിവര്‍ഷ തവണകളായും നല്‍കുന്നു. ഈ വര്‍ഷം എഴുപത്തിമൂന്ന് വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങി.
ഭരണ സമിതിയംഗം രാജു ജോസ് സ്വാഗതവും സുമ ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. ഭരണ സമിതി അംഗങ്ങള്‍, സെക്രട്ടറി കെ.എസ്. ജയ്‌സി, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.