വിദ്യാതരംഗിണി വായ്പ എ ക്ലാസ് അംഗങ്ങള്‍ക്കു മാത്രം
കോവിഡ് വ്യാപനത്തെത്തുടര്‍ന്നു വീട്ടിലിരുന്നു ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സഹകരണ സംഘങ്ങള്‍ അനുവദിക്കുന്ന പലിശരഹിത വായ്പ സംബന്ധിച്ച് പുതുതായി ഏതാനും നിര്‍ദേശങ്ങള്‍കൂടി സഹകരണ വകുപ്പ് പുറപ്പെടുവിച്ചു. ഇതനുസരിച്ച്, സംഘത്തിലെ എ ക്ലാസ് അംഗങ്ങള്‍ക്കു മാത്രമേ വായ്പ അനുവദിക്കുകയുള്ളു.
സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസ് ജൂലായ് ആറിനു ഇറക്കിയ ഉത്തരവിലെ മറ്റു നിര്‍ദേശങ്ങള്‍ ഇവയാണ് :
എ ക്ലാസ് അംഗമാകാന്‍ ജൂലായ് 31 വരെ നല്‍കുന്ന അര്‍ഹമായ എല്ലാ അപേക്ഷകളും സംഘങ്ങള്‍ പരിഗണിക്കണം. ഇതിന്മേല്‍ ആഗസ്റ്റിലെ കമ്മിറ്റിയില്‍ തീരുമാനമെടുക്കണം. വായ്പക്കും മെമ്പര്‍ഷിപ്പിനുമുള്ള അപേക്ഷകള്‍ ഒന്നിച്ചു പരിഗണിക്കണം.
ദൂരപരിധി തടസ്സമാകുന്നുണ്ടെങ്കില്‍ വിദ്യാര്‍ഥിക്കു ഏറ്റവും അടുത്തുള്ള സംഘത്തില്‍ നിന്നു വായ്പയെടുക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. ഇതിനായി ജോയന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ താലൂക്ക് അസി. രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ക്കു നിര്‍ദേശം നല്‍കണം.
ഈ വായ്പാപദ്ധതി ജൂലായ് 31 വരേയ്ക്കായതിനാല്‍ വായ്പ അനുവദിച്ച് അടുത്ത മാസം മുതല്‍ക്കേ തിരിച്ചടവ് തുടങ്ങേണ്ടതുള്ളു. വായ്പകള്‍ക്കുള്ള റിസ്‌ക്ഫണ്ട് വിഹിതം ഈടാക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ ഈ വായ്പക്കു ബാധകമല്ല.