വികേന്ദ്രീകൃതമായ സംവിധാനങ്ങളുടെ പിൻബലത്തോടെ ശക്തമായ വിതരണശൃംഖല സൃഷ്ടിക്കാൻ സഹകരണസംഘങ്ങൾക്ക് സാധിക്കും

adminmoonam

വികേന്ദ്രീകൃതമായ സംവിധാനങ്ങളുടെ പിൻബലത്തോടെ ശക്തമായ വിതരണശൃംഖല സൃഷ്ടിക്കാൻ ആയാൽ, സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും, വിലനിയന്ത്രണം സാധ്യമാക്കാനും, തൊഴിലവസരം വർദ്ധിപ്പിക്കുന്നതിനും സഹകരണസംഘങ്ങൾക്ക് സാധിക്കും.കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-15.

നമ്മുടെ സംസ്ഥാനത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്ന മിക്കവാറും എല്ലാ സഹകരണ ബാങ്കുകളും സൂപ്പർ മാർക്കറ്റ് നടത്തിവരുന്നുണ്ട് . ഓരോ പഞ്ചായത്തിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ആയിരിക്കും സഹകരണ ബാങ്ക് ആസ്ഥാനം സ്ഥിതിചെയ്യുന്നത്. മിക്കവാറും അവയോട് ചേർന്ന് തന്നെയായിരിക്കും സൂപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. അതല്ലെങ്കിൽ പഞ്ചായത്തിലെ സാമാന്യം നല്ല ഒരു കേന്ദ്രത്തിൽ ആയിരിക്കും സൂപ്പർ മാർക്കറ്റ് സ്ഥിതിചെയ്യുന്നത് .എന്നാൽ മിക്ക സൂപ്പർ മാർക്കറ്റുകളുടെയും ലാഭനഷ്ടക്കണക്കുകൾ പരിശോധിച്ചാൽ അവയിൽ പലതും ലാഭത്തിൽ അല്ല പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയും. സൂപ്പർ മാർക്കറ്റിൽ സൂക്ഷിക്കേണ്ടി വരുന്ന സാധനസാമഗ്രികളുടെ അളവ് വളരെ കൂടുതലാണ് . അതുകൊണ്ടുതന്നെ ഇതിനു വേണ്ടുന്ന പ്രവർത്തന മൂലധനവും അധികമായിരിക്കും . കൂടാതെ വാടക, എയർകണ്ടീഷൻ ചെലവ്, ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ ഇത്തരം സംരംഭങ്ങൾ ലാഭകരം ആക്കുന്നതിന് ബുദ്ധിമുട്ടാണ് .

കൂടാതെ ഒരു പ്രദേശത്തെ സാധാരണ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ പലപ്പോഴും സൂപ്പർ മാർക്കറ്റുകൾ പര്യാപ്തം ആകാറില്ല.ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യയിലെതന്നെ വൻകിട കമ്പനികളുടെയും ഉൽപ്പന്നങ്ങൾ ഗ്രാമപ്രദേശങ്ങളിൽ വിൽക്കുന്നതിന് സഹായം ചെയ്യുന്നു എന്ന പരാതിയും പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട് .
എന്തുകൊണ്ട് ഈ രീതിയിൽ ചെറിയ ഒരു മാറ്റം വരുത്തി കൂടാ? ഓരോ വാർഡിലും കുടുംബശ്രീ അയൽക്കൂട്ടത്തിലെ ഏതാനും പ്രവർത്തകർ ഒത്തുചേർന്ന് എല്ലാ വീടുകളിലും പോയി ആവശ്യമായ വസ്തുക്കളുടെ ലിസ്റ്റ് ശേഖരിക്കാൻ തയ്യാറായാൽ ജനകീയമായി തന്നെ വിതരണം ഫലപ്രദമായി നടപ്പിലാക്കാൻ ആവില്ലേ !! ഒരു വാർഡിൽ 500 വീടുകളിൽ എങ്കിലും ഇത്തരത്തിൽ എത്തിച്ചേരാൻ ആയാൽ, അവരുടെ ഓരോ ആഴ്ചയിലേയും ആവശ്യങ്ങൾ അറിഞ്ഞു സാധനങ്ങൾ,(ഇതിൽ പച്ചക്കറിയും പലവ്യഞ്ജനങ്ങളും സ്റ്റേഷനറി സാധനങ്ങളും എല്ലാം ഉൾപ്പെടും ) ഓർഡർ സ്വീകരിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് വീടുകളിൽ നേരിട്ട് എത്തിക്കാൻ ആയാൽ വിപണനം വർദ്ധിപ്പിക്കാൻ കഴിയും .

ഇത്തരത്തിൽ വിൽപ്പന വർധിപ്പിക്കാൻ ആയാൽ, സൂപ്പർ മാർക്കറ്റുകൾ ലാഭകരമായി പ്രവർത്തിപ്പിക്കാനാകും. തന്നെയുമല്ല ഓരോ പ്രദേശത്തും ആവശ്യമായ വസ്തുക്കൾ ഏതൊക്കെയാണെന്നും, എന്ത് അളവിലാണ് ഓരോന്നും ആവശ്യപ്പെടുന്നത് എന്നും, കണ്ടെത്താൻ കഴിയും. ഇതുവഴി സൂപ്പർമാർക്കറ്റുകൾക്ക് വിപണിയിൽ വിലപേശി വാങ്ങുന്നതിനും,അതുവഴി നേടുന്ന നേട്ടം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കഴിയും. പഞ്ചായത്തിലേക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും, സൂപ്പർ മാർക്കറ്റ് വഴി ശേഖരിക്കുന്ന രീതി അവലംബിക്കുന്നത് വിതരണം ശക്തിപ്പെടുത്താൻ സഹായകരമാകും . തന്നെയുമല്ല അതത് പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറി, പഴവർഗങ്ങൾ എന്നു തുടങ്ങി അരി,പയർ, കിഴങ്ങ് വർഗങ്ങൾ എന്നിവയെല്ലാം ഉൽപ്പന്നങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ് . ഇത്തരത്തിൽ വികേന്ദ്രീകൃതമായ സംവിധാനങ്ങളുടെ പിൻബലത്തോടെ ശക്തമായ വിതരണശൃംഖല സൃഷ്ടിക്കാൻ ആയാൽ, സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും, വിലനിയന്ത്രണം സാധ്യമാക്കാനും, തൊഴിലവസരം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നതാണ്.
ഡോ .എം .രാമനുണ്ണി9388555988

Leave a Reply

Your email address will not be published. Required fields are marked *

Latest News