വായ്പാസംഘങ്ങളെ ബാങ്കുകളാക്കി മാറ്റാന്‍ NUCFDC സഹായിക്കണം- മന്ത്രി അമിത് ഷാ
പുതുതായി രൂപംകൊണ്ട ദേശീയ അര്‍ബന്‍ സഹകരണ ധനകാര്യ, വികസന കോര്‍പ്പറേഷന്‍ ( NUCFDC ) വായ്പാ സഹകരണസംഘങ്ങളെ ബാങ്കുകളാക്കി മാറ്റാന്‍ സഹായിക്കണമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ അംബ്രല്ല സംഘടനയായ NUCFDC യുടെ ഉദ്ഘാടനം ശനിയാഴ്ച ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നിര്‍വഹിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യം നിര്‍ദേശിച്ചത്.
അര്‍ബന്‍ ബാങ്കുകളുടെ സംഘടനയായ NAFCUB ( നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ആന്റ് ക്രെഡിറ്റ് സൊസൈറ്റീസ് ) ഉം NUCFDC യും നല്ല സാമ്പത്തികാടിത്തറയുള്ള വായ്പാസംഘങ്ങളെ പട്ടികപ്പെടുത്തി അവയെ ബാങ്കുകളായി പരിവര്‍ത്തിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നു അമിത് ഷാ നിര്‍ദേശിച്ചു. ഇങ്ങനെ ചെയ്താല്‍ ഓരോ പട്ടണത്തിലും ഒരു അര്‍ബന്‍ ബാങ്ക് സ്ഥാപിക്കുക എന്ന ലക്ഷ്യം നിറവേറ്റാനാകും- അദ്ദേഹം പറഞ്ഞു.
സഹകരണത്തിലൂടെ സമൃദ്ധി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന NUCFDC ക്കു റിസര്‍വ് ബാങ്കിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. സ്വയം നിയന്ത്രിതമായ ഈ അംബ്രല്ലാ സംഘടനയുടെ 300 കോടി രൂപ മൂലധനമുപയോഗിച്ചു അര്‍ബന്‍ ബാങ്കുകളെ സഹായിക്കും. അവയുടെ സേവനരംഗം മെച്ചപ്പെടുത്താനുള്ള നടപടികളും NCUFDC കൈക്കൊള്ളും. രാജ്യത്താകെ 1500 ലധികം അര്‍ബന്‍ സഹകരണബാങ്കുകളുണ്ട്. പതിനൊന്നായിരിത്തിലധികം ശാഖകളുള്ള ഈ അര്‍ബന്‍ ബാങ്കുകളിലെല്ലാംകൂടി 5.33 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്.