ലോക് ഡൗണില്‍ തകരുന്ന ‘സുഭിക്ഷകേരളം’ പദ്ധതികള്‍
കോവിഡ് വ്യാപനവും ലോക്ഡൗണും ‘സുഭിക്ഷകേരളം’ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ഉപജീവന പദ്ധതികളെ താളം തെറ്റിക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയില്‍ 10,351 പദ്ധതികളാണ് സംസ്ഥാനത്ത് തുടങ്ങിയത്. ഇതിലേറെ പദ്ധതികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയത് സഹകരണ ബാങ്കുകളാണ്. കേരളബാങ്ക് വഴി നല്‍കിയ 1500 കോടിരൂപയുടെ നബാര്‍ഡ് സഹായവും ഇതിനായി സഹകരണ ബാങ്കുകള്‍ നല്‍കിയിട്ടുണ്ട്. ഇതിന് തിരിച്ചടവ് മുടങ്ങിയെന്നത് മാത്രമല്ല, സംരംഭങ്ങളെല്ലാം നഷ്ടത്തിലാകുന്നത് ജനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ്.
വിവിധ വിഭാഗങ്ങളിലായി 28 ലക്ഷം പേരാണ് ഈ പദ്ധതിയിലേക്ക് ഇറങ്ങിയിട്ടുള്ളത്. ഇതില്‍ 10.87 ലക്ഷം പേര്‍ സ്ത്രീകളും മൂന്നു ലക്ഷം പേര്‍ യുവാക്കളുമാണ്. മൃഗപരിപാലനം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. ഒട്ടേറെ ഫാമുകള്‍ തുടങ്ങി. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ മൃഗസംരക്ഷണ മേഖലയില്‍ സംരംഭകരായി. കൃഷിയില്‍ വലിയ നേട്ടമാണുണ്ടാക്കിയത്. 29,000 ഹെക്ടറില്‍ കൃഷിയിറക്കാനായി. എന്നാല്‍, അതെല്ലാം വരുമാനമാര്‍ഗമാകുന്നതിന് മുമ്പ് നശിച്ചുപോകുന്ന അവസ്ഥയാണ് പലര്‍ക്കും പറയാനുള്ളത്.
ഗ്രാമീണ മേഖലയില്‍ ഫാമുകള്‍ തുടങ്ങിയവരാണ് ഏറെയും പ്രതിസന്ധിയിലായിട്ടുള്ളത്. കോവിഡ് രണ്ടാം തരംഗത്തില്‍ ഗ്രാമങ്ങളിലെ പലവീടുകളിലുള്ളവരും രോഗികളും നിരീക്ഷണത്തിലിരിക്കുന്നവരുമായി. ഇതോടെ, ആടും പശുവും പന്നികളുമെല്ലാം അടങ്ങുന്ന ഫാമുകള്‍ നോക്കിനടത്താനും മൃഗപരിപാലനത്തിന് ആളെ കിട്ടാതെയുമായി. പശുവിന്‍പാല്‍ വീടുകള്‍തോറും വിതരണംചെയ്തിരുന്നതും നിലച്ചിരിക്കുകയാണ്. കറവയുള്ള വീടുകളില്‍ പലരും കോവിഡ് രോഗികളായതും സമ്പര്‍ക്കപട്ടികയില്‍പ്പെട്ട് നിരീക്ഷണത്തിലായതും കാരണം പാല്‍വിതരണം തടസ്സപ്പെട്ടു.
വലിയ ഫാമുകളിലല്ലാതെ പശുവളര്‍ത്തലിലേക്ക് കടന്നവരും ഏറെയാണ്. സഹകരണ പാലുല്‍പാദന രംഗത്ത് കേരളം സ്വയംപര്യാപ്തമാകാന്‍ ഇത് കാരണമായി. തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും തീറ്റി നാല്‍കാലികളെ വളര്‍ത്തുന്നവരാണ് ഇതില്‍ കൂടുതല്‍പേരും. എന്നാല്‍, പലര്‍ക്കും വീടിന് പുറത്തിറങ്ങാനാകാതായതോടെ പശുക്കള്‍ തൊഴുത്തില്‍ തന്നെ തുടരുകയാണ്. കാലത്തീറ്റയ്ക്ക് വില കൂടിയതും ഇരുട്ടടിയായി.
മെയ് മാസത്തില്‍ അവസാനിക്കുന്ന രീതിയിലാണ് കേരളബാങ്ക് വായ്പ വഴി നല്‍കിയ വായ്പ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും നല്‍കിയത്. ഇത് പ്രാഥമിക ബാങ്കുകള്‍ക്ക് തിരിച്ചുകിട്ടിയിട്ടില്ല. പക്ഷേ, കേരളബാങ്കിന് പ്രാഥമിക ബാങ്കുകള്‍ തിരിച്ചടയ്ക്കേണ്ടതായും വന്നു. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും നല്‍കിയ വായ്പ പുതുക്കുമ്പോള്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുന്നുണ്ട്. ഇതെല്ലാം ‘സുഭിക്ഷ കേരള’ത്തിന്റെ പ്രതീക്ഷയില്‍ സംരംഭം തുടങ്ങിയവര്‍ക്ക് തിരിച്ചടിയാകുന്നതാണ്. സര്‍ക്കാര്‍ ഇളവ് നല്‍കണമെന്ന ആവശ്യമാണ് സഹകാരികളും സംരംഭകരും കര്‍ഷകരുമെല്ലാം ഒരേപോലെ ആവശ്യപ്പെടുന്നത്.