ലാഭം, അധികലാഭം, പിന്നെയും ലാഭംനമുക്കു വേണ്ട
2020 ജനുവരി ലക്കം
(സഹകരണ മേഖല താണ്ടിയ വഴികള്‍ – 2 )
സഹകരണ മേഖലയുടെ ചരിത്രം പറയുന്ന ‘ സഹകരണ പ്രസ്ഥാനം ‘ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് 1931 ലാണ്. എഴുതിയത് വി.കെ. കുഞ്ഞന്‍ മേനോന്‍. 28 അധ്യായങ്ങളിലായി 188 പേജ്. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ഭവം, ലക്ഷ്യം, വളര്‍ച്ച എന്നിവയെക്കുറിച്ച് ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു.
സഹകരണ തത്വം അടിസ്ഥാനപ്പെടുത്തിയുള്ള പരസ്പര സഹായ സംഘങ്ങള്‍ ഇന്ത്യയില്‍ എങ്ങനെ രൂപം കൊണ്ടു എന്നതിനെപ്പറ്റി ‘ സഹകരണ പ്രസ്ഥാനം ‘ എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. അതേപ്പറ്റി ഗ്രന്ഥകാരന്‍ വി.കെ. കുഞ്ഞന്‍ മേനോന്‍ പറയുന്നത് ശ്രദ്ധിക്കുക: ‘ മുതലാളന്മാര്‍ കമ്പനിയായിട്ടു ചേര്‍ന്നു യന്ത്രശാലകള്‍ സ്ഥാപിച്ച് ഓരോ വ്യവസായങ്ങളെ വലിയ ഏര്‍പ്പാടില്‍ നടത്തുവാന്‍ തുടങ്ങിയപ്പോള്‍ സ്വസ്വഭവനങ്ങളിലും മറ്റുമായി പല വ്യവസായങ്ങളേയും ചുരുങ്ങിയ മട്ടില്‍ നടത്തിപ്പോന്നിരുന്ന പലതരം തൊഴിലാളികളുടെ ഉപജീവന മാര്‍ഗം തീരെ അടഞ്ഞ കൂട്ടത്തിലായി. അപ്പോള്‍ ആ കൂട്ടര്‍ മേപ്പടി മുതലാളന്മാരുടെ യന്ത്രശാലകളില്‍പ്പോയി സ്വസ്വമനോധര്‍മങ്ങളെ യാതൊന്നും പ്രയോഗിക്കുവാന്‍ സാധിക്കാതെ അചേതനങ്ങളായ യന്ത്രങ്ങളെപ്പോലെത്തന്നെ ഓരോ വേലകള്‍ ചെയ്തു കൂലി വാങ്ങിക്കുക എന്ന ശോചനീയാവസ്ഥയെ പ്രാപിക്കേണ്ടതായിട്ടുവന്നു. ഓരോ യന്ത്രശാലകളിലും അനേകായിരം ജനങ്ങള്‍ – ആബാലവൃദ്ധം സ്ത്രീകളും പുരുഷന്മാരും – വേല ചെയ്തു തുടങ്ങി. പലതരത്തിലുമുള്ള അസംഖ്യം സാധനങ്ങള്‍ അവ ഓരോന്നില്‍ നിന്നും ഉണ്ടാക്കപ്പെട്ടു. ഇവയെക്കൊണ്ടു കച്ചവടം നടത്തിയ മുതലാള•ാരുടെ സ്വത്തു ക്രമാതീതമായിട്ടു വര്‍ധിച്ചു. അപ്രകാരമുള്ള അതിയായ ലാഭത്തെ ഉണ്ടാക്കിക്കൊടുത്ത വേലക്കാര്‍ക്കു ദിവസപ്രവൃത്തിക്കു വേണ്ടുന്നതിനുപോലും മതിയാകാത്ത വിധത്തിലുള്ള കൂലി മാത്രം മുതലാളന്മാര്‍ കൊടുത്തുപോന്നു. അതു കാരണം അവരില്‍ ദാരിദ്ര്യം വര്‍ധിച്ചുവന്നു. തല്‍ഫലമായിട്ട് അവരില്‍ പലരും കടത്തില്‍ പെടുകയാല്‍ മുതലാളന്മാര്‍ക്കു കുറെക്കൂടി അടിമപ്പെട്ടുവശായി. ഈ ഒരവസ്ഥയിലാണ് സഹകാരിത അല്ലെങ്കില്‍ സഹകരണം എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള പരസ്പര സഹായസംഘങ്ങള്‍ എന്ന ഏര്‍പ്പാടു ജനങ്ങളുടെ ഇടയില്‍ അത്യാവശ്യമായിട്ടു തീര്‍ന്നത്.’
കമ്പനിയുടെ ദോഷങ്ങള്‍
യന്ത്രശാലകള്‍ സ്ഥാപിച്ച് കമ്പനിയായി നാനാവ്യവസായങ്ങള്‍ നടത്തുക എന്ന സമ്പ്രദായം ആദ്യമായി നടപ്പില്‍ വന്ന യൂറോപ്യന്‍ നാടുകളിലാണ് അതിന്റെ ദോഷങ്ങളും ആദ്യം കണ്ടുതുടങ്ങിയത് എന്ന് ഗ്രന്ഥകാരന്‍ കുഞ്ഞന്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദോഷങ്ങള്‍ക്കു പരിഹാരമായാണ് അവിടെ പരസ്പര സഹായസംഘങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യയില്‍ പല ദിക്കിലും പരസ്പര സഹായ സംഘങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും അവ കൊണ്ട് വലിയ ഗുണമൊന്നും കിട്ടുന്നില്ലെന്നാണ് ‘ സഹകരണ പ്രസ്ഥാനം ‘ പറയുന്നത്. ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത് സഹകരണം എന്ന തത്വം ശരിക്കും ഗ്രഹിച്ചിട്ടുള്ളവര്‍ വളരെക്കുറച്ചേയുള്ളു എന്നതാണ്. എങ്കിലും, ഗ്രന്ഥകാരന്‍ ശുഭാപ്തി വിശ്വാസിയാണ്. കാലം കഴിയുന്തോറും ആ ന്യൂനത ഇല്ലാതാകുമെന്നാണ് അദ്ദേഹം കരുതുന്നത്.
സഹകരണ പ്രസ്ഥാനത്തിന്റെ തുടക്ക കാലത്ത് മലയാളികളുടെ മനസ്സിലുയര്‍ന്ന സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് തന്റെ ചുമതലയായാണ് ഗ്രന്ഥകാരന്‍ കാണുന്നത്. എന്താണ് പരസ്പര സഹായ സംഘം എന്നതിനെക്കുറിച്ച് അദ്ദേഹം ലളിതമായി ഇങ്ങനെ പ്രതിപാദിക്കുന്നു: ‘ പരസ്പര സഹായ സംഘം എന്നത് ഒരു നിയതരീതിയില്‍ ക്രമപ്പെടുത്തിയിട്ടുള്ള ഒരു സ്ഥാപനമാകുന്നു. അതില്‍ ജനങ്ങള്‍ മനുഷ്യവ്യക്തികള്‍ എന്ന നിലയില്‍ മാത്രം സ്വമനസ്സാലെ ഒരു യോഗമായിട്ടു ചേര്‍ന്നു നില്‍ക്കുന്നു. അതിലെ എല്ലാ അംഗങ്ങള്‍ക്കുമുള്ള അവകാശവും അധികാരവും സമമാകുന്നു. അതിലെ അംഗങ്ങളുടെ മാത്രം ധനസ്ഥിതിയെ പുഷ്ടിപ്പെടുത്തുക എന്നതാണ് ആ സംഘത്തിന്റെ ഉദ്ദേശം.’
കാരണം ദാരിദ്ര്യം
പരസ്പര സഹായ സംഘത്തെക്കുറിച്ച് അക്കാലത്ത് ജനങ്ങള്‍ കാര്യമായി ആലോചിക്കാന്‍ തുടങ്ങിയതിനുള്ള മുഖ്യ കാരണമായി കുഞ്ഞന്‍മേനോന്‍ ചൂണ്ടിക്കാട്ടുന്നത് ദാരിദ്ര്യം തന്നെ. അദ്ദേഹം എഴുതുന്നു : ‘ അതിയായിട്ടുള്ള ദാരിദ്ര്യം കൊണ്ടു നിവൃത്തിയില്ലാതെ വന്ന ഘട്ടത്തിലാണ് – അതിനു വല്ല നിവൃത്തി മാര്‍ഗവും കണ്ടുപിടിക്കാതെ ഗത്യന്തരമില്ലെന്നു കണ്ടപ്പോഴാണ് – ഈ വിഷയത്തെപ്പറ്റി ഗൗരവമായിട്ടുള്ള ആലോചന ജനങ്ങളുടെ ഇടയില്‍ ഉണ്ടായിത്തുടങ്ങിയത്.’
പില്‍ക്കാലത്ത് സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചു തുടങ്ങിയപ്പോള്‍ ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വന്ന കാര്യവും ഗ്രന്ഥകാരന്‍ എടുത്തുപറയുന്നു. സംഘം രൂപവത്കരണത്തിന് ദാരിദ്ര്യം എന്ന അവസ്ഥ ഉണ്ടാവണമെന്നില്ല എന്ന് ജനങ്ങള്‍ക്ക് ക്രമേണ മനസ്സിലായിത്തുടങ്ങി. എങ്കിലും, അപ്പോഴും ദാരിദ്ര്യം ഒരു പ്രേരണ തന്നെയാണ്. എന്നാലത് മുഖ്യ കാരണമായി വരുന്നില്ല എന്നു നമുക്കു കാണാം.
പൊതുവായ ഒരാവശ്യത്തിനായി ഒരു കൂട്ടം ജനങ്ങള്‍ക്ക് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയണമെങ്കില്‍ സ്വാഭിപ്രായങ്ങളെയും സ്വാര്‍ഥ ലാഭങ്ങളെയും ഉപേക്ഷിക്കാനുള്ള മനസ്സും ഇച്ഛാശക്തിയും ഉണ്ടാവണമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഇത്തരം മന:സ്ഥിതി വര്‍ധിച്ച് ഉല്‍ക്കര്‍ഷമുണ്ടാകുമ്പോള്‍ മനുഷ്യരില്‍ സമുദായ സ്‌നേഹവും സ്വരാജ്യ സ്‌നേഹവും വളരുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇത്തരം ആളുകള്‍ വേണ്ടിവന്നാല്‍ മഹത്തായ ത്യാഗത്തിനുകൂടി ( സ്വാതന്ത്ര്യ സമരമാവണം ഉദ്ദേശിക്കുന്നത് ) ഒരുങ്ങിയേക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. പൊതുവായ ഒരാവശ്യം നേടാന്‍ പലരും സമന്മാരായി ഒന്നിച്ചു നില്‍ക്കുമ്പോള്‍ അത് സ്വാര്‍ഥരാഹിത്യം എന്ന ഉല്‍കൃഷ്ട സ്വഭാവഗുണം വര്‍ധിപ്പിക്കുന്നു എന്നാണ് കുഞ്ഞന്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നത്. സത്യനിഷ്ഠയും സ്വാര്‍ഥ പരിത്യാഗവും പോലുള്ള സദ്ഗുണങ്ങളില്ലാത്തിടത്ത് സഹകരണം കൊണ്ട് ഒരു ഫലവുമുണ്ടാവില്ല എന്നാണ് ഗ്രന്ഥകാരന്റെ വിശ്വാസം. മിതവ്യയം ശീലിക്കുന്നതിനുള്ള അവസരമുണ്ടാക്കുന്നതും സംഘത്തിന്റെ മുഖ്യ ഉദ്ദേശ്യമായിരിക്കണം എന്ന എച്ച്. കാള്‍വര്‍ട്ടിന്റെ അഭിപ്രായം ഗ്രന്ഥകാരന്‍ ഇവിടെ ഉദ്ധരിക്കുന്നു.
പരസ്പര സഹായ സംഘങ്ങളും കൂട്ടു കച്ചവടക്കമ്പനികളും
പരസ്പര സഹായ സംഘങ്ങള്‍ ജോയന്റ് സ്റ്റോക്ക് കമ്പനികളില്‍ ( മുതലാളിമാരുടെ കൂട്ടു കച്ചവടക്കമ്പനികള്‍ ) നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ചാണ് ആറാം അധ്യായത്തില്‍ വിശദീകരിക്കുന്നത്. ഇവ തമ്മില്‍ രണ്ട് പ്രധാന വ്യത്യാസങ്ങളാണുള്ളത്. ഒന്ന്, ഉദ്ദേശ്യം. രണ്ട്, നിയന്ത്രണം. കമ്പനികളുടെ മുഖ്യോദ്ദേശ്യം ലാഭമാണ്. ഓഹരികളുടെ എണ്ണമനുസരിച്ച് ലാഭം കിട്ടും. എന്നാല്‍, പരസ്പര സഹായ സംഘത്തിന്റെ ഉദ്ദേശ്യം പരസ്പര സഹായം മാത്രമാണ്. കമ്പനികളില്‍ ഓരോരുത്തരുടെയും കൈയിലുള്ള ഓഹരികള്‍ക്കനുസരിച്ചാണ് നിയന്ത്രണാധികാരം. പത്ത് ഓഹരിയെടുത്തയാള്‍ക്ക് ഒരോഹരി എടുത്തയാളേക്കാള്‍ പത്തിരട്ടി വോട്ടിന് അധികാരമുണ്ട്. അവിടെ പണത്തിനാണ് പ്രാധാന്യം. എന്നാല്‍, സഹകരണ സംഘത്തില്‍ ഒരാള്‍ക്ക് ഒരു വോട്ട് എന്നാണ് നിയമം. അവിടെ ധനികനും ദരിദ്രനും തുല്യം. കമ്പനികളുടെ ആദര്‍ശ വാക്യം ‘ ലാഭം, അധിക ലാഭം, പിന്നേയും ലാഭം ‘ എന്നതാണെങ്കില്‍ സഹകരണ സംഘത്തില്‍ മറിച്ചാണ്. ‘ ഓരോരുത്തനും എല്ലാവര്‍ക്കു വേണ്ടിയും എല്ലാവരും ഓരോരുത്തനു വേണ്ടിയും ‘ എന്നതാണ് ഇവയുടെ ആദര്‍ശവാക്യം.
യൂറോപ്പിലേക്ക്
ബ്രിട്ടന്‍, ജര്‍മനി, ഹോളണ്ട് ( ലന്തരാജ്യം ) തുടങ്ങിയ യൂറോപ്യന്‍ നാടുകളില്‍ സഹകരണ പ്രസ്ഥാനം കൊണ്ടുണ്ടായ നേട്ടങ്ങളെക്കുറിച്ചാണ് ‘ ശേഖരിപ്പു സംഘങ്ങള്‍ ‘ എന്ന ശീര്‍ഷകത്തിലുള്ള ഏഴാമധ്യായം വിവരിക്കുന്നത്. തന്റെ പുസ്തകം ഇറങ്ങുന്ന കാലത്ത് ( 1930 വരെ ) യൂറോപ്പിലെ സഹകരണ സംഘങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യയില്‍ കുറച്ചു പേരേ മനസ്സിലാക്കിയിട്ടുള്ളു എന്നു ഗ്രന്ഥകാരനായ കുഞ്ഞന്‍ മേനോന്‍ ആമുഖമായി പറയുന്നു. പണം ചുരുങ്ങിയ പലിശക്കു കടം കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഇന്ത്യയില്‍ പ്രധാനമായും സഹകരണ സംഘങ്ങള്‍ സ്ഥാപിതമായത് എന്നദ്ദേഹം വെളിപ്പെടുത്തുന്നു. ഇത്തരം കടം വായ്പാ സംഘങ്ങള്‍ ദരിദ്രരായ കൃഷിക്കാരെയാണ് ലക്ഷ്യമിട്ടിരുന്നത്. പണക്കച്ചവടക്കാരുടെ പിടിയില്‍ നിന്നു കൃഷിക്കാര്‍ മോചിതരാകും എന്നതിനാല്‍ ഇത്തരം സംഘങ്ങളുടെ പ്രാധാന്യം കുറച്ചു കാണാനാവില്ല. എങ്കിലും, യൂറോപ്പില്‍ നിലവില്‍ വന്ന മറ്റു തരം സംഘങ്ങളെക്കൂടി ഇന്ത്യക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. വിവിധ സാധനങ്ങള്‍ നിര്‍മിക്കുകയും അവ സംഘാംഗങ്ങള്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്യുന്ന സംഘങ്ങളെക്കുറിച്ചാണ് അക്കാലത്തെ ഇന്ത്യക്കാര്‍ മനസ്സിലാക്കാതെ പോയത്. സംഘാംഗങ്ങളുടെ നിത്യവൃത്തിക്കു വേണ്ട സാധനങ്ങള്‍ സംഘം മുഖാന്തിരം ശേഖരിക്കുകയും അംഗങ്ങള്‍ക്ക് ആവശ്യം പോലെ വില്‍ക്കുകയും ചെയ്യുന്ന സംഘങ്ങളെക്കുറിച്ചാണ് ജനങ്ങള്‍ക്ക് വേണ്ടത്ര അറിവ് കിട്ടാതെ പോയത്. ശേഖരിപ്പും വില്‍പ്പനയും നടത്തുന്ന സംഘങ്ങള്‍ എന്നാണ് ഇവയെ കുഞ്ഞന്‍ മേനോന്‍ വിശേഷിപ്പിക്കുന്നത്. തുടക്കത്തില്‍ സാധനങ്ങള്‍ നിര്‍മിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ഗ്രന്ഥകാരനും സമ്മതിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഒരു കാര്യം ചെയ്യാം. അംഗങ്ങള്‍ക്ക്ആവശ്യമുള്ള സാധനങ്ങള്‍ എവിടെ നിന്നെങ്കിലും ശേഖരിക്കാം. എന്നിട്ട് ഒരു കച്ചവടക്കാരന്റെ നിലയില്‍ അവ അംഗങ്ങള്‍ക്ക് വില്‍ക്കാം. ഇത്തരം ഏര്‍പ്പാടു കൊണ്ട് ദരിദ്രര്‍ക്കും കൂലിവേലക്കാര്‍ക്കുമാണ് കാര്യമായ ഗുണം കിട്ടുന്നത്. ഒരു ദേശത്തുള്ളവര്‍ ചേര്‍ന്ന് രൂപം കൊടുക്കുന്ന ഇത്തരം ഉപഭോക്തൃ സംഘങ്ങളെ ശേഖരിപ്പു സംഘം എന്നാണ് വിശേഷിപ്പിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് നല്ല സാധനങ്ങള്‍ കിട്ടും. പോരാത്തതിന് അളവിലും തൂക്കത്തിലും കുറവും വരില്ല. ഭക്ഷണ സാധനങ്ങള്‍ക്കു പുറമേ തുണിച്ചരക്കുകള്‍, വീട്ടു സാമാനങ്ങള്‍ തുടങ്ങിയവയും സഹകരണം എന്ന ഏര്‍പ്പാടു വഴി ശേഖരിച്ചു വില്‍ക്കാമെന്ന് പുസ്തകം നിര്‍ദേശിക്കുന്നു.
വീടുകള്‍ ലാഭത്തില്‍ പണിയാനും വിദേശങ്ങളില്‍ സംഘങ്ങള്‍ രൂപീകൃതമാകുന്നുണ്ട് എന്ന കാര്യം നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം എഴുതുന്നു : ‘ കേവലം ഭൗതിക പദാര്‍ഥങ്ങളുടെ ആവശ്യങ്ങളെ നിവൃത്തിപ്പിക്കുന്നതിനു മാത്രമല്ല ആധ്യാത്മികമായും ബുദ്ധി സംസ്‌കാര വിഷയകമായും സദാചാര സംബന്ധമായുമുള്ള കാര്യങ്ങളുടെ നിര്‍വഹണത്തിനു കൂടി സഹകരണം എന്ന ഏര്‍പ്പാടിനെ ഇപ്പോള്‍ ഉപയോഗപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. സഹകരണ ക്ലബ്ബുകള്‍, സഹകരണ വായനശാലകള്‍, സഹകരണ നാടകശാലകള്‍, സഹകരണ വര്‍ത്തമാന പത്രങ്ങള്‍ മുതലായ പലേ സ്ഥാപനങ്ങളും ഇപ്പോഴുണ്ട് .’
ഉപഭോക്്തൃ സ്റ്റോറുകളുടെ വിജയത്തിനു വേണ്ട ചില ഗുണവിശേഷങ്ങളാണ് തുടര്‍ന്നുള്ള ഭാഗത്ത് വിവരിക്കുന്നത്. സംഘം പ്രവര്‍ത്തകര്‍ക്ക് കണിശമായി വ്യാപാരം നടത്താനുള്ള ശേഷിയാണ് ആദ്യം വേണ്ടത്. ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുള്ള വാസന, പരോപകാര തല്‍പരത, ഉത്സാഹം, ധൈര്യം, സ്ഥൈര്യം, സത്യസന്ധത, കൃത്യനിഷ്ഠ എന്നിവയുമുണ്ടാകണം. സംഘത്തിന്റെ നേതൃനിരയിലുള്ളവര്‍ക്ക് ഈ ഗുണങ്ങള്‍ വിശേഷിച്ചും വേണം. ഒരു ദേശത്തുളളവര്‍ക്കെല്ലാം വിശ്വാസവും മേല്‍പ്പറഞ്ഞ ചില ഗുണങ്ങളുമുള്ള ഒന്നുരണ്ടു സഹകാരികള്‍ അതതു ദേശത്തുണ്ടായാല്‍ സംഘങ്ങള്‍ നടത്താന്‍ ഒരു പ്രയാസവുമില്ലെന്നാണ് പ്രമുഖ സഹകരണ സൈദ്ധാന്തികനായ ചാള്‍സ് ഗൈഡ് അഭിപ്രായപ്പെടുന്നത്.
റോച്ച്‌ഡെയില്‍ പയനിയേഴ്‌സ്
ഇംഗ്ലണ്ടില്‍ 1844 ഡിസംബര്‍ 21 നു മാഞ്ചസ്റ്റര്‍ പട്ടണത്തിനു സമീപത്തുള്ള റോച്ച്‌ഡെയില്‍ എന്ന സ്ഥലത്ത് തുടക്കം കുറിച്ച ആദ്യത്തെ ഉപഭോക്തൃ സഹകരണ സംഘത്തിന്റെ ചരിത്രമാണ് എട്ടാമധ്യായത്തില്‍. ബുദ്ധിശാലികളും ഉത്സാഹശീലരുമായ 28 നെയ്ത്തുകാരാണ് ലോകത്തിനു മാതൃകയായിത്തീര്‍ന്ന ഈ സംഘത്തിനു രൂപം കൊടുത്തത്. അവരെല്ലാം കൂടി ഓരോ പവന്‍ വീതമെടുത്തു. അതായിരുന്നു അവരുടെ വ്യാപാരത്തിന്റെ മൂലധനം.
സഹകരണ പ്രസ്ഥാനത്തിന്റെ പിതൃസ്ഥാനം ഈ 28 നെയ്ത്തുകാര്‍ക്കാണെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. പരസ്പര സഹായ സംഘങ്ങള്‍ എന്തുദ്ദേശത്തോടെ, എങ്ങനെ നടത്തണം എന്നതിലേക്കായി ഈ സഹകാരികള്‍ തയാറാക്കിയ കാര്യപരിപാടിയാണ് അവരെ സഹകരണത്തിന്റെ പിതൃ പദവിയിലേക്കുയര്‍ത്തുന്നതെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. അവരുടെ വിജ്ഞാപനത്തില്‍ സംഘത്തിന്റെ ഉദ്ദേശ്യ ലക്ഷങ്ങളായി പറയുന്ന കാര്യങ്ങള്‍ ഇവയാണ് :
1. സംഘാംഗങ്ങള്‍ക്ക് ധനസംബന്ധമായി നേട്ടമുണ്ടാക്കിക്കൊടുക്കുകയും അവരുടെ കുടുംബപരവും സമുദായസംബന്ധവുമായുള്ള സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുക. ഈ ലക്ഷ്യപ്രാപ്തിക്കായി തക്കതായ ഒരു മൂലധനം ( ഒരോഹരിക്ക് ഒരു പവന്‍ വീതം ) പിരിച്ചുണ്ടാക്കുക.
2. തങ്ങളുടെ കുടുംബ, സമുദായ സ്ഥിതി നന്നാക്കാന്‍ പരസ്പരം സഹായിക്കാനാഗ്രഹിക്കുന്ന അംഗങ്ങള്‍ക്കു താമസിക്കാന്‍ കുറെ വീടുകള്‍ പണിയുകയോ വിലയ്ക്കു വാങ്ങുകയോ ചെയ്യുക.
3. ജോലിയില്ലാത്ത / ജോലിയുണ്ടായിട്ടും അരിഷ്ടിച്ചു ജീവിക്കുന്ന അംഗങ്ങള്‍ക്ക് ജോലി കൊടുക്കാനായി സംഘം മുഖാന്തിരം ചില സാധനങ്ങള്‍ ഉണ്ടാക്കുക.
4. സംഘാംഗങ്ങളുടെ അധിക രക്ഷയ്ക്കും ഗുണത്തിനും സംഘം മുഖാന്തരം വസ്തു വിലയ്‌ക്കോ പാട്ടത്തിനോ വാങ്ങുക. ജോലിയില്ലാത്തവരും തക്ക കൂലി കിട്ടാത്തവരുമായ അംഗങ്ങള്‍ ആ വസ്തുവില്‍ കൃഷി ചെയ്യുക.
5. സാധനങ്ങളുടെ നിര്‍മാണം, അവയുടെ വിഭജനം, അംഗങ്ങള്‍ക്കിടയിലെ വിദ്യാഭ്യാസം, സംഘഭരണം എന്നിവ സംബന്ധിച്ച അധികാരങ്ങള്‍ സംഘം മുഖാന്തരം വ്യവസ്ഥപ്പെടുത്തുക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അംഗങ്ങള്‍ക്കെല്ലാം ഒരുപോലെ ക്ഷേമകരമായ കാര്യങ്ങള്‍ അന്യസഹായമില്ലാതെ സ്വയം നിര്‍വഹിക്കുന്നതിന് ഒരു പ്രത്യേക കുടുംബസമൂഹം ( Home Colony ) സ്ഥാപിക്കുക.
6. അംഗങ്ങള്‍ക്കിടയില്‍ മദ്യപാനം ക്രമേണ ഇല്ലാതാക്കാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘം വക സ്ഥലത്ത് മിതപാനത്തിനായി ഒരു ഹോട്ടല്‍ കഴിയുംവേഗം സ്ഥാപിക്കുക.
മറ്റുള്ളവര്‍ക്കു മാര്‍ഗദര്‍ശകമായ ഈ ആശയങ്ങള്‍ എഴുതിവെക്കുക മാത്രമല്ല അവ പ്രാവര്‍ത്തികമാക്കാനും അന്നത്തെ സഹകാരികള്‍ ശ്രമിച്ചതായി കാണാം. പിന്നീട് സ്ഥാപിതമായ ആയിരക്കണക്കിനു സംഘങ്ങള്‍ ഈ നിയമങ്ങളില്‍ ഒരു മാറ്റവും വരുത്താതെ അതേപടി പകര്‍ത്തിയാണ് മുന്നോട്ടു പോയതെന്ന് കുഞ്ഞന്‍ മേനോന്‍ അദ്ഭുതത്തോടെ എടുത്തുകാട്ടുന്നു. ചാള്‍സ് ഗൈഡിന്റെ ഒരു നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. അതിതാണ് : ‘ സഹകരണം എന്ന ഏര്‍പ്പാട് ഒരു വിദ്വാന്റേയൊ വിവേകിയുടേയൊ തലച്ചോറില്‍ നിന്നു പുറപ്പെട്ടതല്ല. അത് ജനങ്ങളുടെ ജീവിതത്തില്‍ നിന്നുതന്നെ താനേ പുറപ്പെട്ടതാകുന്നു. ‘
പരസ്പര സഹായ സംഘങ്ങള്‍ മുഖാന്തരമുള്ള ശേഖരിപ്പും വില്‍പ്പനയും ആദ്യമായി തുടങ്ങിയതും പിന്നീടത് പുഷ്ടിപ്പെട്ടതും ഇംഗ്ലണ്ടിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ത്തന്നെ അവിടെ പതിനായിരത്തിലധികം അംഗങ്ങളുള്ള എഴുപത് സംഘങ്ങളുണ്ടായിരുന്നു. അതിലൊന്നിലെ അംഗസംഖ്യ എഴുപതിനായിരമായിരുന്നു എന്നും നമ്മളോര്‍ക്കണം.
ഫാക്ടറികളും കപ്പലും
റോച്ച്‌ഡെയില്‍ സഹകാരികള്‍ കണ്‍സ്യൂമര്‍ സൊസൈറ്റികളെ സഹായിക്കാന്‍ ആദ്യം ഒരു സ്റ്റോര്‍ സ്ഥാപിച്ചു. 1864 ലാണ് മൊത്ത വ്യാപാര സഹകരണ സംഘം സ്ഥാപിച്ചത്. തുടക്കത്തില്‍ അമ്പത് ചെറിയ സംഘങ്ങള്‍ ഇതില്‍ അംഗങ്ങളായി. പിന്നീടത് 1200 സംഘങ്ങളായി വര്‍ധിച്ചു. മൊത്ത വ്യാപാര സംഘത്തില്‍ 21,000 പേരാണ് വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നത്. സാധനങ്ങളുണ്ടാക്കാനായി എഴുപത് ഫാക്ടറികള്‍ സംഘം സ്ഥാപിച്ചു. ഇവയിലെല്ലാംകൂടി 90 ലക്ഷം പവന്‍ വില വരുന്ന സാധനങ്ങളാണ് അന്ന് നിര്‍മിച്ചിരുന്നത്. സ്വന്തം കപ്പലുകളില്‍ 80 ലക്ഷം പവന്‍ വില വരുന്ന സാധനങ്ങള്‍ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. 50,000 പവന്‍ വിലവരുന്ന ഭൂമി അക്കാലത്ത് സംഘത്തിന് സ്വന്തമായുണ്ടായിരുന്നു. മാഞ്ചസ്റ്ററില്‍ കപ്പലുകള്‍ തങ്ങളുടെ കച്ചവടസ്ഥലങ്ങളിലേക്ക് അടുത്തു വരാനായി ഒരു കപ്പല്‍ച്ചാലു പോലും സംഘം തീര്‍ത്തിരുന്നു. ഇന്ത്യയിലും സിലോണിലും ( ഇന്നത്തെ ശ്രീലങ്ക ) ചായത്തോട്ടങ്ങളുണ്ടായിരുന്നു. ഇത്തരത്തിലുള്ള സഹകരണ സംഘങ്ങളുടെ ആവിര്‍ഭാവത്തോടെ ഇംഗ്ലണ്ടിലെ അനേകായിരം കുടുംബങ്ങളില്‍ നിന്ന് ദാരിദ്ര്യം പറപറന്നു എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്.
ഇംഗ്ലണ്ടില്‍ 1893 ല്‍ പാസാക്കിയ ആക്ടനുസരിച്ചാണ് പരസ്പര സഹായ സംഘങ്ങള്‍ നടത്തിയിരുന്നതെന്ന് 1930 ജനവരി ഒന്നിന്റെ ഹിന്ദു പത്രത്തിലെ വാര്‍ത്ത ഉദ്ധരിച്ചുകൊണ്ട് കുഞ്ഞന്‍ മേനോന്‍ എഴുതുന്നു. അക്കാലത്ത് 50 ലക്ഷം പേരാണ് സംഘങ്ങളില്‍ അംഗങ്ങളായിരുന്നത്. 2500 ലക്ഷം പവന്റെ വ്യാപാരമാണ് ഒരു കൊല്ലത്തില്‍ സംഘം വഴി നടന്നിരുന്നത്. ഇതില്‍ ലാഭം 1000 ലക്ഷം പവനാണ്.
ജര്‍മനിയിലും സജീവം
സംഘാംഗങ്ങള്‍ക്കായി ചുരുങ്ങിയ പലിശക്ക് പണം കടം കൊടുക്കാനായി സ്ഥാപിച്ച സഹകരണ സംഘങ്ങള്‍ ഏറ്റവും വെടിപ്പായി നടന്നിരുന്നത് ജര്‍മനിയിലാണെന്നു ‘ സഹകരണ പ്രസ്ഥാനം ‘ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ശേഖരിപ്പു സംഘങ്ങളും വില്‍പ്പന സംഘങ്ങളും ഇംഗ്ലണ്ടിലേതുപോലെ പുഷ്ടിപ്പെട്ടിരുന്നില്ല. എന്നാലും ചില സംഘങ്ങള്‍ ഗംഭീരമായി നടന്നിരുന്നു. ഹാംബര്‍ഗിലെ ഒരു സംഘത്തില്‍ 80,000 പേരും ബ്രസ്‌ലുവിലെ സംഘത്തില്‍ ഒരു ലക്ഷം പേരും അംഗങ്ങളായുണ്ടായിരുന്നു.
40 ലക്ഷം മാത്രം ജനസംഖ്യയുണ്ടായിരുന്ന സ്വിറ്റ്‌സര്‍ലന്റില്‍ 400 വില്‍പ്പന സംഘങ്ങളുണ്ടായിരുന്നു. അവയിലെല്ലാം കൂടിയുണ്ടായിരുന്ന അംഗങ്ങള്‍ 30,000 ആണ്. ബെല്‍ജിയം, ഡന്മാര്‍ക്ക്് എന്നിവിടങ്ങളിലും സഹകരണ പ്രസ്ഥാനം നന്നായി നടന്നുപോന്നിരുന്നു. റഷ്യയില്‍ 1920 മുതല്‍ സഹകരണ പ്രസ്ഥാനം പച്ചപിടിച്ചു തുടങ്ങിയിട്ടുണ്ട്. മൊത്ത വ്യാപാര സംഘങ്ങള്‍ തന്നെ 13,000 വരും. കടംവായ്പാ സംഘങ്ങള്‍ 15,000. മോസ്‌കോവിലെ ഒരു സംഘത്തില്‍ 2,10,000 അംഗങ്ങളുണ്ടായിരുന്നു. അക്കാലത്ത് ലോകത്ത് ഒരു സംഘത്തിലും ഇത്രയധികം അംഗങ്ങളുണ്ടായിരുന്നില്ല. ‘ റഷ്യയില്‍ ഒന്നാം ലോക യുദ്ധശേഷമുണ്ടായ ക്ഷാമത്തില്‍ തദ്ദേശീയന്മാര്‍ അടച്ചു ചത്തുപോകാഞ്ഞത് ഈ ഒരേര്‍പ്പാട് നിമിത്തമാകുന്നു ‘ എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്.
അമേരിക്കയില്‍ അക്കാലത്ത് സഹകരണ സംഘം എന്നൊരു ഏര്‍പ്പാടു തന്നെ ഉണ്ടായിരുന്നില്ല എന്ന വസ്തുതയും നമുക്ക് ഈ ഗ്രന്ഥത്തില്‍ നിന്നു കിട്ടുന്നു.
റഷ്യ മുന്നില്‍
ചില പ്രധാന രാജ്യങ്ങളില്‍ അക്കാലത്തുണ്ടായിരുന്ന ശേഖരിപ്പു, വില്‍പ്പന സഹകരണ സംഘങ്ങളുടെ ഒരു പട്ടിക പത്താമധ്യായത്തില്‍ കൊടുത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ സംഘങ്ങളുടെയും അംഗങ്ങളുടെയും എണ്ണം കൊണ്ട് മുന്നില്‍ നിന്നിരുന്നത് റഷ്യയാണ്. 25,000 സംഘങ്ങളാണ് ഈ രാജ്യത്തുണ്ടായിരുന്നത്. ഇതിലെല്ലാം കൂടി ഒരു കോടി 20 ലക്ഷം അംഗങ്ങളുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ സംഘങ്ങള്‍ 1364. അംഗങ്ങള്‍ 38.5 ലക്ഷം. ഫ്രാന്‍സില്‍ നാലായിരം സംഘങ്ങളും 18 ലക്ഷം അംഗങ്ങളും. ജര്‍മനിയില്‍ 2500 സംഘങ്ങളും 40 ലക്ഷം അംഗങ്ങളും.
റഷ്യക്കാരനായ തുഗന്‍ ബാറനോവ്‌സ്‌കി 1918 ലെടുത്ത ഒരു കണക്കനുസരിച്ച് അക്കാലത്ത് ലോകത്താകെ 1,60,000 സംഘങ്ങളുണ്ടായിരുന്നു. ഇവയില്‍ മൂന്നു കോടിയാളുകള്‍ അംഗങ്ങളുമായിരുന്നു ( തുടരും )
റോച്ച്‌ഡെയിലിന്റെ ഉപദേശം
ഇംഗ്ലണ്ടിലെ റോച്ച്‌ഡെയില്‍ പയനിയേഴ്‌സ് സംഘം അക്കാലത്ത് തങ്ങളുടെ അംഗങ്ങള്‍ക്ക് നല്‍കിയ
ഉപദേശം വി.കെ. കുഞ്ഞന്‍ മേനോന്‍ തന്റെ ഗ്രന്ഥത്തില്‍ പൂര്‍ണമായും എടുത്തു ചേര്‍ത്തിട്ടുണ്ട്. അവ അതേപടി ഇവിടെ ചേര്‍ക്കുന്നു :
1. നിയമാനുസരണമുള്ള അധികാരവും രക്ഷയും കിട്ടുന്നതിന് ആദ്യം തന്നെ സംഘം റജിസ്ത്ര് ചെയ്യണം.
2. സ്ഥൈര്യം, ധൈര്യം, ബുദ്ധി, ശേഷി എന്നീ ഗുണങ്ങളാണ് സംഘത്തിലെ ഭരണഉദ്യോഗസ്ഥന്മാര്‍ക്ക് അവശ്യം വേണ്ടത്. അല്ലാതെ സ്വത്തോ സ്ഥാനമാനങ്ങളോ അല്ല.
3. ഒരു മെമ്പര്‍ക്ക് ഒരു വോട്ട് എന്നതായിരിക്കണം നിയമം. അധികം സംഖ്യ എടുത്തിട്ടുള്ളവര്‍ക്ക് വിശേഷമൊന്നും പാടില്ല.
4. ഭരണകാര്യങ്ങള്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം നടത്തേണ്ടതാകുന്നു.
5. പണമിടപെട്ട കാര്യത്തില്‍ നല്ല നോട്ടമുണ്ടായിരിക്കണം. ഒരുവന്റെ പ്രവൃത്തിയില്‍ ചതിയുണ്ടെന്നു തെളിഞ്ഞാല്‍
ആ മെമ്പറെ ഉടനെ തള്ളിക്കളയണം.
6. സംഘാവശ്യമായ സാധനങ്ങള്‍ കഴിയുന്നതും ആദ്യത്തെ ചന്തകളില്‍ നിന്നു വാങ്ങിക്കണം. സംഘാംഗങ്ങളുടെ വക സാമാനങ്ങള്‍ വില്‍ക്കുവാനുണ്ടെങ്കില്‍ അവ ഒടുക്കത്തെ ചന്തകളില്‍ വില്‍ക്കുകയും വേണം.
7. റൊക്കം വിലയ്ക്കു മാത്രമേ സാമാനങ്ങളെ കൊള്ളുകയും കൊടുക്കുകയും ചെയ്യാവൂ.
8. ശേഖരിപ്പു സാമാനങ്ങള്‍ക്ക് അങ്ങാടിവിലയേക്കാള്‍ കുറച്ചു മാത്രമേ – ഒരു കരുതലായിട്ട് – എപ്പോഴും വില കണക്കാക്കുവാന്‍ പാടുള്ളു.
9. തങ്ങളുടെ ബോധ്യപ്രകാരം തങ്ങള്‍തന്നെ തിരഞ്ഞെടുത്തിട്ടുള്ളവരേക്കൊണ്ടു കണക്കുകള്‍ വെടിപ്പായി പരിശോധിപ്പിക്കുക എന്ന കാര്യത്തില്‍ മെമ്പര്‍മാര്‍ പ്രത്യേകം മനസ്സുവെക്കണം.
10. ഭരണസംഘം എപ്പോഴും സംഘാംഗങ്ങളുടെ അനുവാദത്തോടുകൂടി മാത്രമേ അധികം ചെലവുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ.
11. പ്രസിദ്ധിക്കായിട്ടൊന്നും ചെയ്യരുത്. മറ്റൊരുവനായിട്ടു മല്ലിടുവാനും പോകരുത്. വേണ്ടിവന്നാല്‍ ഭയപ്പെട്ടു പിന്‍വലിക്കുകയുമരുത്.
12. നിങ്ങള്‍ക്കു വിശ്വാസമുള്ളവരെ മാത്രമേ നിങ്ങളുടെ നേതാന്മാരായിട്ടു തിരഞ്ഞെടുക്കാവൂ. അപ്രകാരം തിരഞ്ഞെടുത്താല്‍ പിന്നെ അവരെ വിശ്വസിക്കുകയും വേണം.