റിപ്പോ നിരക്കില്‍ ഇത്തവണയും മാറ്റമില്ല, പലിശനിരക്ക് 6.5 ശതമാനമായി തുടരും
ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കില്‍ ( റിപ്പോ നിരക്ക് ) ഇത്തവണയും മാറ്റമില്ല. നിലവിലുള്ള 6.5 ശതമാനമായി പലിശനിരക്കു തുടരും. വായ്പകളെടുത്തിട്ടുള്ളവര്‍ക്കു റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം ആശ്വാസം പകരും. റിപ്പോ നിരക്ക് കൂട്ടാത്തതിനാല്‍ ഭവന, വാഹനവായ്പകള്‍ക്കുള്ള പലിശനിരക്കുകള്‍ ഉയരില്ല.
റിസര്‍വ് ബാങ്കിന്റെ പണനയസമിതിയുടെ തീരുമാനം ഗവര്‍ണര്‍ ശക്തികാന്തദാസാണു വ്യാഴാഴ്ച പ്രഖ്യാപിച്ചത്. മൂന്നു ദിവസത്തെ യോഗത്തിനുശേഷമാണു നടപ്പു സാമ്പത്തികവര്‍ഷത്തെ രണ്ടാമത്തെ പണനയ പ്രഖ്യാപനമുണ്ടായത്. രാജ്യത്തിന്റെ സമ്പദ്ഘടന ഭദ്രമാണെന്നു വായ്പാനയ അവലോകനത്തിനുശേഷം ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. നാണയപ്പെരുപ്പത്തിന്റെ തോത് നിയന്ത്രണവിധേയമാണെന്നാണു റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.
ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന പണനയസമിതിയോഗത്തിലും റിപ്പോ നിരക്കില്‍ മാറ്റം വരുത്തുകയുണ്ടായില്ല. അതിനു മുമ്പു തുടര്‍ച്ചയായി ആറു തവണ നിരക്ക് ഉയര്‍ത്തിയാണ് 6.5 ശതമാനത്തിലെത്തിച്ചത്. 2022 മെയ് മാസത്തില്‍ 0.4 ശതമാനവും ജൂണിലും ആഗസ്റ്റിലും ഒക്ടോബറിലും 0.5 ശതമാനം വീതവും ഡിസംബറില്‍ 0.35 ശതമാനവും 2023 ഫെബ്രുവരിയില്‍ 0.25 ശതമാനവുമാണു കൂട്ടിയിരുന്നത്.