റബ്ബര്‍ കപ്പും റബ്ബര്‍ടൈല്‍സും; പുതിയ ഉല്‍പ്പന്നങ്ങളുമായി റബ്ബര്‍ബോര്‍ഡ്

Deepthi Vipin lal

കോവിഡ് വ്യാപനമുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാന്‍ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി വരുമാനം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് റബ്ബര്‍ ബോര്‍ഡ്. റബ്ബര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍ സംഭരിച്ച റബ്ബറിനങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ബോര്‍ഡ് തയ്യാറാക്കിയത്. സംഘങ്ങളില്‍നിന്നുള്ള അസംസ്‌കൃത റബ്ബര്‍ ശേഖരിക്കുമ്പോള്‍ കര്‍ഷകര്‍ക്കും ആശ്വാസമാകും.

റബ്ബര്‍ കപ്പും റബ്ബര്‍ ടൈലുമടക്കം നാല് പുതിയ ഉത്പന്നങ്ങളാണ് റബ്ബര്‍ ബോര്‍ഡ് ഇപ്പോള്‍ നിര്‍മ്മാണം തുടങ്ങിയിട്ടുള്ളത്. സംരംഭകര്‍ക്ക് സാങ്കേതിക സഹായം ഒരുക്കാന്‍ തുടങ്ങിയ റബ്ബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആണ് ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്. വ്യാവസായികടിസ്ഥാനത്തില്‍ ഇത് നിര്‍മിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. 2020 ജൂണിലാണ് റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിച്ചത്. എട്ട് കമ്പിനികള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് നാല് പ്രധാന ഉത്പന്നങ്ങള്‍ വികസിപ്പിക്കാനായത് വലിയ നേട്ടമാണെന്നാണ് റബ്ബര്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.

രോഗികള്‍ക്ക് പാദരക്ഷ

രോഗികള്‍ക്കുള്ള പ്രത്യേക തരം പാദരക്ഷകളില്‍ ഉപയോഗിക്കുന്ന ഓര്‍ത്തോട്ടിക് ഇന്‍സോള്‍ പുതിയ രീതിയില്‍ നിര്‍മിക്കുന്നു. കുഷ്ഠം, പ്രമേഹം എന്നിവ ബാധിച്ച രോഗികള്‍ക്കുള്ള ചെരുപ്പുകളിലാണ് ഓര്‍ത്തോട്ടിക് ഇന്‍സോള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. നിലവിലുള്ളതിന്റെ പകുതി വിലക്ക് നല്‍കാനാവും എന്നതാണ് പുതിയ പ്രോജക്ടിന്റെ മെച്ചം. ചെലവുകുറഞ്ഞ കയ്യുറകളാണ് ഇന്‍കുബേഷന്‍ സെന്റര്‍ വികസിപ്പിച്ചെടുത്തതിലെ പ്രധാന ഉത്പന്നം. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള കയ്യുറകള്‍ പുതിയ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കാം.

ടൈല്‍സും കപ്പും

റബ്ബര്‍കപ്പും റബ്ബര്‍ ടൈലും ഇതിനകം തന്നെ ജനപ്രീയമായിട്ടുണ്ട്. ഉപയോഗിച്ച നൈട്രൈല്‍ കയ്യുറകളില്‍ നിന്ന് റബ്ബര്‍ തറയോടുകള്‍ വികസിപ്പിക്കുന്നതാണ് ടൈല്‍ നിര്‍മാണത്തിന്റെ രീതി. ഇത് പരിസ്ഥിതി സംരക്ഷണത്തിന് കൂടി ഗുണകരമാകുന്നതാണ്. വീടുകള്‍ക്കുള്ളിലും പുറത്തും ഉപയോഗിക്കാവുന്ന ഗുണമേന്‍മയുള്ളതാണ് ഈ തറയോടുകള്‍. കേരളത്തിനകത്തും പുറത്തും വിപണി കണ്ടെത്താന്‍ കഴിഞ്ഞാല്‍ വലിയൊരു നേട്ടമാകും ഇത്.

നഴ്സറികളില്‍ റബ്ബര്‍ തൈകള്‍ വളര്‍ത്തിയെടുക്കുന്നതിന് ഉപയോഗിക്കുന്ന റൂട്ട് ട്രെയിനര്‍ കപ്പുകള്‍ .പൂര്‍ണമായും റബ്ബറില്‍ നിര്‍മിച്ചെടുത്ത ഇവ പ്ലാസ്റ്റിക് കപ്പുകളേക്കാള്‍ മികച്ചതാണ് എന്നാണ് കണ്ടെത്തല്‍. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തിലേക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ കപ്പുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News