രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്കിന് റെക്കോഡ് ലാഭം
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്കായ സാരസ്വത് അര്‍ബന്‍ സഹകരണ ബാങ്കിനു റെക്കോഡ് ലാഭം. 2021-22 സാമ്പത്തിക വര്‍ഷം ബാങ്കിന്റെ മൊത്തം ബിസിനസ് 71,573 കോടി രൂപ വരും. അറ്റ ലാഭം കഴിഞ്ഞ കൊല്ലത്തേക്കാള്‍ അഞ്ചു കോടി വര്‍ധിച്ച് 275 കോടി രൂപയിലെത്തി.
ആറു സംസ്ഥാനങ്ങളിലായി 284 ശാഖകളുള്ള സാരസ്വത് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2020-21 ല്‍ ആകെ ബിസിനസ് 67,097 കോടി രൂപയായിരുന്നു. ലാഭം 270 കോടി രൂപയും. നിക്ഷേപം മുന്‍കൊല്ലത്തെ 40,855 കോടിയില്‍ നിന്നു 2021-22 ല്‍ 42,870 കോടിയായി ഉയര്‍ന്നു.
1918 സെപ്റ്റംബര്‍ 14 നു ആരംഭിച്ച ഈ സഹകരണ ബാങ്കിനു 1988 ല്‍ ഷെഡ്യൂള്‍ഡ് ബാങ്ക് പദവി ലഭിച്ചു. മഹാരാഷ്ട്രക്കു പുറമേ ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ഗോവ, ഡല്‍ഹി സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന സാരസ്വത് ബാങ്കില്‍ 4242 ജീവനക്കാരുണ്ട്.
അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ബ്‌സ് 2020 ല്‍ നടത്തിയ സര്‍വേയനുസരിച്ച് ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ബാങ്കാണിത്.
സാരസ്വത് ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 2022 മാര്‍ച്ച് 31 നു 66.95 ശതമാനമാണ്. മുന്‍വര്‍ഷം ഇതു 64.23 ശതമാനമായിരുന്നു. ഇപ്പോഴത്തെ എന്‍.പി.എ. 0.65 ശതമാനം മാത്രമാണ്. 2022-23 ലെ വാര്‍ഷിക ബിസിനസ് പ്ലാനനുസരിച്ച് 25 പുതിയ ശാഖകള്‍ തുറക്കാനുള്ള സാരസ്വത് ബാങ്കിന്റെ അപേക്ഷ റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ 12 ശാഖകള്‍ മുംബൈയിലായിരിക്കും തുറക്കുക. മൂന്നെണ്ണം നവിമുംബൈയിലും രണ്ടെണ്ണം താനയിലും എട്ടെണ്ണം പുണെയിലും തുറക്കും. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഫോര്‍ച്ച്യൂണ്‍ ഇന്ത്യ-500 ലിസ്റ്റില്‍ സാരസ്വത് ബാങ്ക് ഇടം പിടിച്ചിട്ടുണ്ട്.
ബാങ്കിന്റെ 104 -ാമതു വാര്‍ഷിക പൊതുയോഗം ജൂണ്‍ 27 നു മുംബൈയില്‍ ചേരും.