രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക്
അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം പോകുന്നത്. രാജ്യത്തു നിന്നാകെ കേള്‍ക്കുന്ന വാര്‍ത്തകളും ശുഭകരമല്ല. വ്യവസായ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. വാഹന നിര്‍മാതാക്കളും വിതരണക്കാരും അതിജീവനപ്പാക്കേജ് തേടി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ സമീപിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ വാഹന ഡീലര്‍മാര്‍ ആത്മഹത്യ ചെയ്തുതുടങ്ങിയെന്ന അശുഭ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കര്‍ഷക ആത്മഹത്യ ഒരുകാലത്ത് ഇന്ത്യയെ ഗ്രസിച്ചിരുന്നതുപോലെ വ്യവസായ മേഖലയിലു സംഭവിക്കാന്‍ പോകുന്നു. കര്‍ഷകരുട ദുരിതങ്ങള്‍ ആവര്‍ത്തിക്കുന്ന കഥകളായപ്പോള്‍ വാര്‍ത്തകളല്ലാതായി മാറിയെന്നു മാത്രമേയുള്ളൂ. അവരുടെ പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ല.
രാജ്യത്താകെ സാമ്പത്തിക മാന്ദ്യത്തിനുള്ള ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴാണ് അടിക്കടിയുള്ള പ്രളയം കേരളത്തെ പിടിച്ചുലയ്ക്കുന്നത്. കിട്ടാവുന്ന കടങ്ങളൊക്കെ കേരളം ഏറ്റുവാങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ സാമ്പത്തിക പരാധീനത നേരിടുന്നതിനൊപ്പം ജീവിതച്ചെലവ് നേരിടാവാത്ത സ്ഥിതിയിലേക്ക് ജനങ്ങളും മാറുകയാണ്. നിര്‍മാണ-റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നുകഴിഞ്ഞു. കാര്‍ഷിക മേഖല വീണ്ടെടുക്കാനാവാത്തവിധം ഒലിച്ചുപോയ അവസ്ഥയിലാണ്. മാന്ദ്യം ഒരു വെറുംവാക്കല്ല. അത് ഏറ്റുവാങ്ങാന്‍ കേരളം ആദ്യവും രാജ്യം രണ്ടാമതും തയാറെടുത്തു തുടങ്ങുകയാണ്.
ലോകത്ത് പ്രധാന രാജ്യങ്ങളെയാകെ, യൂറോപ്യന്‍ രാജ്യങ്ങളെ പ്രത്യേകിച്ചും , ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതത്തിന് ഒരു പതിറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. അമേരിക്കയില്‍ ബാങ്കിങ് മേഖലയിലാണ് മാന്ദ്യം ആദ്യം പ്രകടമായത്. അത്, ലോകത്തെ ആകെ ബാധിക്കുന്ന സ്ഥിതിയിലെത്തി. അന്ന്, ഇന്ത്യയെ ബാധിക്കാതിരുന്നത് ഇവിടുത്തെ വ്യവസായ-സാമ്പത്തിക കെട്ടുറപ്പിന്റെ ഫലമായാണ്. പൊതുമേഖലാ ബാങ്കുകളുടെ മേല്‍ക്കൈ, സാമ്പത്തിക ഇടപാടില്‍ ഇന്ത്യന്‍ ബാങ്കുകള്‍ കാണിച്ച കണിശത എന്നിവയൊക്കെ അന്നത്തെ മാന്ദ്യം ഇന്ത്യയെ ബാധിക്കാതെ കാത്ത ഘടകങ്ങളാണ്. എന്നാല്‍, ഇന്ന് അതല്ല സ്ഥിതി. ഇന്ത്യയിലെ ബാങ്കിങ് മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. കിട്ടാക്കടം പെരുകുകയാണ്. ഒറ്റയ്ക്ക് അതിജീവന ശേഷിയില്ലാത്തവയെ ലയിപ്പിച്ചുള്ള പരീക്ഷണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. വന്‍കിട കമ്പനികളുടെ വായ്പകള്‍ കിട്ടാക്കടമായി മാറുന്നു. ഈ കടം കണക്കില്‍നിന്ന് മാറ്റിയുള്ള ‘എഴുതിത്തള്ളല്‍’ പരീക്ഷിക്കുന്നു. ആയിരക്കണക്കിന് കോടിയുടെ വായ്പ്പത്തട്ടിപ്പുകള്‍ വാര്‍ത്തകളില്‍ നിറയുന്നു. റിസര്‍വ് ബാങ്കില്‍പ്പോലും ധനകാര്യ മാനേജ്‌മെന്റിനെക്കുറിച്ചുള്ള അഭിപ്രായ അനൈക്യം പരസ്യമായി പുറത്തുവന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും, ഈ നയത്തില്‍ പ്രതിഷേധിച്ച് ജോലി ഉപേക്ഷിച്ചു. ഇതെല്ലാം, ഉറച്ച ബാങ്കിങ് അടിത്തറ ഇന്ത്യയ്ക്ക് നഷ്ടമായി എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ്.
ഇന്ധന ഉപയോഗം കുറയുന്നു
ഇന്ധന വിലവര്‍ധന രാജ്യത്തെ അവശ്യവസ്തുക്കളുടെ വിലനിര്‍ണയത്തെപ്പോലും ബാധിക്കുന്നതാണ്. അതിനര്‍ഥം, ഇന്ധന ഉപയോഗത്തില്‍ കുറവു വരുത്താനാവില്ലെന്നും ഈയിനത്തില്‍ അധികമായി ചെലവാകുന്ന തുക മറ്റ് വസ്തുക്കളില്‍നിന്ന് ഈടാക്കി എടുക്കേണ്ടിവരും എന്നുമാണ്. ഇത് വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള യാഥാര്‍ഥ്യമാണ്. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്ര എണ്ണമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. വാഹനപ്പെരുപ്പവും ഉപഭോഗവും കൂടുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും മാത്രമല്ല, പാചകവാതകത്തിന്റെയും ഉപയോഗം കുറഞ്ഞുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണിത്. വാഹനങ്ങളുടെ സ്വകാര്യ-വാണിജ്യ ഉപയോഗം കുറഞ്ഞു. പാചക വാതകത്തിന്റെ ഉപയോഗം ജനങ്ങള്‍ കുറച്ചു. ധാരാളിത്തത്തില്‍നിന്ന് അത്യാവശ്യത്തിന് മാത്രമായി ഉപയോഗം പരിമിതപ്പെടുത്തുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ പ്രകട ലക്ഷണമാണ്. ഉജ്ജ്വല എന്ന പേരില്‍ സൗജന്യ പാചകവാതക കണക്ഷന്‍ ഇന്ത്യയിലാകെ ജനകീയമായി നല്‍കിയ ശേഷമാണ് ഈ കുറവെന്നതും ഗൗരവത്തോടെ പരിഗണിക്കണം.
2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതില്‍, കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ എണ്ണയുടെ ഇറക്കുമതിയും ഉപയോഗവും 13.4 ശതമാനം കുറഞ്ഞു. മുമ്പൊരിക്കലും ഇത്രയും കുറവ് രേഖപ്പെടുത്തിയിട്ടില്ല. ഇറക്കുമതിയും ഗണ്യമായി കുറഞ്ഞതിന് പ്രകടമായ മറ്റ് കാരണങ്ങളൊന്നുമില്ല. മാത്രവുമല്ല, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ അവസ്ഥയിലാണ് ഇറക്കുമതി കുറഞ്ഞതെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കുറയുമ്പോള്‍ സാധാരണ ഇറക്കുമതി കൂടുകയാണ് ചെയ്യുക. പെട്രോളിയം കമ്പനികള്‍ കൂടുതല്‍ ക്രൂഡോയില്‍ ശേഖരിച്ചുവെക്കും. ആഭ്യന്തര ഇന്ധന ഉപയോഗത്തില്‍ മാറ്റമില്ലാത്തതിനാല്‍ റിഫൈനറികള്‍ക്ക് ആകുലപ്പെടേണ്ട കാര്യവുമില്ല. എന്നാല്‍, ഇതു രണ്ടും ഉണ്ടായിട്ടില്ല. ഇന്ധന ഉപയോഗം കുറഞ്ഞുതുടങ്ങിയതോടെ റിഫൈനറികള്‍ ക്രൂഡോയില്‍ ശേഖരിച്ചുവെക്കാന്‍ തയാറായില്ല. ഇതാണ് ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഇറക്കുമതി കുറയാന്‍ കാരണം. ഇതൊരു അസാധാരണ പ്രതിഭാസമാണ്. പാചകവാതകത്തിന്റെ ഉപയോഗം ഏഴ് ശതമാനമാണ് കുറഞ്ഞത്. മണ്ണണ്ണയുടെ ഉപയോഗത്തിലും കുറവ് രേഖപ്പെടുത്തി. 17 ശതമാനമാണ് മണ്ണണ്ണയുടെ ഉപയോഗം കുറഞ്ഞത്.
എണ്ണ ഇറക്കുമതി കുറയുന്നത് രാജ്യത്തെ വിദേശ നാണ്യ ശേഖരണത്തിന് ഗുണകരമാകുമെന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉപയോഗം കുറയുന്നത് നല്ല സൂചനയല്ല. ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 64-65 ഡോളര്‍ നിരക്കാണുള്ളത്. കുതിച്ചുയരുന്ന തൊഴില്‍ നഷ്ടഭീതിയില്‍ സ്വകാര്യ വാഹന ഉപയോഗം നന്നായി കുറഞ്ഞു. ഇതും പെട്രോള്‍-ഡീസല്‍ ഉപയോഗം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ സുരക്ഷിതമല്ലാത്ത അവസ്ഥയിലേക്ക് പോകുന്നതിന്റെ ലക്ഷണമായി കാണണം.
ഇനി വ്യവസായി അത്മഹത്യയോ?
മരുന്നുകൊണ്ട് മാറുന്നതല്ല, സര്‍ജറിതന്നെ വേണമെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് പ്രതിനിധികള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെ നേരിട്ടുകണ്ട് പറഞ്ഞത്. വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കൊണ്ട് കാര്യമില്ല. ഉത്തേജക പാക്കേജുകളും രക്ഷാപദ്ധതികളും വേണമെന്നാണ് ആവശ്യം. ഈ നിലയിലാണെങ്കില്‍ വ്യവസായ മേഖലയില്‍നിന്നുള്ള ആത്മഹത്യ വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്ന ഘട്ടം അതിവിദൂരമല്ല. വാഹനനിര്‍മാണ വ്യവസായത്തിലാണ് സ്ഥിതി അതി ഗുരുരമായിട്ടുള്ളത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ വാഹന നിര്‍മാണ-വിപണന രംഗത്ത് രണ്ടു ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായതെന്നാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്ക്. ഈ അസോസിയേഷന്‍ പ്രതിനിധികളും ധനമന്ത്രിയെ കണ്ട് സ്ഥിതി ബോധ്യപ്പെടുത്തിയിട്ടുണ്ട്.
2019 ജൂലായിലെ കണക്കനുസരിച്ച് വാഹന വില്‍പ്പനയിുണ്ടായിട്ടുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. ഒരു വര്‍ഷം മുമ്പ് 22.45 ലക്ഷം വാഹനങ്ങള്‍ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോഴത് 18.25 ലക്ഷമാണ്. അതായത്, വില്‍പ്പനയില്‍ ഒരു വര്‍ഷം കൊണ്ടുണ്ടായ ഇടിവ് 18.71 ശതമാനം. 2000 ഡിസംബറിലാണ് ഇതുപോലെ ഒരു വന്‍ ഇടിവ് വാഹന വില്‍പ്പനയിലുണ്ടായത്. അന്ന് 21.81 ശതമാനമായിരുന്നു ഇടിവ്. അതിനുശേഷമുണ്ടാകുന്ന വന്‍ ഇടിവാണ് ഇക്കഴിഞ്ഞ ജൂലായില്‍ ഉണ്ടായിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ വാഹന ഡീലര്‍ഷിപ്പെടുത്ത്് കടക്കെണിയിലായവര്‍ ആത്മഹത്യ ചെയ്യുന്ന സംഭവമുണ്ടായി. നിരവധി ഡീലര്‍ഷിപ്പുകള്‍ ഒഴിവാക്കി. കുറപ്പേര്‍ തൊഴിലാളികളെ കുറച്ചു. വാഹന ഡീലര്‍ഷിപ്പ് രംഗം പ്രതിസന്ധിയിലാണെന്ന് കണ്ടതോടെ വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകളും സമ്മര്‍ദ്ദം തുടങ്ങി. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചക്കുറവിനെത്തുടര്‍ന്ന് ചെറുകിട , ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതോടെയാണ് യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പന ഗണ്യമായി ഇടിഞ്ഞത്. ഈ മേഖലയെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടി വേണമെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് ആവശ്യപ്പെടുന്നത്. രക്ഷാപാക്കേജും നികുതി ഇളവും വേണം. വാഹനങ്ങളുടെ ജി.എസ്.ടി. നിരക്ക് 28 ല്‍നിന്ന് 18 ശതമാനമാക്കണം. പുതിയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് മൂന്നു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കുമെല്ലാം വാങ്ങുന്നതിന് പകരം ഒരു വര്‍ഷത്തേക്കാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പുതിയ മോഡല്‍ വാഹനങ്ങള്‍ നെഞ്ചിടിപ്പോടെയാണ് നിര്‍മാതാക്കള്‍ ഇറക്കുന്നത്.
ഗൃഹോപകരണ മേഖലയാണ് മറ്റൊന്ന്. കേരളത്തിലെ ആവര്‍ത്തിച്ചുള്ള പ്രളയം ഞെട്ടലുണ്ടാക്കുന്നത് ഈ മേഖലയെയാണ്. സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെതന്നെ ആദ്യ വ്യാപാര സീസണാണ് കേരളത്തിലെ ഓണസമയം. അതിന് ശേഷമാണ് ഉത്തരേന്ത്യയില്‍ ദീപാവലി ഉള്‍പ്പടെയുള്ള സീലണെല്ലാം വരുന്നത്. അതിനാല്‍, ഗൃഹോപകരണ നിര്‍മ്മാതാക്കള്‍ പുതിയ ഉല്‍പ്പന്നം ആദ്യം കേരളത്തിലാണ് വിപണിയെത്തിക്കുന്നത്. കേരളത്തിലെ വിപണി പൂര്‍ണമായും തകര്‍ന്നുവെന്നു പറയാം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ കാര്യമായി വിപണിയുണ്ടായിട്ടില്ല. സാമ്പത്തിക മാന്ദ്യം കാരണം കമ്പനികള്‍ പുതിയ മോഡല്‍ അവതരിപ്പിക്കുന്നതിന് ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളം എങ്ങോട്ട് ?
ഒരു മഹാപ്രളയത്തിന്റെ കെടുതി ഏറ്റുവാങ്ങി, അതില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും മഴക്കെടുതിയും ദുരന്തവും കേരളത്തെ കീഴടക്കിയത്. അതും, ആദ്യ പ്രളയത്തിന്റെ വാര്‍ഷികത്തില്‍. പുനര്‍നിര്‍മാണത്തിനുള്ള പദ്ധതി തയാറാക്കി വരുന്നേയുണ്ടായിരുന്നുള്ളൂ കേരളം. മസാല ബോണ്ടിറക്കി പണം സ്വരൂപിച്ചു. ലോകബാങ്കില്‍ നിന്നടക്കം കടം വാങ്ങി. ഇതൊന്നും എവിടെയും എത്തില്ലെന്ന് ബോധ്യമായതോടെ ഒരു ശതമാനം പ്രളയ സെസ്സുകൂടി കേരളത്തില്‍ ഏര്‍പ്പെടുത്തി. ഈ ഘട്ടത്തിലാണ് വീണ്ടും കെടുതി എത്തിയത്. ഇനി ഒരു ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. കേരളം എങ്ങോട്ട്?
വ്യാപാരമേഖല തകര്‍ന്നു. കഴിഞ്ഞ പ്രളയത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ 1725 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. കാര്‍ഷിക രംഗം ഇല്ലാതായി. കര്‍ഷകര്‍ നിലകിട്ടാക്കയത്തിലേക്ക് വീഴുകയാണ്. കടക്കെണിയില്‍ സര്‍ക്കാര്‍ മാത്രമല്ല, കേരളത്തിലെ നല്ലൊരുവിഭാഗം ജനങ്ങളും വീണിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണത്തിന് മുന്നോടിയായുണ്ടായ മഹാപ്രളയം മധ്യ കേരളത്തെയാണ് പ്രധാനമായും കശക്കിയെറിഞ്ഞതെങ്കില്‍ ഇക്കുറി ഉത്തര കേരളമാണ്. കഴിഞ്ഞ പ്രളയത്തില്‍ ഓണ വിപണി 70 ശതമാനം കുറഞ്ഞു. മധ്യ കേരളത്തിലെ വ്യാപാരികളുടെ നഷ്ടം എത്രയാണെന്നതിന് കൃത്യമായ കണക്ക് പോലുമില്ല. വ്യാപാരമേഖലയെ പുനരുദ്ധരിക്കാന്‍ ചില പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് കാര്യമായ ചലനമൊന്നുമുണ്ടായില്ല. ഈ ഓണ സീസണിലെങ്കിലും നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയില്‍ വന്‍തുക ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് പല വ്യാപാരികളും ബിസിനസ് ഉയര്‍ത്തിക്കൊണ്ടുവന്നത്. ജനങ്ങളുടെ വ്യാപാരശേഷി കുറഞ്ഞ സമ്പദ് വ്യവസ്ഥയില്‍ ഒരു വിപണിയും പുഷ്ടിപ്പെടില്ല. അതാണ് കേരളം ഏറ്റുവാങ്ങാനിരിക്കുന്നത്.
2018-ലെ മഹാപ്രളയത്തില്‍ 31,000 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായെന്നാണ് കണക്ക്. ഇത് സാങ്കേതികം മാത്രമാണ്. വ്യക്തിപരമായ നഷ്ടം ഇതിലുള്‍പ്പെടുന്നതല്ല. കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമൊക്കെ തകര്‍ന്നതുള്‍പ്പെടുന്ന പൊതുനഷ്ടം പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു കേരളം. പുതിയ കേരളം സൃഷ്ടിക്കണമെന്നത് കേരളത്തിന്റെ മുദ്രാവാക്യമാക്കിയത് അക്ഷരാര്‍ത്ഥത്തില്‍ പലതും പുന:സൃഷ്ടിക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ്. ലോകബാങ്ക് അടക്കമുള്ള വായ്പകൊണ്ട് ഇത് സാധ്യമായിരുന്നില്ല. അതുകൊണ്ടാണ് പ്രളയ സെസ് പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 1200 കോടി രൂപയാണ് പ്രളയ സെസ്സിലൂടെ ലക്ഷ്യമിട്ടത്. ഇനി ഇത് എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയണം. സാധ്യമായാല്‍ അതിന്റെ ഭാരമെല്ലാം ജനങ്ങളുടെ തലയിലാണെന്നതും വിസ്മരിക്കാനാവില്ല.
കൃഷിനാശം
കഴിഞ്ഞതവണ 2,36,650 ഹെക്ടര്‍ കൃഷിഭൂമി നശിച്ചുവെന്നാണ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കണക്ക്. 18,545 കോടി രൂപയുടെ നഷ്ടം കാര്‍ഷിക മേഖലയ്ക്കുണ്ടായി എന്നാണ് കണക്കുകള്‍. 10.83 ലക്ഷം കര്‍ഷകരെ ഇത് ബാധിച്ചു. ഇത്രയും കര്‍ഷകരെ ബാധിക്കുകയെന്നതിനര്‍ഥം, അവരുടെ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന അതിന്റെ പത്തിരട്ടിയോളം വരുന്ന ജനങ്ങളെ കാര്യമായി ബാധിച്ചുവെന്നാണ്. നെല്‍ക്കൃഷിയെ പ്രോത്സാഹിപ്പിച്ച് നെല്ലുല്‍പാദനം കൂട്ടാന്‍ കൃഷിവകുപ്പ് ഏറെ ശ്രദ്ധ നല്‍കിയ ജില്ല പാലക്കാടാണ്. അവിടെ 12,571 ഹെക്ടര്‍ കൃഷിയിടമാണ് നശിച്ചത്. 1.35 ലക്ഷം കര്‍ഷകര്‍ ഇതിനിരകളായി. ഇതിനെയൊക്കെ മറികടന്ന് കൃഷിയെ വീണ്ടെടുത്ത് വരുമ്പോഴാണ് വീണ്ടും പ്രളയക്കെടുതിയുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷമെടുത്ത ബാങ്ക് വായ്പ കര്‍ഷകരാരും തിരിച്ചടച്ചിട്ടില്ല. 2019 ഡിസംബര്‍ വരെ മൊറട്ടോറിയം അനുവദിച്ചതിനാല്‍, തിരിച്ചടവ് കാലാവധി നീട്ടിക്കിട്ടി എന്നതുമാത്രമാണ് ആശ്വാസം. മൊറട്ടോറിയം കാലാവധി കഴിയുമ്പോള്‍ പലിശ സഹിതം തിരിച്ചുനല്‍കണം. ഈ വര്‍ഷം വാങ്ങിയ കടം വേറേയും. രണ്ടാം വട്ടവും കൃഷിനശിച്ച കര്‍ഷകന് പ്രതീക്ഷപോലും ബാക്കിയില്ല. ജൈവ പച്ചക്കറിക്കായി കേരളം നടത്തിയ ചുവടുവെപ്പുകള്‍ രണ്ടുതവണയായി തകര്‍ന്നുപോവുകയാണ്. ‘ ഓണത്തിന് ഒരുമുറം പച്ചക്കറി ‘ എന്ന പദ്ധതി കര്‍ഷക കൂട്ടായ്മകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതെല്ലാം പ്രളയത്തില്‍ നശിച്ചു. പ്രളയം തകര്‍ത്തെറിഞ്ഞില്ലെങ്കിലും കനത്ത മഴ കുരുമുളക് കര്‍ഷകരെയും ബാധിച്ചു. കുരുമുളക് ചെടികളിലെ തിരി അടര്‍ന്നുവീണു. ഉല്‍പാദനം ഈ വര്‍ഷം പാതിയായി കുറയും. പുതിയ റബ്ബര്‍ഷീറ്റിന്റെ വരവ് സെപ്റ്റംബറിലേക്ക് നീളും. പാലെടുക്കാന്‍ കഴിയാത്തതാണ് കാരണം. കൃഷി ഇനി ഒന്നില്‍നിന്ന് തുടങ്ങും. പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പുപോലുമില്ലാത്ത അവസ്ഥയിലാണ്. തോട്ടം മേഖല വീണ്ടും വറുതിയുടെതായി. സംസ്ഥാനത്തിന്റെ സമ്പദ് ഘടനയില്‍ കര്‍ഷകര്‍ നല്‍കുന്ന സംഭാവന മുന്‍നിര്‍ത്തി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ അടിയന്തരമായി ആലോചിക്കേണ്ടതാണ്.
ടൂറിസത്തിനും തിരിച്ചടി
ടൂറിസം മേഖലയിലാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഇടുക്കിയും വയനാടുമാണ് രണ്ടാവട്ടവും പ്രളയം ഏറ്റുവാങ്ങിയ പ്രധാന ജില്ലകള്‍. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍നിന്നുള്ള വരുമാനത്തിന്റെ വലിയ പങ്കും ലഭിച്ചിരുന്നത് മണ്‍സൂണ്‍ ടൂറിസത്തില്‍നിന്നാണ്. രണ്ടു വര്‍ഷമായി മണ്‍സൂര്‍ ടൂറിസം വലിയ തകര്‍ച്ചയിലാണ്. നോട്ട് നിരോധനം, ജി.എസ്.ടി. എന്നിവയും വേണ്ടത്ര മഴ ലഭിക്കാത്തതും കാരണം 2017-ലും മണ്‍സൂണ്‍ ടൂറിസം വേണ്ടത്ര ഗുണകരമായിരുന്നില്ല. കഴിഞ്ഞ പ്രളയത്തിന് ശേഷം വിനോദ സഞ്ചാര മേഖല ശക്തമാക്കാന്‍ വലിയ ക്യാമ്പയിനാണ് സര്‍ക്കാര്‍ നടത്തിയിരുന്നത്. രാജ്യത്തിനകത്തും പുറത്തും കേരള ടൂറിസം പ്രചരണവിഷയമാക്കി. പ്രധാന നഗരങ്ങളില്‍ ടൂറിസം വകുപ്പ് പാര്‍ട്ണര്‍ഷിപ്പ് മീറ്റുകള്‍ സംഘടിപ്പിച്ചു. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ മുമ്പത്തേക്കാളുമധികം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. ആ ശ്രമമാണ് രണ്ടാം പ്രളയത്തിലൂടെ ഇല്ലാതായത്.
കേരളത്തിന്റെ സാമ്പത്തികാവസ്ഥ ഇനി എന്താകുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത തരത്തില്‍ തകര്‍ന്നിരിക്കുകയാണ്. വായ്പാ തിരിച്ചടവില്ലാതെ ബാങ്കുകള്‍ ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിട്ടുതുടങ്ങി. തൊഴില്‍ നഷ്ടം രൂക്ഷമാകും. ചെലവു വെട്ടിക്കുറിച്ച് മലയാളി ജീവിതവഴി കണ്ടത്തിത്തുടങ്ങി. ചെറുകിട വ്യാപാര-വാണിജ്യ മേഖലകളെല്ലാം അതിജീവിക്കാന്‍ പാടുപെടുകയാണ്. ഉപഭോക്തൃ സംസ്ഥാനം എന്നു പേരുകേട്ട കേരളം വാങ്ങല്‍ ശേഷിയില്ലാത്ത ജനതയുടെ നാടുകൂടിയാകുമ്പോഴുള്ള ഭീകരത ആലോചിക്കാവുന്നതേയുള്ളൂ. മാന്ദ്യം ഒരു വെറുംവാക്കല്ല. അത് കേരളത്തെ ഗ്രസിച്ചുതുടങ്ങിയ ഒരു മഹാമാരി തന്നെയാണ്.