രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ അതിവേഗത്തില്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കും: വി.എന്‍ വാസവന്‍

moonamvazhi

വിവരസാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി രജിസ്‌ട്രേഷന്‍ സംബന്ധിച്ച എല്ലാ സേവനങ്ങളും അതിവേഗത്തില്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടപ്പാക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടപാടുകാര്‍ക്ക് അനുകൂലവും ആശ്വാസകരവുമായ പശ്ചാത്തല സൗകര്യമൊരുക്കുകയാണ് രജിസ്‌ട്രേഷന്‍ വകുപ്പ്. മുന്‍ ആധാരങ്ങള്‍ നഷ്ടപ്പെടാതെ ഏതു നിമിഷവും ലഭ്യമാവുന്ന രീതിയില്‍ ഡിജിറ്റലൈസ് ചെയ്യുന്നത് തുടരുകയാണ്. പുതിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് സുതാര്യവും കുറ്റമറ്റതും മികവുറ്റതുമായ സേവനങ്ങള്‍ ഉറപ്പാക്കി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.സി.സി റീജിയണല്‍ മാനേജര്‍ നീനാ സൂസന്‍ പുന്നന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 1.05 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ചാത്തമംഗലം വില്ലേജില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കൈവശമുള്ള 44 സെന്റ് സ്ഥലത്ത് 416.63 സ്‌ക്വയര്‍ മീറ്റര്‍ അളവിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഉത്തരമേഖല രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.സി. മധു സ്വാഗതവും ജില്ലാ രജിസ്ട്രാര്‍ കെ. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News