യു.പി.യിലെ എല്ലാ ഗ്രാമങ്ങളിലും സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാനുള്ള പദ്ധതിയുമായി ബി.ജെ.പി.

moonamvazhi
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരായ സഹകാരികളും തീരുമാനിച്ചു. ലഖ്‌നോവിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന സഹകരണ സെല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിങ്, ജനറല്‍ സെക്രട്ടറി ധര്‍മപാല്‍ സിങ്, സഹകരണമന്ത്രി ജെ.പി.എസ്. റാത്തോഡ് എന്നിവരും സംസ്ഥാനത്തെ പത്തു അപെക്‌സ് സഹകരണ ഫെഡറേഷനുകളുടെ ചെയര്‍മാന്മാരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തു സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ സഹകരണസന്ദേശമെത്തിക്കാനും കൂടുതല്‍ ജനങ്ങളെ സഹകരണമേഖലയുമായി അടുപ്പിക്കാനും എല്ലാ ഗ്രാമങ്ങളിലും സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാന്‍ യോഗം തീരുമാനിച്ചു.

അതേസമയം, സംസ്ഥാനതല സഹകരണ ഫെഡറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത ഏപ്രിലില്‍ നടത്താന്‍ സാധ്യതയുണ്ട്. മൂന്നു വര്‍ഷത്തിലധികമായി ഈ തിരഞ്ഞെടുപ്പ് മുടങ്ങിക്കിടക്കുകയാണ്. സംസ്ഥാനത്തെ 7479 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടമായി 1500 സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കും. ബാക്കിയുള്ളവ രണ്ടും മൂന്നും ഘട്ടങ്ങളിലായി കമ്പ്യൂട്ടര്‍വത്കരിക്കും.

Leave a Reply

Your email address will not be published.