യു.എല്‍.സി.സി.എസിന്റെ സഹായധനം വിതരണം ചെയ്തു
ജോലിയിലിരിക്കെ അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്) നല്‍കുന്ന 20 ലക്ഷം രൂപവീതമുള്ള സഹായധനം വടകര ഊരാളുങ്കലിലെ സൊസൈറ്റി ആസ്ഥാനത്ത് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വിതരണം ചെയ്തു.
വാഹനാപകടത്തില്‍ മരിച്ച നന്ദുപ്രശാന്ത്, തൊഴിലിടത്തില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച എം.കെ.രാജന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണി സഹായം നല്‍കിയത്. സംഘത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് സൊസൈറ്റിയും സൊസൈറ്റിയുടെ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് നല്‍കുന്ന കാഷ് അവാര്‍ഡും മന്ത്രി സമ്മാനിച്ചു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ ആര്‍.സി.റോഷന്‍രാജ്, റഷ്യയിലെ നോര്‍ത്തേണ്‍ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.ബി.എസ്. പ്രവേശനം നേടിയ അഥീന വിനയകുമാര്‍ എന്നിവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുവിതരണവും മന്ത്രി നിര്‍വഹിച്ചു. സംഘത്തിന്റെ മുന്‍പ്രസിഡന്റ് പി.കെ.ബാലകൃഷ്ണന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് സ്‌കോളര്‍ഷിപ്പ്.
സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ വി.കെ. അനന്തന്‍, മാനേജിങ് ഡയറക്ടര്‍, എസ്. ഷാജു, യു.എല്‍. എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍, ജനറല്‍ മാനേജര്‍ (അഡ്മിനിസ്‌ട്രേഷന്‍) ഷാബു കെ.പി., മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.