മൊറട്ടോറിയം ഇളവിന് തീരുമാനമായില്ല.അടുത്ത വാദം നവംബർ 2ന്

adminmoonam

മൊറട്ടോറിയം ഇളവിന് തീരുമാനമായില്ല.അടുത്ത വാദം നവംബർ 2ന്. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ, രണ്ടുകോടി രൂപ വരെയുള്ള വായ്പകൾക്ക് പലിശ ഇളവ് നൽകുന്നത് നടപ്പിലാക്കാൻ ഒരുമാസം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സാധാരണക്കാരന്റെ ദീപാവലി കേന്ദ്രത്തിന്റെ കയ്യിലാണെന്നും വിഷയം പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു.വിഷയത്തിൽ ഇതിനോടകം തീരുമാനം എടുത്ത പശ്ചാത്തലത്തിൽ, അത് നടപ്പാക്കാൻ എന്തിനാണ് കൂടുതൽ സമയം എടുക്കുന്നതെന്നും കോടതി ആരാഞ്ഞു. പലിശ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നവംബർ 15 വരെ സമയം വേണ്ടിവരുമെന്നും ബാങ്കുകൾക്കു വേണ്ടി ഹാജരായ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതി ഇക്കാര്യം ആരാഞ്ഞത്.ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി, എം.ആർ. ഷാ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

സാധാരണക്കാർ ആശങ്കയിലാണ്. രണ്ടുകോടി വരെ വായ്പയുള്ളവരുടെ കാര്യത്തിൽ ഞങ്ങൾക്ക് ഉത്കണ്ഠയുണ്ട്- ബെഞ്ച് പറഞ്ഞു. കോവിഡ് ലോക്ക്ഡൗൺ മൂലം വായ്പ തിരിച്ചടവ് മുടങ്ങിയ ആളുകൾക്ക് ആശ്വാസം നൽകുന്ന നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു . കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. അപ്പോൾ തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ കാലയളവിൽ രണ്ടുകോടി രൂപ വരെയുള്ള വായ്പകൾക്ക് കൂട്ടുപലിശ ഈടാക്കില്ലെന്ന് നേരത്തെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.

രണ്ടുകോടി രൂപ വരെ വായ്പ എടുത്തവർക്കാണ് കൂട്ടുപലിശ ഒഴിവായിക്കിട്ടുന്നത്. ചെറുകിട വ്യവസായങ്ങൾക്ക് ആയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ തുടങ്ങിയവയ്ക്കാണ് ഇളവ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News