മൂന്നാംവഴി അഞ്ചാം വര്‍ഷത്തിലേക്ക് –

Deepthi Vipin lal

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍, ലാഡര്‍ എന്നിവയുടെ ചെയര്‍മാനായ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന ‘ മൂന്നാംവഴി ‘ സഹകരണ മാസിക അഞ്ചാം വര്‍ഷത്തിലേക്കു കടക്കുകയാണ്. 47-ാം ലക്കം ( സെപ്റ്റംബര്‍ ) നാളെ പുറത്തിറങ്ങുന്നു.

അപ്പക്‌സ് കോ-ഓപ് ഫിനാന്‍സ് ആന്റ് ഡവലപ്‌മെന്റ് ലിമിറ്റഡ് എന്ന കേന്ദ്ര ബാങ്കിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏതൊക്കെ രീതിയിലാവും കേരളത്തിലെ സഹകരണ മേഖലയില്‍ ഇടപെടാന്‍ പോകുന്നത് എന്നും ഇത്തരമൊരു പരീക്ഷണത്തിന്റെ ലക്ഷ്യവും ഫലവും എന്താവാം എന്നുമുള്ള ആശങ്ക പങ്കുവെക്കുകയാണു കിരണ്‍ വാസു കവര്‍ സ്റ്റോറിയിലൂടെ ( കേന്ദ്ര ബാങ്ക് : എന്ത്, എങ്ങനെ ). കരുവന്നൂര്‍ സഹകരണ ബാങ്ക് സഹകരണ മേഖലയെയും സംസ്ഥാന സര്‍ക്കാരിനെയും പലതും പഠിപ്പിക്കുന്നുണ്ട്. അതേക്കുറിച്ചും കിരണ്‍ വാസു എഴുതുന്നു ( കരുവന്നൂര്‍ ബാങ്ക് നമ്മളെ പഠിപ്പിക്കുന്നത് ).

കേരളത്തിലെ സഹകരണ മേഖലയ്ക്കു ദിശാബോധം നല്‍കിയ വകുപ്പു മന്ത്രിമാരില്‍ മുന്നില്‍ത്തന്നെ സ്ഥാനമുള്ള എസ്. ശര്‍മയും ജി. സുധാകരനും ‘ മൂന്നാംവഴി ‘ യുടെ ചോദ്യങ്ങള്‍ക്കു വ്യക്തവും കൃത്യവുമായ മറുപടികള്‍ നല്‍കുന്നു. സഹകരണം കേരള സമ്പദ് വ്യവസ്ഥയുടെ രക്തയോട്ടമാണെന്നു ശര്‍മ പറയുമ്പോള്‍ സഹകരണ സ്ഥാപനം നാടിന്റെ സാമ്പത്തിക ദേവാലയമാണെന്നാണ് സുധാകരന്റെ ഉറച്ച വിശ്വാസം. ഇരുവരുടെയും വിശദമായ മുഖാമുഖം ( മുന്‍ സാരഥികള്‍ക്കും പറയാനുണ്ട് ) ഈ ലക്കത്തില്‍ വായിക്കാം ( വി.എന്‍. പ്രസന്നനും കുട്ടനാടനും തയാറാക്കിയത് ). ഇക്കൊല്ലത്തെ മികച്ച സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള സഹകരണ വകുപ്പിന്റെ അവാര്‍ഡുകള്‍ നേടിയ കാസര്‍കോട് പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ( യു.പി. അബ്ദുള്‍ മജീദ് ), എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘം ( വി.എന്‍. പ്രസന്നന്‍ ), മണ്ണാര്‍ക്കാട് സഹകരണ വിദ്യാഭ്യാസ സംഘം ( അനില്‍ വള്ളിക്കാട് ) എന്നിവയെക്കുറിച്ചുള്ള ഫീച്ചര്‍ ഈ ലക്കത്തിലെ വിശേഷ വായനവിഭവമാണ്. ഇന്ത്യന്‍ സഹകരണ മേഖലയ്ക്കു കരുത്തു പകര്‍ന്ന നെഹ്‌റു മുതല്‍ ഡോ. വര്‍ഗീസ് കുര്യന്‍ വരെയുള്ള സാരഥികളെക്കുറിച്ചെഴുതുന്നു ടി.ടി. ഹരികുമാര്‍. പുനരുജ്ജീവനം തേടുന്ന കുപ്പടം സാരി, നെല്ലില്‍ നേട്ടത്തിനു കെട്ടിനാട്ടി കൃഷിരീതി ( അനില്‍ വള്ളിക്കാട് ) എന്നീ ഫീച്ചറുകള്‍ക്കു പുറമെ സ്ത്രീശക്തി ( അഞ്ജു വി.ആര്‍ ), പൈതൃകം ( ടി. സുരേഷ് ബാബു ), കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്‍സ് കോര്‍ണര്‍ ( ടി.ടി. ഹരികുമാര്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ), വാര്‍ത്തകള്‍ വിശേഷങ്ങള്‍ എന്നീ സ്ഥിരം പംക്തികളും.

Leave a Reply

Your email address will not be published. Required fields are marked *

Latest News