മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ – സി.എം.ഒ പോർട്ടൽ മുഖേന പരാതികൾ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്ക് മാർഗനിർദേശങ്ങളായി..
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ആയ cmo.kerala.gov. മുഖേന കൈമാറി കിട്ടുന്ന സഹകരണവകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുള്ള പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ ഐ.ടി ഡിവിഷനിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നുണ്ട്. പരാതി പരിഹാരത്തിന് കൂടുതൽ വേഗതയും സുതാര്യതയും കൈവരിക്കുന്നതിനായി ഡിജിറ്റൽ രൂപത്തിൽ മാത്രമാണ് തുടർനടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. പരാതികൾ തീർപ്പാക്കുന്നതിന് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ സർക്കുലറിൽ പറയുന്നു.
പരാതി പരിഹാര സെൽ വഴി ലഭിക്കുന്ന പരാതികൾക്ക് മുഖ്യമായ പ്രാധാന്യം നൽകി എത്രയും വേഗം തീർപ്പു കൽപ്പിക്കേണ്ടതും അപേക്ഷകന് മറുപടി നൽകി ആയതിന്റെ പകർപ്പ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. അടിയന്തര സ്വഭാവമുള്ളതും സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടതുമായ പരാതികൾ സി.എം.ഒ പോർട്ടൽ വഴി കൈമാറി ലഭിക്കുന്നതിനാൽ പോർട്ടലിലെ ഇൻബോക്സ് നിരന്തരം പരിശോധിക്കേണ്ടതും പരാതികളിൽ സാധ്യമായ തീർപ്പ് 15 ദിവസത്തിനകം കൽപ്പിക്കേണ്ടതും ആയത് അപേക്ഷകനെ അറിയിക്കേണ്ടതുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും/ സഹകരണ രജിസ്ട്രാർ ഓഫീസിൽ നിന്നും റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പരാതികളിൽമേലുള്ള മുഖ്യമന്ത്രിയുടെ ഉത്തരവും മേലുദ്യോഗസ്ഥൻ നല്കുന്ന നിർദേശവും സമയപരിധിയും പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പരാതി കൈപ്പറ്റുന്ന ഉദ്യോഗസ്ഥൻ പരാതി, വിഷയം തന്റെ അധികാരപരിധിയിൽ ഉള്ളതാണെന്ന് ബോധ്യപ്പെടുത്തേണ്ടതും അല്ലെങ്കിൽ കൈപ്പറ്റുന്ന ദിവസം തന്നെ നിർദ്ദേശം/ കാരണം രേഖപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈ മാറേണ്ടതുമാണ്.
മന്ത്രിമാർ, എം.പി, എം.എൽ.എ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവരുടെ ആമുഖ കത്ത് സഹിതം ലഭിക്കുന്ന പരാതികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതും ജനപ്രതിനിധികൾക്ക് വ്യക്തമായ മറുപടി നൽകേണ്ടതുമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ള പരാതികൾക്ക് സി.എം.ഒ പോർട്ടൽ വഴി മാത്രം റിപ്പോർട്ട് സമർപ്പിക്കുക. യാതൊരു കാരണവശാലും ഫിസിക്കൽ ആയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ റിപ്പോർട്ട് സമർപ്പിക്കാൻ പാടുള്ളതല്ല. ജില്ലാതല ഉദ്യോഗസ്ഥർ മുഖാന്തരമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. എന്നാൽ ജില്ലാ കളക്ടർമാർ, റിപ്പോർട്ട് നേരിട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുള്ള കേസുകളിൽ മറ്റ് ഉദ്യോഗസ്ഥരും നേരിട്ട് പോർട്ടലിലൂടെ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
റിപ്പോർട്ട് ആവശ്യപ്പെടാത്ത കേസുകളിൽ സർക്കാർതലത്തിൽ നടപടി സ്വീകരിക്കേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുന്ന പക്ഷം അക്കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
റിപ്പോർട്ട് ആവശ്യപ്പെടാത്ത പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിച്ച് പരാതി കക്ഷിക്ക് മറുപടി നൽകേണ്ടതും സ്വീകരിച്ച നടപടിയും പരാതി കക്ഷിക്ക് നൽകിയ മറുപടിയും സി.എം.ഒ പോർട്ടലിൽ ഉൾപ്പെടുത്തി പരാതി തീർക്കേണ്ടതാണ്.
പരാതി പരിഹാര സെൽ മുഖേന കൈമാറുന്ന പരാതികൾ എല്ലാ ജോയിന്റ് രജിസ്ട്രാർമാരും സംസ്ഥാന ജില്ലാ സഹകരണ ബാങ്ക് മേധാവികളും വിവിധ വകുപ്പ് സ്ഥാപനങ്ങളുടെ മേധാവികളും സെക്ഷൻ സൂപ്രണ്ട്മാരും ഓഫീസ് തലവന്മാരും അവരവരുടെ സവിശേഷ ശ്രദ്ധ ചെലുത്തി തീർക്കേണ്ടതാണ്.
മുഖ്യമന്ത്രിക്ക് ഇ.മെയിൽ മുഖാന്തരം ലഭിക്കുന്ന പരാതികൾ ഇ.മെയിലായി ബന്ധപ്പെട്ടവർക്ക് നൽകുന്നതിനാൽ ഓഫീസുകളും ബാങ്കുകളും ഇ.മെയിലുകൾ, അതാത് സമയങ്ങളിൽ കൃത്യമായി നിരീക്ഷിച്ച് സമയബന്ധിതമായി പരാതികൾക്ക് തീർപ്പു കൽപ്പിക്കേണ്ടതാണ്.
മേൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ച വളരെ ഗൗരവമായി പരിഗണിക്കുന്നതും ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതുമാണെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ. ജയശ്രീ യുടെ ഉത്തരവിൽ പറയുന്നു.