മുംബൈയിലെ ഹൗസിങ് സൊസൈറ്റികളിലെ വിവേചനത്തിനെതിരെ സര്‍ക്കാരിന്റെ മുന്നറിയിപ്പ്

moonamvazhi

ഭവനനിര്‍മാണ സഹകരണസംഘങ്ങളില്‍ അംഗത്വം നല്‍കുന്നതില്‍ ജാതി, മതം, ഭാഷ, ലിംഗം തുടങ്ങിയവ മാനദണ്ഡമാക്കരുതെന്നും അങ്ങനെ ചെയ്താല്‍ നടപടിയെടുക്കുമെന്നും മുംബൈയിലെ ടി. വാര്‍ഡിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ മുന്നറിയിപ്പ് നല്‍കി. മനോജ് കൊടാക് എം.പി, മുളുന്ദിലെ എം.എല്‍.എ. മിഹിര്‍ കൊടേച്ച എന്നിവര്‍ നല്‍കിയ കത്തുകളെത്തുടര്‍ന്നാണു ഡെപ്യൂട്ടി രജിസ്ട്രാര്‍ എം.ബി. മാസ്‌കെ മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഓഫീസിനു സ്ഥലം അന്വേഷിച്ചുപോയ തനിക്ക് ഒരു ഹൗസിങ് സൊസൈറ്റിയില്‍നിന്നു വിവേചനം നേരിടേണ്ടിവന്നതായി കഴിഞ്ഞാഴ്ച തൃപ്തി ദേവ്‌റുഖ്കാര്‍ പരാതിപ്പെട്ടിരുന്നു. താന്‍ മഹാരാഷ്ട്രക്കാരിയാണെന്ന കാരണം പറഞ്ഞാണു തിരിച്ചയച്ചത് എന്നായിരുന്നു തൃപ്തിയുടെ പരാതി. ഇന്ത്യന്‍ ഭരണഘടനയും മഹാരാഷ്ട്ര സഹകരണസംഘം നിയമവുമനുസരിച്ച് ഇത്തരം വിവേചനങ്ങള്‍ നിയമവിരുദ്ധമാണെന്നു ഡെപ്യൂട്ടി രജിസ്ട്രാറുടെ ഓഫീസ് അഭിപ്രായപ്പെട്ടു. ഇത്തരം വിവേചനം നേരിടുന്നവര്‍ക്കു നിയമവ്യവസ്ഥയനുസരിച്ച് അംഗത്വം കൊടുക്കാന്‍ രജിസ്ട്രാര്‍ക്ക് എല്ലാ അധികാരവുമുണ്ടെന്നു നിയമവിദഗ്ധര്‍ പറഞ്ഞു.

ഒരു ജനാധിപത്യരാജ്യമെന്ന നിലയ്ക്കും ഭരണഘടനയനുസരിച്ചും എല്ലാവരും നിയമത്തിനു മുന്നില്‍ സമന്മാരാണെന്ന അടിസ്ഥാനതത്വം പിന്തുടരേണ്ടതുണ്ടെന്നു സഹകരണസംഘം റസിഡന്റ്‌സിന്റെയും വീടുകള്‍ ഉപയോഗിക്കുന്നവരുടെ ക്ഷേമസംഘടനയുടെയും പ്രസിഡന്റായ വിനോദ് സമ്പത്ത് അഭിപ്രായപ്പെട്ടു. മുളുന്ദിലെ ഒരു ഭവനനിര്‍മാണ സഹകരണസംഘത്തിന്റെ ചെയര്‍മാന്‍ ഒരു മഹാരാഷ്ട്രക്കാരിക്കു ഇതേപോലെ വീട് നല്‍കിയില്ലെന്നു സര്‍ക്കാര്‍ഭൂമികള്‍ അനുവദിക്കപ്പെട്ടവരുടെ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി വിക്രമാദിത്യ ധംധീര്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിച്ചപ്പോള്‍ സംഘം ഭാരവാഹികള്‍ക്കു മാപ്പു പറയേണ്ടിവന്നു. ഗുജറാത്തികളും മാര്‍വാഡികളും ഭൂരിപക്ഷം അംഗങ്ങളായുള്ള ചില സംഘങ്ങളില്‍ ഇത്തരത്തില്‍ അവരുടേതായ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ട്- വിക്രമാദിത്യ ആരോപിച്ചു.

അതേസമയം, ഇക്കാര്യത്തില്‍ ചില ഇളവുകളുണ്ടെന്നു വിനോദ് സമ്പത്ത് ചൂണ്ടിക്കാട്ടി. ദാദറിലെ പാര്‍സി കോളനിയില്‍ പാര്‍സികള്‍ക്കേ ഫ്‌ളാറ്റ് വാങ്ങാന്‍ പറ്റൂ. കാരണം, ആ ഭൂമി പാര്‍സി ട്രസ്റ്റിന്റേതാണ്. മുംബൈയില്‍ മാത്രം രണ്ടു ലക്ഷത്തിലധികം ഹൗസിങ് സൊസൈറ്റികളുണ്ടെന്നു ധംധീര്‍ പറഞ്ഞു. തങ്ങളുടെ സൗകര്യത്തിനനുസരിച്ചു നിയമങ്ങളുണ്ടാക്കുന്ന ഹൗസിങ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ കടുത്ത നിയമം കൊണ്ടുവരണമെന്നു അദ്ദേഹം സംസ്ഥാനസര്‍ക്കാരിനോടാവശ്യപ്പെട്ടു. വസുധൈവ കുടുംബകം ( ലോകം ഒരു കുടുംബം ) എന്ന സര്‍ക്കാര്‍നയത്തിനു വിരുദ്ധമാണിത് – അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News