മില്ലുടമുകളുടെ തര്‍ക്കത്തില്‍ അനുനയം; നെല്ല് സംഭരണം തുടങ്ങുന്നു

[mbzauthor]

മില്ലുകളുടെ നിസ്സഹകരണത്തെ തുടര്‍ന്ന് നടപ്പാക്കാനാവാതിരുന്ന നെല്ല് സംഭരണം തുടങ്ങാന്‍ ധാരണയായി. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അടുത്തദിവസം മുതല്‍ സംഭരണം തുടങ്ങാമെന്ന് യോഗത്തില്‍ മില്ലുടമകള്‍ ഉറപ്പു നല്‍കി. ഈ മാസം 21 മുതല്‍ നെല്ല് സംഭരണം തുടങ്ങേണ്ടതായിരുന്നു. മില്ലുടമകള്‍ അതിന് തയ്യാറാവാതിരുന്നതിനെത്തുടര്‍ന്നാണ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.

പാലക്കാട് ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങളുടെ സഹായത്തോടെ നെല്ല് സംഭരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രൊസസിങ് ചാര്‍ജുള്‍പ്പെടെയുള്ള വിഷയങ്ങളുന്നയിച്ച് മില്ലുകള്‍ ഉടക്കി. നേരത്തെ രണ്ടുതവണ മില്ലുടമകളുമായി ചര്‍ച്ച നടെത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്താനായിരുന്നില്ല. പ്രോസസിംഗ് ചാര്‍ജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉടന്‍ മില്ലുടമകളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

നൂറ് ക്വിന്റല്‍ നെല്ല് പ്രോസസ് ചെയ്താല്‍ 68 കിലോ അരി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതാണ് പ്രധാന പ്രശ്‌നമായി മില്ലുടമകള്‍ ഉന്നയിച്ചിരുന്നത്. മില്ലുടമകളുടെ അഭ്യര്‍ത്ഥനമാനിച്ച് ഇതിനെക്കുറിച്ച് പഠനം നടത്താന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട അരി 64.5 കിലോ ആക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. ഈയിനത്തില്‍ സര്‍ക്കാരിന് 67 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടായത്. ഇന്ധന ചെലവ് സംബന്ധിച്ച മില്ലുടമകളുടെ പരാതികള്‍ക്കും സര്‍ക്കാര്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രിമാര്‍ മില്ലുടമകളെ അറിയിച്ചു. യോഗതീരുമാനപ്രകാരം കരാറില്‍ ഒപ്പിടുമെന്നും നെല്ല് സംഭരണപ്രക്രിയ ഊര്‍ജ്ജിതമാക്കുമെന്നും മില്ലുടമകള്‍ യോഗത്തില്‍ അറിയിച്ചു.കാര്‍ഷികോത്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിന്‍ഹ, ഭക്ഷ്യ, സിവില്‍ സപ്ലൈസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സപ്ലൈകോ എംഡി എം.എസ്. ജയ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.