മില്‍മ ബസ് ഓണ്‍ വീല്‍സ്  കൂടുതല്‍ കേന്ദ്രങ്ങളിലേക്ക്

Deepthi Vipin lal

പഴയ കെ.എസ്.ആര്‍ .ടി.സി. ബസ്സുകള്‍ നവീകരിച്ച് ഭക്ഷണശാലകളാക്കുന്ന മില്‍മയുടെ
ബസ് ഓണ്‍ വീല്‍സ് പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.
40 കേന്ദ്രങ്ങളില്‍ക്കൂടി ബസ്സുകളിലെ ഭക്ഷണശാലകള്‍ തുടങ്ങും. ഡിസംബറോടെ
ഇവ പ്രവര്‍ത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ളവ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി
വ്യാപിപ്പിക്കാനുള്ള തീരുമാനം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പദ്ധതി തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ പത്തു സ്ഥലങ്ങളിലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന് സമീപമാണ്
ഭക്ഷണശാലകള്‍ തുടങ്ങിയത്. ഇവിടങ്ങളില്‍ ഇത് വിജയകരമായതോടെ
ഈ വര്‍ഷം കൂടുതല്‍ കേന്ദ്രങ്ങളില്‍ക്കൂടി ആരംഭിച്ചു. കോവിഡ് സാഹചര്യത്തിലും
പ്രതിമാസം ഒരു ലക്ഷം രൂപ ഒരു ബസ്സില്‍ നിന്നും മില്‍മയ്ക്ക് വരുമാനമായി കിട്ടുന്നുണ്ട്.

ലോ ഫ്‌ളോര്‍ ബസ്സുകളും സൂപ്പര്‍ ഫാസ്റ്റുകളും ഉള്‍പ്പടെ കെ.എസ്.ആര്‍.ടി.സി.യുടെ ഉപയോഗശൂന്യമായ ബസ്സുകളാണ് മില്‍മ വാടയ്‌ക്കെടുക്കുന്നത്. പത്തു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് വാടകയ്ക്ക് എടുത്തത്. ബസ് പിന്നീട് രൂപമാറ്റം വരുത്തി ഭംഗിയാക്കുന്നു. ഇതിനായി അഞ്ച് ലക്ഷം രൂപയ്ക്കടുത്താണ് ചെലവ്. രണ്ട് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെട്ടിവയ്ക്കുന്നു. പ്രതിമാസം 20,000 രൂപ വാടകയും നല്‍കണം. ഇതെല്ലാം കഴിഞ്ഞും പദ്ധതി ലാഭത്തിലാണെന്നാണ് വിലയിരുത്തല്‍.

മിക്കവാറും ബസ്സുകളെല്ലാം എ.സി. ആയതിനാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകുന്നുണ്ട്. ഒരേ സമയം എട്ടു പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. ചായ ഉള്‍പ്പടെയുള്ള പാനീയങ്ങളും ലഘുഭക്ഷണവുമാണ് ഭക്ഷണശാലകളിലുള്ളത്. ഇതോടൊപ്പം മില്‍മയുടെ മറ്റ് ഉല്‍പ്പന്നങ്ങളും കിട്ടും. കവര്‍ പാലും നെയ്യും തൈരുമുള്‍പ്പടെ മില്‍മയുടെ 32 ഉല്‍പ്പന്നങ്ങള്‍ക്കും മില്‍മ ഓണ്‍ വീല്‍സില്‍ നല്ല വില്‍പ്പനയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു.

Leave a Reply

Your email address will not be published.