മാലിന്യം പ്രകൃതിവാതകമാക്കാന്‍ നാഫെഡ്

[mbzauthor]

സ്റ്റാഫ് പ്രതിനിധി

രാജ്യത്താകെ ഒരു ഏകീകൃത മാലിന്യ സംസ്‌കരണ പദ്ധതിക്ക് നാഫെഡ് രൂപം നല്‍കിയിരിക്കുകയാണ്. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് പ്രകൃതിവാതകവും ജൈവവളവും ഉല്‍പ്പാദിപ്പിക്കുന്നതാണ് ഈ പദ്ധതി. കേരളത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് ഇതില്‍ വലിയൊരു പങ്ക് വഹിക്കാനാവും

അന്തരീക്ഷ മലിനീകരണം ഒരു വിപത്തായി രാജ്യത്തെ ആകെ കീഴടക്കിത്തുടങ്ങിയതോടെയാണ് കോടതികളും സര്‍ക്കാരും ബദല്‍ സാധ്യത തേടാനുള്ള നിര്‍ദേശം നല്‍കിയത്. വാഹനങ്ങള്‍ മലിനീകരണം കുറയ്ക്കുന്ന സാങ്കേതികതയിലേക്ക് മാറണമെന്ന് വ്യവസ്ഥ വന്നു. ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സുപ്രീം കോടതിതന്നെ നിര്‍ദേശിച്ചിരുന്നു. പ്രകൃതിവാതകത്തിലേക്ക് വാഹനങ്ങള്‍ മാറണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ഒരുങ്ങിത്തുടങ്ങി. എന്നാല്‍, വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണം മാത്രമല്ല രാജ്യം നേരിടുന്നത്. മാലിന്യ സംസ്‌കരണം ഒരു വലിയ പ്രതിസന്ധിയായി അലട്ടുന്നുണ്ട്. ഗംഗ ഉള്‍പ്പടെയുള്ള നദികള്‍ മാലിന്യമുക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കി. കേരളത്തിലടക്കം മാലിന്യ സംസ്‌കരണം ഒരു കീറാമുട്ടിയായി കിടക്കുകയാണ്. ജനസാന്ദ്രത കൂടിയ സംസ്ഥാനം എന്നതും കേരളത്തിന്റെ ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നുണ്ട്. മാലിന്യങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ ജനവാസ കേന്ദ്രങ്ങളില്‍ പറ്റാത്ത സ്ഥിതിയാണ്. അതിനാല്‍, കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് പകരം വികേന്ദ്രീകത മാലിന്യ സംസ്‌കരണ ( ഉറവിട മാലിന്യ സംസ്‌കരണം ) ത്തിനാണ് കേരളം ഊന്നല്‍ നല്‍കുന്നത്. ഇതുപോലും പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കഴിയുന്നില്ല.

ഈ ഘട്ടത്തിലാണ് രാജ്യത്താകെ നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതിക്ക് നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( നാഫെഡ് ) രൂപം നല്‍കിയിട്ടുള്ളത്. സഹകരണ സംഘങ്ങളിലൂടെ മാലിന്യ സംസ്‌കരണം എന്ന ആശയമാണ് നാഫെഡ് മുന്നോട്ടുവെക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ സംസ്ഥാനത്തും അവിടത്തെ സാഹചര്യത്തിനനുസരിച്ച് പദ്ധതി ക്രമീകരിക്കുകയാണ് നാഫെഡ് ചെയ്യുന്നത്. ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് പ്രകൃതിവാതകവും ജൈവവളവും ഉല്‍പാദിപ്പിക്കുന്നതാണ് പദ്ധതി. പ്രകൃതിവാതകം ഏറ്റെടുത്ത് വിതരണം നടത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി നാഫെഡ് ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലാകെ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ച് പ്രകൃതി വാതകം ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. സി.എന്‍.ജി. വാഹനങ്ങള്‍ കൂടുതല്‍ വിപണിയിലെത്തുന്നതിന്റെ സാധ്യത ഉള്‍ക്കൊണ്ടാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പദ്ധതിയുടെ ഭാഗമായത്. മാലിന്യ സംസ്‌കരണമാണ് പ്രധാന ലക്ഷ്യമെന്നതിനാല്‍ സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പാക്കും. ഇതിനായി, ഓരോ സംസ്ഥാനത്തെയും സര്‍ക്കാരുകളുമായി പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് നാഫെഡ് ധാരണാപത്രമുണ്ടാക്കും. സംസ്ഥാന സര്‍ക്കാരുകളുമായി ഇതിനുള്ള ചര്‍ച്ച നടത്തിവരികയാണ്. ചില സര്‍ക്കാരുകള്‍ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിത്തുടങ്ങി. പദ്ധതി സംബന്ധിച്ച് കേരള സര്‍ക്കാരുമായി നാഫെഡ് ഉടന്‍ ചര്‍ച്ച നടത്തും. പദ്ധതിയുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചശേഷമാകും ചര്‍ച്ച.

20 കോടിയിലേറെ രൂപ ചെലവു വരുന്ന സംസ്‌കരണ പ്ലാന്റാണ് നാഫെഡ് സ്ഥാപിക്കുന്നത്. ഇതിന്റെ ചെലവ് പൂര്‍ണമായി നാഫെഡ് വഹിക്കും. താല്‍പര്യമുള്ളവരില്‍നിന്ന് സ്വകാര്യ പങ്കാളിത്തവും സ്വീകരിക്കുന്നുണ്ട്. നാലേക്കര്‍ സ്ഥലമാണ് പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ടത്. ഇത് ദീര്‍ഘകാല പാട്ടത്തിന് നല്‍കണമെന്നാണ് നാഫെഡിന്റെ ആവശ്യം. ദുര്‍ഗന്ധമോ മാലിന്യം ശേഖരിക്കുന്നതിന്റെയോ സംസ്‌കരിക്കുന്നതിന്റെയോ ബുദ്ധിമുട്ടോ പ്രദേശവാസികള്‍ക്ക് ഉണ്ടാകാത്തവിധമാണ് പ്ലാന്റിന്റെ ക്രമീകരണം. അഹമ്മദാബാദില്‍ പ്ലാന്റ് പ്രവര്‍ത്തനഘട്ടത്തിലായി. ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലും പ്ലാന്റ് പണിയാന്‍ ധാരണയായിട്ടുണ്ട്. മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായി നാഫെഡ് ചര്‍ച്ച നടത്തിവരികയാണ്.

സഹകരണ സംഘങ്ങളുടെ പങ്കാളിത്തം

മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളുടെ ദേശീയ ഫെഡറേഷനാണ് നാഫെഡ്. കാര്‍ഷിക ഉല്‍പന്ന സംസ്‌കരണ-വിപണന മേഖലയില്‍ പ്രാഥമിക, ഫെഡറല്‍ സഹകരണ സംഘങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ നാഫെഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ തയാറാക്കിയ മാലിന്യ സംസ്‌കരണ പദ്ധതിയും സഹകരണ സംഘങ്ങളെക്കൂടി പങ്കാളിയാക്കി നടപ്പാക്കാനുള്ള ശ്രമവും നാഫെഡ് നടത്തുന്നുണ്ട്. നാലേക്കര്‍ സ്ഥലമുള്ള ഏതു സഹകരണ സംഘത്തിനും ഈ പദ്ധതി നടപ്പാക്കാമെന്നാണ് നാഫെഡ് നല്‍കിയ നിര്‍ദേശം. ഫാമുകളും കാര്‍ഷിക പദ്ധതികളും നടത്തുന്ന സംഘങ്ങള്‍ക്ക് ഏറെ സഹായകരമാകുന്ന വിധത്തിലാണിത്. ഫാം മാലിന്യങ്ങള്‍ ജൈവവളവും പ്രകൃതി വാതകവുമാക്കി മാറ്റാനാകും. ഇതിനുള്ള പ്ലാന്റ് നാഫെഡിന്റെ ചെലവില്‍ സ്ഥാപിക്കാം. പ്രകൃതിവാതകം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുമ്പോള്‍ സംഘങ്ങള്‍ക്ക് അതില്‍നിന്ന് വരുമാനം ലഭിക്കും. ജൈവവളം പൂര്‍ണമായി കാര്‍ഷികാവശ്യത്തിന് സംഘങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. ഇതാണ് സഹകരണ സംഘങ്ങള്‍ക്ക് മുമ്പില്‍ നാഫെഡ് വെച്ച നിര്‍ദേശം.

പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സ്ഥലം നല്‍കാമെന്ന് ചില മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ നാഫെഡിനെ പ്രാഥമികമായി അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇങ്ങനെ പ്ലാന്റ് നിര്‍മിച്ചാലും അവിടേക്ക് ആവശ്യമുള്ള ജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയെന്നത് കേരളത്തിന്റെ പരിതസ്ഥിതിയില്‍ ശ്രമകരമാണ്. അത്രത്തോളം ഫാം മാലിന്യങ്ങള്‍ കേരളത്തിലുണ്ടാവില്ല. അതിനാല്‍, നഗരമാലിന്യങ്ങള്‍ ആവശ്യമായി വരും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉണ്ടാകണം. ഇതിനാണ് സര്‍ക്കാരുമായി ധാരണയിലെത്തേണ്ടത്. അതിന് ശേഷമേ സഹകരണ സംഘങ്ങളിലൂടെയും പദ്ധതി നടപ്പാക്കാനാകൂ.

മറ്റ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക ഫാമില്‍നിന്നുള്ള മാലിന്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ നഗരമാലിന്യമാണ് ഏറെ ആശ്രയിക്കേണ്ടിവരിക. പ്ലാസ്റ്റിക് ഒഴികെയുള്ള നഗരമാലിന്യങ്ങളും അറവു മാലിന്യങ്ങളും ഉപയോഗിക്കാനാവും. 100 ടണ്‍ മാലിന്യമാണ് ഒരു ദിവസം വേണ്ടത്. അഹമ്മദാബാദില്‍ ജൈവമാലിന്യങ്ങള്‍ പ്ലാന്റില്‍ എത്തിച്ചുനല്‍കുന്നവര്‍ക്ക് കിലോയ്ക്ക് ഒരു രൂപ നാഫെഡ് നല്‍കുന്നുണ്ട്. കേരളത്തിലെ അറവുശാലകളില്‍നിന്നുള്ള മാലിന്യങ്ങള്‍ ഈ പ്ലാന്റുകള്‍ക്ക് കൈമാറണമെന്ന വ്യവസ്ഥ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൊണ്ടുവന്നാല്‍ പ്ലാന്റ് പ്രവര്‍ത്തനം എളുപ്പമാകും. ജൈവവളം വിതരണം ചെയ്യുന്നതിന് കേന്ദ്രീകൃത വിപണന രീതി കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞാലും നേട്ടമാകും. ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സഹായം ഉറപ്പുവരുത്താനാണ് നാഫെഡ് ശ്രമിക്കുന്നത്.


കേരളത്തിന്റെ നേട്ടം

പദ്ധതികളേറെ നടപ്പാക്കിയിട്ടും പരിഹരിക്കാനാവാത്ത പ്രശ്‌നമാണ് കേരളത്തില്‍ മാലിന്യ സംസ്‌കരണം. അറവു മാലിന്യങ്ങളാണ് ഏറ്റവും വലിയ പ്രശ്‌നം. ശാസ്ത്രീയ അറവുശാലകളോ അറവുശാലകളോട് ചേര്‍ന്ന് മാലിന്യ സംസ്‌കരണ സംവിധാനമോ കേരളത്തിലില്ല. അതിനാല്‍, അറവുമാലിന്യങ്ങളെല്ലാം പുഴകളിലും തോടുകളിലും തള്ളുന്നതാണ് കേരളത്തിന്റെ ശീലം. ഇങ്ങനെ മാലിന്യം തള്ളാന്‍ കരാരെടുക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ കേരളത്തിലുണ്ട്. പുഴയുടെ തീരമാണ് കേരളത്തിലെ അറവുശാല. ഇത് മാലിന്യം തോട്ടിലേക്കും പുഴകളിലേക്കും തള്ളാനുള്ള എളുപ്പത്തിന് വേണ്ടിയാണ്. നീരൊഴുകുന്നിടമെല്ലാം മാലിന്യം തള്ളാനുള്ള സുരക്ഷിത താവളമായി. പുഴകളും തോടുകളും നീര്‍ച്ചാലുകളുമെല്ലാം ഒഴുക്ക് നിലച്ച് കുഴമ്പുരൂപത്തിലുള്ള വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയായി. പകര്‍ച്ച വ്യാധികള്‍ കേരളത്തെയും വേട്ടയാടിത്തുടങ്ങി. ഇതോടെയാണ് മണ്ണും വെള്ളവും ശുചിയാകണമെന്നും മാലിന്യമില്ലാത്ത നഗരം വേണമെന്നുമുള്ള ബോധം മലയാളിക്കുണ്ടായത്. സര്‍ക്കാര്‍ തയാറാക്കിയ ‘ഹരിതകേരളമിഷന്‍’ മാലിന്യമുക്തമായ നാടിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുള്ളതാണ്. ഒട്ടേറെ നദികളും തോടുകളും ജലാശയങ്ങളും ഹരിതകേരള മിഷന്റെ പദ്ധതികളിലൂടെ ശുചീകരിച്ചിട്ടുണ്ട്. ആലപ്പുഴയിലും കണ്ണൂരിലും പുഴ വീണ്ടെടുക്കല്‍ ജനകീയമായി നടപ്പാക്കി. പക്ഷേ, മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഈ പദ്ധതികളും ശ്രമങ്ങളുമെല്ലാം പാഴാവുകയാണ്.

നഗരമാലിന്യം കെട്ടിക്കിടക്കുന്നതില്‍നിന്ന് റോഡുകളെ മോചിപ്പിക്കാനായിട്ടില്ല. മാലിന്യ സംസ്‌കരണത്തിന് സ്ഥലം കണ്ടെത്താന്‍ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ് കേരളം. സംസ്‌കരണ കേന്ദ്രങ്ങള്‍ മാലിന്യക്കൂമ്പാരമായി മാറുന്നതിനാല്‍ പ്രദേശവാസികളുടെ എതിര്‍പ്പാണ് ഇതിന് കാരണം. ഇതിനൊക്കെ പരിഹാരമുണ്ടാക്കാനുള്ള പദ്ധതിയാണ് കേന്ദ്രസ്ഥാപനമായ നാഫെഡ് ഇപ്പോള്‍ തയാറാക്കിയിട്ടുള്ളത്. അതിനാല്‍, എതിര്‍പ്പുയരാത്ത വിധം പദ്ധതി നടപ്പാക്കാനാവുമെന്നാണ് നാഫെഡ് നല്‍കുന്ന ഉറപ്പ്. നാഫെഡിന്റെ പദ്ധതി ഒരു അവസരമായി ഉപയോഗപ്പെടുത്താന്‍ കേരളത്തിനായാല്‍ അത് വലിയ നേട്ടമാകും. പ്രത്യേകിച്ച് അറവുമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍. ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കാറില്ല.

കേരളത്തില്‍ ബ്രഹ്മഗിരി, മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യ എന്നിവക്ക് മാത്രമാണ് ശാസ്ത്രീയ അറവുശാലയും മാലിന്യ സംസ്‌കരണ സംവിധാവുമുള്ളത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ആറ് മാലിന്യ സംസ്‌കരണ യൂണിറ്റ് നിര്‍മിക്കുന്നുണ്ടെങ്കിലും അതൊന്നും പൂര്‍ത്തിയായിട്ടില്ല. എല്ലാ പഞ്ചായത്തുകളിലും അറവുശാലകളുണ്ട്. ഇവയ്‌ക്കൊന്നും ലൈസന്‍സില്ല. ഇവിടെയൊന്നും ശാസ്ത്രീയ സംസ്‌കരണ സംവിധാനമില്ല. ഇവിടങ്ങളിലുള്ള മാലിന്യങ്ങളാണ് കേരളത്തിലും പുഴകളിലും തോടുകളിലും ഒഴിഞ്ഞ വയലുകളിലും തള്ളുന്നത്. ഈ പ്രശ്‌നത്തിനുള്ള പരിഹാരം നാഫെഡിന്റെ പുതിയ പദ്ധതിയിലൂടെ ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അറവുശാലകള്‍ക്ക് സ്വന്തമായി സംസ്‌കരണ യൂണിറ്റ് വേണമെന്ന് ഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നില്ല. ഏതെങ്കിലും കേന്ദ്രീകൃത സംസ്‌കരണ കേന്ദ്രം ഉണ്ടായാലും മതി. ഈ ഇളവ് തദ്ദേശ സ്വയംഭരണങ്ങള്‍ ഉപയോഗിച്ചാല്‍ മാലിന്യപ്രശ്‌നം പരിഹരിക്കാനാവും. നാഫെഡിന് പ്ലാന്റിലേക്ക് മാലിന്യം നല്‍കണമെന്ന് വ്യവസ്ഥ ഉള്‍പ്പെടുത്തി അറവുശാലകള്‍ക്ക് അനുമതി നല്‍കിയാല്‍ മതി. പ്ലാന്റില്‍ എത്തിക്കുന്ന മാലിന്യത്തിന് പണം നല്‍കുമെന്ന് നാഫെഡ് അറിയിച്ചിട്ടുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തി കൂടുംബശ്രീ പോലുള്ള കൂട്ടായ്മകള്‍ക്ക് മാലിന്യം ശേഖരിച്ച് എത്തിക്കാനുള്ള ചുമതല നല്‍കാം. അറവുശാലകള്‍ മാലിന്യം ഇവര്‍ക്കുതന്നെ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഇല്ലെങ്കില്‍ കര്‍ശന നടപടി എടുക്കുകയയും ചെയ്താല്‍ അറവുമാലിന്യത്തില്‍നിന്ന് കേരളത്തെ ഒരു പരിധിവരെ മോചിപ്പിക്കാനാവും. ഇതിന് ദൂരപരിധി ഉറപ്പാക്കി പ്ലാന്റ് നിര്‍മിക്കേണ്ടിവരും. അതിന് നാഫെഡിനെ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

[mbzshare]

Leave a Reply

Your email address will not be published.