മാര്‍ക്കറ്റിങ് സംഘത്തിന് സ്വര്‍ണപ്പണയ വായ്പ നല്‍കാം – സര്‍ക്കാര്‍
മാര്‍ക്കറ്റിങ് സഹകരണ സംഘം സ്വര്‍ണപ്പണയ വായ്പ നല്‍കുന്നത് തടയണമെന്ന പ്രാഥമിക സഹകരണ ബാങ്കിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സഹകരണ വകുപ്പ് ഹിയറിങ് നടത്തിയാണ് ബാങ്കിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അംഗങ്ങളുടെ താല്‍പര്യത്തിനും ക്ഷേമത്തിനും വേണ്ടി മാര്‍ക്കറ്റിങ് സംഘം നടത്തുന്ന പ്രവര്‍ത്തനത്തെ തെറ്റായി കാണാനാവില്ല. ഒരു സഹകരണ സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യം കൂടി പരിഗണിക്കുമ്പോള്‍ സ്വര്‍ണപ്പണയ വായ്പ ഒരു ക്രെഡിറ്റ് ആക്ടിവിറ്റി എന്ന നിലയില്‍ മാത്രം കണക്കാക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവിന്റെ ഉള്ളടക്കം.
ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സഹകരണ സംഘത്തിനെതിരെ എരിമയൂര്‍ സര്‍വീസ് സഹകരണ ബാങ്കാണ് പരാതി നല്‍കിയത്.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലെ മുഴുവന്‍ പ്രദേശങ്ങളും പ്രവര്‍ത്തനപരിധിയാക്കി 1965 ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സഹകരണ സംഘം. ഈ സംഘത്തിന്റെ നിയമാവലിയില്‍ സ്വര്‍ണപ്പണയ വായ്പ നല്‍കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കി. എന്നാല്‍, മാര്‍ക്കറ്റിങ് സംഘങ്ങള്‍ക്ക് വായ്പാ പ്രവര്‍ത്തനം നടത്തുന്നതിന് അനുമതി നല്‍കേണ്ടതില്ലെന്ന് 2009 ഡിസംബര്‍ 22ന് സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ അപേക്ഷ ജോയിന്റ് രജിസ്ട്രാര്‍ തള്ളി.
നിയമാവലി ഭേദഗതി തള്ളിയ നടപടിയില്‍ സംഘം സര്‍ക്കാരിന് അപ്പീല്‍ നല്‍കി. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന സംഘത്തിന്റെ പ്രാഥമിക ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാതെ എ , ഡി ക്ലാസ് അംഗങ്ങള്‍ക്ക് സ്വര്‍ണപ്പണയ വായ്പ നല്‍കുന്നതിനുള്ള വ്യവസ്ഥ അംഗീകരിച്ചുനല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ ഘട്ടത്തിലാണ് എരിമയൂര്‍ സഹകരണ ബാങ്ക് ഇടപെടുന്നത്. മാര്‍ക്കറ്റിങ് സംഘം ക്രെഡിറ്റ് ബിസിനസ് നടത്തുന്നത് തടയണമെന്ന് കാണിച്ച് ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു. ആലത്തൂര്‍ മാര്‍ക്കറ്റിങ് സംഘത്തിന് സ്വര്‍ണപ്പണയ വായ്പ നല്‍കുന്നതിനുള്ള അനുമതി കോടതി റദ്ദാക്കി. എരിമയൂര്‍ ബാങ്കിനെക്കൂടി കേട്ട് ഇതില്‍ തീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കി.
മാര്‍ക്കറ്റിങ് സംഘത്തിന് വായ്പാസംഘങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അനുമതി നല്‍കിയാല്‍ അത് പ്രവര്‍ത്തനമേഖലയില്‍ അതിവ്യാപനം ഉണ്ടാക്കുമെന്നായിരുന്നു എരിമയൂര്‍ ബാങ്കിന്റെ വാദം. മാര്‍ക്കറ്റിങ് വിഭാഗത്തില്‍പ്പെടുന്ന സംഘങ്ങള്‍ക്ക് ക്രെഡിറ്റ് സംഘത്തിന്റെ പ്രവര്‍ത്തനം അനുവദിക്കാന്‍ സഹകരണ നിയമപ്രകാരം കഴിയില്ലെന്നും ബാങ്ക് വാദിച്ചു.
മാര്‍ക്കറ്റിങ് സംഘത്തിന് അനുകൂലമായാണ് ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊതുവിതരണ സാധനങ്ങളുടെ വിതരണം വഴി ലഭിക്കുന്ന കമ്മീഷനായിരുന്നു ആലത്തൂര്‍ മാര്‍ക്കറ്റിങ് സംഘത്തിന്റെ പ്രധാന വരുമാനം. റേഷന്‍കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന ചുമതലയില്‍നിന്ന് സംഘത്തെ ഒഴിവാക്കിയതോടെ പ്രധാന വരുമാന സ്രോതസ് ഇല്ലാതായി. വൈവിധ്യമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് സംഘത്തിന് അതിജീവിക്കാനുള്ള വഴി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതിനാലും സെക്രട്ടറിയും മതിയായ സ്ഥിരം ജീവനക്കാരും ഉള്ളതിനാലും സ്വര്‍ണപ്പണയ വായ്പ അനുവദിക്കാമെന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ നിലപാട് അറിയിച്ചു.
പ്രവര്‍ത്തന മേഖലയില്‍ അതിവ്യാപനം ഉണ്ടാകുമെന്ന എരിമയൂര്‍ ബാങ്കിന്റെ വാദം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു മാര്‍ക്കറ്റിങ് സംഘത്തിന്റെ വാദം. രണ്ടും വ്യത്യസ്ത വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങളാണ്. മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ നിയമാവലി അനുസരിച്ച് സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം പിരിക്കുകയോ കടം എടുക്കുകയോ സംഭാവനയോ നിക്ഷേപമോ സ്വീകരിക്കുകയോ ചെയ്യാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ പൊതുലക്ഷ്യം നേടുന്നതിന് സഹായകമായ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ അധികാരമുണ്ടെന്നും അവര്‍ സര്‍ക്കാരിനെ അറിയിച്ചു.
ഈ വാദങ്ങളെല്ലാം വിലയിരുത്തിയ ശേഷമാണ് മാര്‍ക്കറ്റിങ് സംഘത്തിന് സ്വര്‍ണപ്പണയ വായ്പ നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയെന്ന സംഘത്തിന്റെ പ്രാഥമിക ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാതെ എ , ഡി ക്ലാസ് അംഗങ്ങള്‍ക്ക് സ്വര്‍ണപ്പണയത്തില്‍ വായ്പ നല്‍കാമെന്നാണ് ഉത്തരവ്.
[mbzshare]