മഹാരാഷ്ട്ര സംസ്ഥാന ബാങ്കിന് 609 കോടി രൂപ അറ്റലാഭം
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 2022-23 സാമ്പത്തികവര്‍ഷം 609 കോടി രൂപയുടെ അറ്റലാഭം നേടി. ബാങ്കിന്റെ 112-ാം വാര്‍ഷിക പൊതുയോഗത്തില്‍ അംഗങ്ങള്‍ക്കു പത്തു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 2023 മാര്‍ച്ച് 31 നു ബാങ്കിന്റെ സ്വന്തം ഫണ്ട് മുന്‍വര്‍ഷത്തേക്കാള്‍ 534 കോടി രൂപ വര്‍ധിച്ച് 6,561 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം വിറ്റുവരവ് 45,064 കോടി രൂപയാണ്.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന അറ്റമൂല്യ ( Net worth ) മുള്ള ഏക സഹകരണ ബാങ്ക് മഹാരാഷ്ട്ര ബാങ്കാണെന്നു വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വര്‍ഷത്തേതിനേക്കാള്‍ 20 ശതമാനം ( 651 കോടി രൂപ ) വര്‍ധിച്ച് ഇപ്പോള്‍ ബാങ്കിന്റെ അറ്റമൂല്യം 3,879 കോടി രൂപയാണ്. 26,450 കോടി രൂപയാണു ബാങ്ക് വായ്പയായി നല്‍കിയിട്ടുള്ളത്. നിക്ഷേപം 18,614 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2,453 കോടി രൂപ കുറവാണിത്. തുടര്‍ച്ചയായി ഒമ്പതു വര്‍ഷം മഹാരാഷ്ട്ര ബാങ്ക് പത്തു ശതമാനം ഡിവിഡന്റ് നല്‍കിവരുന്നുണ്ട്. ബാങ്കിന്റെ ചരിത്രത്തിലാദ്യമായി ഇക്കൊല്ലം ഐ.എസ്.ഒ- 27001-2013 സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.